|    Mar 18 Sun, 2018 7:14 pm
FLASH NEWS

സ്വര്‍ണ പ്രതിമയുടെ പേരില്‍ തട്ടിപ്പ്: മൂന്നുപേര്‍ പിടിയില്‍

Published : 23rd November 2016 | Posted By: SMR

കൊട്ടാരക്കര: സ്വര്‍ണ്ണ പ്രതിമകളെന്ന പേരില്‍ ലോഹബിംബങ്ങള്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പോലിസ് പിടിയില്‍. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍  ആരോപിക്കുന്നു. തിരുവനന്തപുരം നേമം കാരയ്ക്കാ മണ്ഡപം പ്ലാവിള വീട്ടില്‍ ബഷീറിന്റെ ഭാര്യ ലത്തീഫ(54) , നെടുമങ്ങാട്  പൂവത്തൂര്‍  ചെല്ലംകോട് കോണത്ത് വീട്ടില്‍ സുനില്‍ (44) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ലത്തീഫയുടെ ഭര്‍ത്താവ് ബഷീര്‍ (64) ഓടി രക്ഷപ്പെട്ടു. കിള്ളൂരില്‍ വാടകയ്ക്കു താമസിച്ച് തട്ടിപ്പിനു ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും ഇരുപത്തിയഞ്ചോളം സ്വര്‍ണ്ണം പൂശിയ ലോഹ ബിംബങ്ങളും കണ്ടെടുത്തു. സംഭവത്തെ കുറിച്ചു പോലിസ് പറയുന്നത-ബഷീര്‍, ഭാര്യ ലത്തീഫ, സുനില്‍കുമാര്‍ എന്നിവര്‍ രണ്ടു മാസമായി കിള്ളൂര്‍  കൃഷ്ണഭവനില്‍ ഗീതയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. വട്ടപ്പാറയില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് ഇവര്‍ ഗീതയെ അറിയിച്ചു. വസ്തു കാണാനായി വീട്ടമ്മയ്‌ക്കൊപ്പം വട്ടപ്പാറയിലെത്തിയ സംഘം വീട്ടില്‍ ചാക്കുകളില്‍ ഒളിപ്പിച്ചു വച്ചിരുന്ന ലോഹ ബിംബങ്ങള്‍ വീട്ടമ്മയെ കാട്ടുകയും ഇവ സ്വര്‍ണ്ണമാണെന്നു അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ദേവീദേവന്‍മാരുടെ രൂപങ്ങളായിരുന്നു എല്ലാം. വിശ്വാസ്യതയ്ക്കായി ബിംബത്തില്‍ നിന്നും അടര്‍ത്തിയെടുത്തതെന്ന പേരില്‍ സ്വര്‍ണ്ണത്തിന്റെ കഷ്ണവും നല്‍കി. തിരികെ കിള്ളൂരില്‍ വീട്ടിലെത്തിയ ഇവര്‍ വിലയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗീത വിവരം പോലിസില്‍ അറിയിക്കുകയുമായിരുന്നു. ബിംബങ്ങള്‍ ഉരുക്കി വില്‍ക്കാന്‍ പതിനഞ്ച് ലക്ഷം രൂപ സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടുവത്രെ. തങ്ങള്‍ എത്തുമ്പോഴേക്കും ബഷീര്‍ ഓടി രക്ഷപ്പെട്ടെന്നും സുനില്‍കുമാറിനെയും ലത്തീഫയേയും കസ്റ്റഡിയിലെടുത്തതായും പോലിസ് പറയുന്നു.എന്നാല്‍ പോലിസ് പറയുന്ന കഥയില്‍ ദുരൂഹതകളുണ്ടെന്നു കിള്ളൂരിലെ പരിസരവാസികള്‍ പറയുന്നു. തട്ടിപ്പു കാരാണെന്ന് അറിഞ്ഞു കൊണ്ടാണ് ഇവര്‍ക്ക് വീട്ടമ്മ താമസമൊരുക്കിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കം കൈയേറ്റത്തിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പോലിസിനെ വിളിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതിമകളുടെ ഇടപാട് മാത്രമല്ല കള്ളനോട്ട് സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായതായി ആരോപണമുണ്ട്. സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഒഴിവാക്കാനും പങ്കാളിയായ വീട്ടമ്മയെ കേസില്‍ നിന്നും ഒഴിവാക്കാനും ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായതായും ആരോപണം ഉയരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss