|    Oct 19 Thu, 2017 2:55 pm
FLASH NEWS
Home   >  Sports  >  Athletics  >  

സ്വര്‍ണ ചിറകുള്ള മോ ഫറ

Published : 5th August 2017 | Posted By: ev sports

ലണ്ടന്‍: 16ാമത് ലോക അത്‌ലറ്റിക് മീറ്റിന് ലണ്ടനില്‍ ട്രാക്കുണര്‍ന്നു. ആദ്യ ദിനം തന്റ പതിവ് ആവര്‍ത്തിച്ച് ബ്രിട്ടണ്‍ താരം മോ ഫറ 10,000 മീറ്ററില്‍ സ്വര്‍ണം കഴുത്തിലണിഞ്ഞു. ദീര്‍ഘദൂരത്തില്‍ താന്‍ തന്നെ രാജാവെന്ന് തെളിയിച്ച് കൊണ്ട് ആധികാരിക ജയമാണ് ഫറ സ്വന്തമാക്കിയത്. 10,000 മീറ്ററില്‍  2 6 .49.53  സമയത്തില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് ഫറ തന്റെ അവസാന ലോക ചാംപ്യന്‍ഷിപ്പ് അനശ്വരമാക്കിയത്.   2013ല്‍ മോസ്‌ക്കോയിലും 2015ല്‍ ബെയ്ജിങിലും ഫറ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.34കാരനായ ഫറെയുടെ മികച്ച തുടക്കമായിരുന്നില്ലെങ്കിലും അവസാന സമയത്തെ കുതിപ്പ് വിജയത്തിലേക്കെത്തിക്കുകയായിരുന്നു. ഫറയുടെ ആറാം ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണമാണിത്. കരിയറിലെ 10ാം സ്വര്‍ണവും.  ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പിറന്ന മികച്ച രണ്ടാമത്തെ സമയമാണിത്. 2014ല്‍ ഉഗാണ്ടയുടെ ജോഷ്വാ ചെപ്‌റ്റേഗിയുടെ പേരിലാണ് റെക്കോഡ് സമയം (26. 49. 94). ലണ്ടനിലെ സ്വര്‍ണ നേട്ടത്തോടെ കെനിയയുടെ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പോള്‍ ടൗനിയുടെ (26. 50. 60) റെക്കോഡ് ഫറ തിരുത്തി എഴുതി. അതേ പോലെ അത്‌ലറ്റിക് മീറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഏഴ് താരങ്ങള്‍ 27 മിനിറ്റിനുള്ളില്‍ 10,000 മീറ്റര്‍  പൂര്‍ത്തിയാക്കുന്നത്.10,000 മീറ്റര്‍ മല്‍സരം കടുത്തതായിരുന്നു. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. അതിന് കാരണം എന്റെ അനുഭവ സമ്പത്താണ്. നന്നായി പരിശീലനം നടത്തിയാല്‍ എല്ലാം സാധ്യമാണ്. അത് ഞാന്‍ എന്റെ പ്രകടനത്തിലൂടെ തെളിയിച്ചു. മല്‍സര ശേഷം ഫറ പ്രതികരിച്ചു.ആദ്യ ലാപ്  61 സെക്കന്റുകള്‍കൊണ്ട് പൂര്‍ത്തിയാക്കിയ ഫറ 800 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 2.05.96 സമയമെടുത്തു. ശക്തരായ എതിരാളികളുണ്ടായിരുന്നെങ്കിലും അവസാന 100 മീറ്ററില്‍ ഫറ ആധിപത്യം നേടിയെടുത്തു.10,000 മീറ്ററിലെ രണ്ടാം സ്ഥാനം ഉഗാണ്ടയുടെ ജോഷ്വാ ചെപ്റ്റഗി (26. 49. 94) സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനം കെനിയയുടെ പോള്‍ ടനൂയിയും (26. 50. 60) നേടിയെടുത്തു.ലോകം കാത്തിരിക്കുന്ന 100 മീറ്റര്‍ ഹീറ്റ്‌സില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് സെമി ഫൈനലില്‍ പ്രവേശിച്ചു. ഹീറ്റ്‌സില്‍ 10. 07 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് ബോള്‍ട്ട് സെമി ഫൈനല്‍ യോഗ്യത നേടിയത്. എന്നാല്‍ വിടവാങ്ങള്‍ മല്‍സരത്തില്‍ എളുപ്പത്തില്‍ സ്വര്‍ണം നേടാന്‍ ബോള്‍ട്ടിന് കഴിയില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജസ്റ്റിന്‍ ഗാഡ്‌ലിനും(10.05) , ക്രിസ്റ്റ്യന്‍ കോളമെനും (10.01) പുറത്തെടുത്തത്. ജമൈക്കയുടെ യോഹന്‍ ബ്ലേക്ക് (10.13), ജൂലിയന്‍ ഫോര്‍ട്ട് (9.99), ജപ്പാന്റെ സാനി ബ്രൗണ്‍ (10.05), ചൈനയുടെ ബിങ്ട്യന്‍ സൂ (10.03) എന്നിവരും ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്തി മല്‍സര രംഗത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക