|    Sep 25 Tue, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ധാര്‍മിക തകര്‍ച്ചയ്ക്കിടയാക്കും: ഇ അബൂബക്കര്‍

Published : 10th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികതയും സ്വവര്‍ഗ വിവാഹവും നിയമവിധേയമാക്കിയ സുപ്രിംകോടതി ഉത്തരവ് സമൂഹത്തിലെ ധാര്‍മികവും സാംസ്‌കാരികവുമായ അപചയത്തിന് ആക്കംകൂട്ടുമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കിയതിലൂടെ നിര്‍ഭാഗ്യവശാല്‍, മനുഷ്യവംശത്തോളം പഴക്കമുള്ള പ്രകൃതിനിയമത്തിന് എതിരായാണു സുപ്രിംകോടതി നിലപാട് എടുത്തിരിക്കുന്നത്. മനുഷ്യന്‍ മാത്രമല്ല, എല്ലാ ജന്തുവിഭാഗങ്ങളും സ്ത്രീയും പുരുഷനുമായാണു നിലകൊള്ളുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്വാഭാവിക ലൈംഗികതയാണ് ലോകത്ത് സാധാരണനിലയില്‍ കണ്ടുവരുന്നത്. സ്വവര്‍ഗ ലൈംഗികത തികച്ചും പ്രകൃതിവിരുദ്ധമാണ്. സന്താനോല്‍പാദനത്തിനും തലമുറകളിലൂടെയുള്ള മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുമുള്ള നിയമപരമായ മാര്‍ഗമായി എല്ലാ മതങ്ങളും സംസ്‌കാരങ്ങളും അംഗീകരിച്ചിട്ടുള്ളതു വിവാഹത്തെയാണ്. സ്വവര്‍ഗ വിവാഹത്തിനു നിയമപരിരക്ഷ ലഭിക്കുന്നത് കുടുംബവ്യവസ്ഥയുടെ തകര്‍ച്ചയ്ക്കും അരാജകത്വത്തിന്റെയും അധാര്‍മികതയുടെയും വിജയഭേരിക്കും വഴിയൊരുക്കും. സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണമായി കൊട്ടിഘോഷിക്കുന്നവര്‍, എല്ലാ സ്വാതന്ത്ര്യങ്ങളും വിവേകപൂര്‍വമായ ചില നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്ന വസ്തുതയെ കണ്ടില്ലെന്നു നടിക്കുകയാണ്. മൗലികാവകാശങ്ങളായി ഗണിക്കപ്പെടുന്ന ഓരോ സ്വാതന്ത്ര്യത്തിനുമേലും പൊതു അച്ചടക്കവും ധാര്‍മികതയും മുന്‍നിര്‍ത്തി നമ്മുടെ ഭരണഘടന തന്നെ വിവേകപൂര്‍വമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇഷ്ടമുള്ളതു ഭക്ഷിക്കാനും ഇഷ്ടമുള്ളതു സംസാരിക്കാനുമുള്ള പൗരന്റെ അടിസ്ഥാന അവകാശത്തിനു മേല്‍ വ്യാപകമായ ഭീഷണി ഉയരുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നതിനെ നമ്മുടെ നീതിപീഠം കണ്ടില്ലെന്നു നടിക്കുന്നതു വിരോധാഭാസമാണ്. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കു നിയമപരിരക്ഷ ലഭിക്കുന്നതോടെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ വിധി സുപ്രിംകോടതി പുനപ്പരിശോധിക്കണമെന്നും സ്വവര്‍ഗ ലൈംഗികതയും സ്വവര്‍ഗവിവാഹവും ക്രിമിനല്‍ക്കുറ്റമാക്കി നിയമം പുനസ്ഥാപിക്കണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss