|    Nov 14 Wed, 2018 1:56 am
FLASH NEWS
Home   >  Editpage  >  Editorial  >  

സ്വാതന്ത്ര്യം അപകടത്തില്‍?

Published : 19th August 2018 | Posted By: kasim kzm

എനിക്ക് തോന്നുന്നത് – ജലാലുദ്ദീന്‍, മാണിയൂര്‍

ഇപ്രാവശ്യം സ്വാതന്ത്ര്യദിനം പെരുമഴയില്‍ മുങ്ങിപ്പോയി. എന്നാല്‍, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വീണ്ടുവിചാരവും പുനരാലോചനയും പുതിയ സാഹചര്യത്തില്‍ അനിവാര്യമായി വന്നിരിക്കുകയാണ്. ഇന്ത്യയിലേക്ക് കച്ചവട ആവശ്യാര്‍ഥം കടന്നുവന്ന് വെട്ടിപ്പിടിച്ചാണ് ബ്രിട്ടിഷുകാര്‍ രാജ്യത്തെ കോളനിയാക്കിയത്. ആദ്യം എത്തിയ അവരുടെ കപ്പലില്‍ സോപ്പ്, ചീര്‍പ്പ്, കണ്ണാടിയായിരുന്നു. പിന്നെ വന്ന കപ്പലുകളില്‍ തോക്ക്, ചങ്ങല, പീരങ്കിയും. തുടര്‍ന്നങ്ങോട്ട് സന്ധിയില്ലാ സമരങ്ങളിലൂടെയാണ് ഇന്ത്യന്‍ ജനത സ്വാതന്ത്ര്യം തിരിച്ചുപിടിച്ചത്.
സ്വാതന്ത്ര്യസമര നേതാക്കള്‍ ലക്ഷ്യമിട്ടത് ഒരു ജനാധിപത്യ മതേതര രാഷ്ട്രമായിരുന്നു. അന്നു ദോഷൈകദൃക്കുകളായ നിരീക്ഷകരില്‍ ചിലര്‍, രാജ്യം ഒന്നോ രണ്ടോ വര്‍ഷത്തിനകം അസഹിഷ്ണുതയുടെയും മതനിന്ദയുടെയും പേരില്‍ പല തവണ വിഭജിക്കേണ്ടിവരുമെന്നു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ജനാധിപത്യത്തിനും മതേതരത്വത്തിനും ചില്ലറ കോട്ടങ്ങള്‍ വന്നെങ്കിലും ഇന്ത്യ ഇന്നും ജനാധിപത്യ മതേതര രാഷ്ട്രമായി നിലനില്‍ക്കുന്നു. പക്ഷേ, ഇന്ത്യയുടെ സമകാലിക സാഹചര്യം എടുത്തുനോക്കിയാല്‍ ഏറെ നിരാശാജനകമായ ചിത്രങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.
2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് നരേന്ദ്ര മോദി എത്തിയത് രാജ്യത്തെ ഭൂരിപക്ഷം പൗരന്‍മാര്‍ക്കും വലിയ നടുക്കം ഉളവാക്കി. പശുവിനെ ദൈവമായി ഗണിച്ച് അതിനെ അറുക്കലും വില്‍ക്കലും തടയാന്‍ ഗോസംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഗുണ്ടാസംഘങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ടക്കൊലകള്‍ അവരുടെ നടുക്കം ശരിയായിരുന്നെന്നു വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ അഖ്‌ലാഖ് മുതല്‍ രാജസ്ഥാനിലെ ആല്‍വാറിലെ റക്ബര്‍ ഖാന്‍ വരെ നീണ്ടുനില്‍ക്കുന്നു ആള്‍ക്കൂട്ടക്കൊലയുടെ ഇരകള്‍.
സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും എടിഎമ്മില്‍ നിന്നു പണമെടുക്കാനുമുള്ള സ്വാതന്ത്ര്യമേ ബാക്കിയുള്ളൂ എന്നൊരു തോന്നല്‍ പലര്‍ക്കുമുണ്ട്. എന്നാല്‍, ഇതൊന്നുമല്ല സ്വാതന്ത്ര്യം. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാനും ധരിക്കാനും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യമാണ് അവര്‍ക്കു വേണ്ടത്. ആ സ്വാതന്ത്ര്യം നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും കാലത്ത് ഏതാണ്ട് നിലനിന്നിരുന്നു. 200 പശുക്കളുമായി ഈയിടെ മോദി സന്ദര്‍ശിച്ച ആഫ്രിക്കയിലെ ജനങ്ങള്‍ പശുവിനെ വളര്‍ത്തുന്നതുപോലെ തന്നെയാണ് രാജസ്ഥാനിലും ഹരിയാനയിലും യുപിയിലും മനുഷ്യര്‍ പശുക്കളെ വളര്‍ത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ബഹുസ്വരതയുടെ ചരിത്രം പശുവാദികള്‍ മറക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 25ന് ഇന്ദിരാഗാന്ധിയുടെ കാലത്തുണ്ടായ അടിയന്തരാവസ്ഥ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ചു. എന്നാല്‍, ഭരണം നിലനിര്‍ത്താനാണ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനം അവര്‍ക്കെതിരേ വിധിയെഴുതി സ്ഥാനഭ്രഷ്ടയാക്കി. കേന്ദ്രമന്ത്രി ഹിറ്റ്‌ലറോട് ഇന്ദിരാഗാന്ധിയെ ഉപമിക്കുന്നതിനു മുമ്പ് തന്റെ നേതാവായ നരേന്ദ്ര മോദിയെ മറന്നു.
കാരണം, അന്ന് ഇന്ദിര നടത്തിയത് പ്രഖ്യാപിത അടിയന്തരാവസ്ഥയാണെങ്കില്‍ ഇന്ന് നാട്ടില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അര്‍ധരാത്രിയുള്ള അപ്രഖ്യാപിത നോട്ടു നിരോധനവും ജിഎസ്ടി പ്രഖ്യാപനവുമൊക്കെ അതിന്റെ തെളിവുകള്‍ മാത്രം. അതിന്റെ ഏറ്റവും പുതിയ പ്രകടനമായാണ് അസം പൗരത്വ കരടു പട്ടികയെ നാം കാണേണ്ടത്. തങ്ങളുടെ ഭരണത്തിനു ഭീഷണിയായി വരുന്നവര്‍ക്ക് പൗരത്വം നിഷേധിച്ച് അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങളുടെ ഒരു പൈലറ്റ് പ്രൊജക്ടാണ് അസമില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്.
വര്‍ഗീയവാദവും അസഹിഷ്ണുതയും ഇന്ത്യയില്‍ നിന്നു തുടച്ചുനീക്കപ്പെടണം. അതിന് ഇന്ത്യന്‍ ജനതയ്ക്കു മാത്രമേ സാധിക്കൂ. ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന ചൊല്ല് തെളിയിക്കണം. പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന വ്യവസ്ഥയുടെ പുനസ്ഥാപനത്തിനായി ജനങ്ങള്‍ കൈകോര്‍ക്കേണ്ടതുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss