|    Nov 14 Wed, 2018 11:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വവര്‍ഗരതി നിയമവിധേയം

Published : 7th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്നു സുപ്രിംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് കോടതി ഭാഗികമായി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍ എന്നിവരുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണു വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ ഒഴികെ മറ്റു നാലു ജഡ്ജിമാരും തങ്ങളുടെ വിധിന്യായങ്ങള്‍ പ്രത്യേകം വായിച്ചു. വിഷയത്തില്‍ എല്ലാ ജഡ്ജിമാര്‍ക്കും ഒരേ നിലപാടാണെന്നും മറ്റു വിധിന്യായങ്ങള്‍ അനുബന്ധങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നര്‍ത്തകന്‍ നവതേജ് സിങ് ജോഹര്‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവരാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന 377ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി ഉള്‍പ്പെടെ പ്രമുഖ അഭിഭാഷകരാണ് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായത്. കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.
377ാം വകുപ്പ് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നാണ് വിധിയില്‍ പറയുന്നത്. സമൂഹത്തിന്റെ മൂല്യങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കരുത്. ഒരാള്‍ എന്താണോ അതുപോലെ ജീവിക്കാനാവണം. ജനാധിപത്യത്തെ കാത്തുസംരക്ഷിക്കുന്നതു പോലെ സ്വകാര്യതയും കാത്തുസംരക്ഷിക്കണം. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗാനുരാഗം കുറ്റകരമല്ല. ജീവിതത്തിന്റെ അര്‍ഥം തന്നെ സ്വതന്ത്രമായി ജീവിക്കുക എന്നതാണ്; ഭയത്തോടു കൂടി ജീവിക്കുക എന്നതല്ല. ഇത് മാന്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള അവരുടെ യാത്രയാണ്. പ്രണയം ആരോട് തോന്നുന്നുവെന്നത് നിയന്ത്രിക്കേണ്ട കാര്യമല്ലെന്നും വിധിയില്‍ പറയുന്നുണ്ട്. ലൈംഗികാഭിമുഖ്യം ജന്മനാ ഉണ്ടാവുന്നതാണ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന സാമൂഹിക, മാനസികപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങണമെന്നും നരിമാന്റെ വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്.
377ാം വകുപ്പ് ഉണ്ടാക്കിയ ദുരന്തങ്ങളും മാനസികപീഡകളും ഇല്ലാതാക്കാന്‍ നടപടികള്‍ വേണമെന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തന്റെ വിധിന്യായത്തില്‍ പറയുന്നത്. മെക്കാളെയുടെ പാരമ്പര്യം സ്വതന്ത്ര ഭരണഘടന നിലവില്‍വന്ന് 68 വര്‍ഷം കഴിഞ്ഞിട്ടും നിലനില്‍ക്കുന്നു. എന്താണ് ‘പ്രകൃതിവിരുദ്ധം,’ എന്താണ് അനുവദനീയം, എന്താണ് അനുവദനീയമല്ലാത്തത് തുടങ്ങിയ അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ടത് ഭരണകൂടമല്ല. ഇക്കാലമത്രയും സാമൂഹികഭ്രഷ്ട് കല്‍പിച്ചതിന് സ്വവര്‍ഗാനുരാഗികളുടെ സമൂഹത്തോട് ചരിത്രം മാപ്പുപറയണമെന്നാണ് ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss