|    Apr 23 Mon, 2018 3:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വര്‍ണ നിയന്ത്രണം;തിളക്കംവിട്ട് പൊള്ളുന്ന ആശങ്കയിലേക്ക്

Published : 2nd December 2016 | Posted By: SMR

ഇ ജെ ദേവസ്യ

കോഴിക്കോട്: കറന്‍സി നിരോധനത്തില്‍ ആശങ്ക വേണ്ടെന്ന് കഴിഞ്ഞ 22 ദിവസമായി കേന്ദ്രം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പച്ച ജീവിതം പരിവട്ടത്തിലായ സാധാരണക്കാര്‍ സ്വര്‍ണനിയന്ത്രണത്തില്‍ ആശങ്കപ്പെടേണ്ടെന്ന കേന്ദ്ര തലോടലും സ്വീകരിക്കാന്‍ പോവുന്നില്ല. നവംബര്‍ എട്ടുമുതല്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്ന അഭിപ്രായവും ആശങ്കയുമായിരുന്നു ഇനി വരുന്നത് സ്വര്‍ണ നിയന്ത്രണമാവുമെന്നുള്ളത്. ഒരിക്കലും നിയന്ത്രണമുണ്ടാവില്ലെന്നു പറയുമ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നാണ് മറുചോദ്യം.1994ല്‍ സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിശ്ചയിച്ച പരിധി ഒന്നുകൂടി പ്രഖ്യാപിച്ചെന്നേ ഉള്ളൂവെന്ന വിശദീകരണത്തിനും ശരാശരിക്കാരെ സമാധാനിപ്പിക്കാനാവില്ല. കേന്ദ്രം പണംവിട്ട് പണ്ടം പിടിക്കുമ്പോള്‍ ശരാശരി കുടുംബങ്ങളുടെ സാമൂഹിക ജീവിതത്തിന്റെതന്നെ താളംതെറ്റുമെന്നാണ് ആശങ്ക. വിവാഹിതയ്ക്ക് കൈവശം വയ്ക്കാവുന്നത് 500 ഗ്രാം, അവിവാഹിതയുടെ കൈയ്യില്‍ പരമാവധി 250 ഗ്രാം, പുരുഷനാണെങ്കില്‍ 100 ഗ്രാം എന്നൊക്കെ ആരു നിശ്ചയിച്ചു എന്ന് വിശദീകരിക്കപ്പെടാത്ത പരിധികളാണ് സ്വര്‍ണത്തിന്റെ കൈവശാവകാശത്തില്‍ വരുന്ന നിബന്ധനകള്‍. ഈ പരിധി ലംഘിച്ചാല്‍ സ്വര്‍ണം പിടിച്ചെടുക്കപ്പെടാം. നാട്ടിന്‍പുറങ്ങളിലെ സ്വര്‍ണ നിക്ഷേപ സൂക്ഷിപ്പ് രീതികള്‍ക്കാണ് സത്യത്തില്‍ സ്വര്‍ണത്തിന്് കരുതല്‍ നിക്ഷേപം എന്ന വിശേഷണം കൂടുതല്‍ അര്‍ഥവത്താകുന്നത്. സ്വര്‍ണക്കുറിയില്‍ ചേര്‍ന്നവരും പല സ്വകാര്യ ജ്വല്ലറികളുടെയും സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്നവരും കൂട്ടുസ്വത്തായി വരുന്ന സമ്പാദ്യങ്ങളിലെ കൊച്ചുകൊച്ചു സ്വര്‍ണ സമ്പാദ്യങ്ങളുമൊന്നും ഒരിക്കലും കേന്ദ്ര നിര്‍ദേശമനുസരിച്ച് ഉറവിടം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നവയല്ല. അടിക്കടി വിലയിടിഞ്ഞ് നട്ടെല്ലു തകര്‍ന്ന റബര്‍, നാളികേരം, കശുവണ്ടി കര്‍ഷകരും സര്‍ക്കാര്‍ -സ്വകാര്യ മേഖലകളിലെ ചെറുകിട ജീവനക്കാരും മല്‍സ്യത്തൊഴിലാളികളും ഒക്കെ ‘സ്വര്‍ണം അരിക്കുംപോലെ’ മകളെയും മരുമക്കളെയും പേരക്കുഞ്ഞിനെയും ഒക്കെയോര്‍ത്ത് കരുതിവച്ചതു നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടാല്‍ കുറ്റം പറയാനാവില്ല. ഉള്ളതിന്റെ ഉറവിടം വെളിപ്പെടുത്തിയാല്‍തന്നെ കുറ്റവാളികളാവുന്ന നിബന്ധനകളാണ് വരുന്നത്. കൈയിലുള്ള സ്വര്‍ണം വിറ്റഴിക്കാന്‍ നോക്കിയാലും സ്വര്‍ണ വിപണിയിലേക്ക് പരിധിയില്‍ കൂടുതല്‍ സ്വര്‍ണം വന്ന് വില്‍പനയും വിപണിയും മൂക്കുകുത്തിയാല്‍ പലരുടെയും സ്വകാര്യ സ്വര്‍ണ നിക്ഷേപ പദ്ധതികളും താളംതെറ്റും. ഫലത്തില്‍ കൈകൡ പണമിരുന്നാലും അതുമുടക്കി സ്വര്‍ണം വാങ്ങിയാലും കുടുങ്ങുമോ എന്ന ആശങ്ക ഉയരുമെന്ന് ഉറപ്പാണ്. സ്വര്‍ണ വിപണി തന്നെ തകരുമ്പോള്‍ സ്വകാര്യ സ്വര്‍ണ നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള ആശങ്കയ്ക്ക് അര്‍ഥമില്ലാതാവും. വിപണിയില്‍ ആവശ്യമില്ലെങ്കില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യേണ്ടതില്ലല്ലോ. വിപണി തകരുമ്പോള്‍ സര്‍ക്കാരിന്റെ നികുതി വരുമാനക്കമ്മി മറ്റുപല രീതിയിലും നികത്തപ്പെടുന്നതും കഴുത്തറ്റം മൂടിനില്‍ക്കുന്ന സാധാരണക്കാരന്റെ തലയില്‍ കയറ്റി വെച്ചു തന്നെയാവും. ഫലത്തില്‍ നിത്യജീവിതത്തിനു മേല്‍ ഒരു മാസത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ മിന്നലാക്രമണമാണ് ഇത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss