|    Mar 23 Thu, 2017 11:51 am
FLASH NEWS

സ്വര്‍ണമീന്‍ കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാം

Published : 3rd August 2015 | Posted By: admin

ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള അലങ്കാര മല്‍സ്യമാണ് ഗോള്‍ഡ് ഫിഷ്. ദിനംതോറും പുതിയ പുതിയ മീനുകള്‍ അക്വേറിയം വിപണിയിലേക്ക്് കടന്നുവരുന്നുണ്ടെങ്കിലും ഗോള്‍ഡ് ഫിഷിന്റെ പ്രചാരത്തിന് ഇടിവ് സംഭവിച്ചിട്ടില്ല. പുതിയ ഗോള്‍ഡ്ഫിഷ് ഇനങ്ങളും ഇതോടൊപ്പം ഈ രംഗത്തുള്ളവര്‍വികസിപ്പിച്ചെടുത്തിട്ടുമുണ്ട്്. കേരളത്തിലെ അനുകൂല കാലാവസ്ഥയും ശുദ്ധജല ലഭ്യതയും അലങ്കാരമല്‍സ്യകൃഷിക്ക്്, പ്രത്യേകിച്ച്് ഗോള്‍ഡ് ഫിഷിന്റെ കൃഷിക്ക് അനുയോജ്യമാണ്. ഇത് തിരിച്ചറിഞ്ഞ് നിരവധിപേര്‍ നമ്മുടെ നാട്ടിലും ഈ രംഗത്തേക്ക്് കടന്നുവന്നിട്ടുണ്ട്്. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന്, പ്രത്യേകിച്ചും തമിഴ്‌നാട്ടില്‍ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിവലുതാക്കുകയാണ് ഇവരില്‍ പലരും ചെയ്യുന്നത്. എന്നാല്‍ അല്‍പമൊന്ന് ശ്രമിച്ചാല്‍ ഗോള്‍ഡ് ഫിഷിന്റെ കുഞ്ഞുങ്ങളെ കേരളത്തിലും വിരിയിപ്പിച്ചെടുക്കാം. ഇതിന് ഏറ്റവും പറ്റിയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. മഴ കിട്ടുന്നതും പ്രജനനത്തിന് ഏറ്റവും ആവശ്യമുള്ള ജീവനുള്ള തീറ്റയുടെ ലഭ്യതയും തന്നെ കാരണം.
തുടക്കക്കാര്‍ക്ക്് പോലും വലിയ വൈദഗ്ദധ്യമില്ലാതെ ചെയ്യാവുന്ന കാര്യമാണ് ഗോള്‍ഡ് ഫിഷ് പ്രജനനം. എന്നാല്‍ അല്‍പം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാത്രം. ഇതില്‍ പ്രധാനം നല്ല മാതൃപിതൃമല്‍സ്യങ്ങളെ ലഭിക്കുക എന്നതാണ്. 10 സെ മീ വലുപ്പമെങ്കിലും മീനുകള്‍ക്കുണ്ടാവണം.

കാഴ്ചയില്‍ ഒരു പോലെയായിരിക്കും എന്നതിനാല്‍ ആണ്‍-പെണ്‍ മല്‍സ്യങ്ങളെ തിരിച്ചറിയുക പ്രയാസമാണ്. കടയില്‍ ഇവയെ വില്‍ക്കുന്നവര്‍ക്കു പോലും പലപ്പോഴും ഇവയെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. പ്രജനനത്തിന് പ്രായമായ ആണ്‍മല്‍സ്യങ്ങളുടെ ചെകിളയില്‍ എഴുന്നുനില്‍ക്കുന്ന ചെറു തരികളാണ് ഏറ്റവും പ്രകടമായ ലക്ഷണം. ആണ്‍മല്‍സ്യങ്ങള്‍ പൊതുവേ മെലിഞ്ഞ് നീണ്ടശരീശപ്രകൃതമുള്ളവയായിരിക്കും. പെണ്‍മീനുകള്‍ തടിച്ച് ഉരുണ്ടും. ഇത് ടാങ്കിന് മുകളില്‍ നിന്ന് നോക്കി മനസിലാക്കുന്നതാണ് കൂടുതല്‍ നല്ലത്.തടിച്ചുരുണ്ട പേള്‍സ്‌കെയില്‍ പോലെയുള്ള ഇനങ്ങള്‍ക്ക് ഈ വ്യത്യാസം അത്രയക്ക്് പ്രകടമായിരിക്കില്ല. അതിനാല്‍ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണനിറമുള്ള സാധാരണഗോള്‍ഡ് ഫിഷിനെ (common goldfish) നെ പ്രജനനം ചെയ്യിക്കുന്നതാണ് എളുപ്പം. കൂട്ടത്തില്‍ നിന്ന്് തിരഞ്ഞെടുക്കുമ്പോള്‍ വയര്‍വീര്‍ത്ത്് ഉരുണ്ട മീനുകള്‍ പെണ്ണാണെന്ന്്് കരുതാവുന്നതാണ്.
നല്ല മീനുകളെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അവയെ പ്രജനനത്തിന് തയ്യാറാക്കേണ്ടതുണ്ട്്്. ഗോള്‍ഡ് ഫിഷിന്റെ തന്നെ കുടുംബക്കാരനായ കോയ് കാര്‍പ്പ്് പോലുള്ള അലങ്കാരമീനുകളില്‍ പലതിനും പ്രജനനത്തിന് ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ ഉപയോഗിക്കാറുണ്ടെങ്കിലും സ്വര്‍ണമീനുകള്‍ക്ക്് അതിന്റെ ആവശ്യമില്ല. എന്നാല്‍ മീനുകളെ നല്ല തീറ്റകൊടുത്ത് പരിചരിച്ചശേഷമേ മുട്ടയിടീക്കാനാവൂ.
പ്രജനനം നാം ആഗ്രഹിക്കുന്ന ദിവസം തന്നെ നടക്കുന്നതിനും ആസമയത്ത്് ഇണചേരുന്നതിനു താല്‍പര്യം ഉണ്ടാക്കുന്നതിനും വേണ്ടി ആണ്‍ പെണ്‍ മല്‍സ്യങ്ങളെ വെവ്വേറെ പാര്‍പ്പിക്കുകയാണ് പതിവ്. അല്ലാത്തപക്ഷം മുട്ടയിട്ടാല്‍ അത് നാം അറിയാതെ പോവുകയും മാതാപിതാക്കള്‍ തന്നെ അവ തിന്നുതീര്‍ക്കുവാനും സാധ്യതയുണ്ട്്്.
ആണ്‍പെണ്‍ മീനുകളെ വേറെ വേറെ ടാങ്കുകളില്‍ പാര്‍പ്പിച്ച്് പ്രജനനത്തിന് പ്രേരിപ്പിക്കുന്ന തീറ്റ കൊടുക്കണം. മണ്ണിര, ചെമ്മീന്‍, കൊതുകിന്റെ ലാര്‍വ തുടങ്ങിയ തീറ്റകളാണ് പ്രജനത്തിന് മുന്‍പായി കൊടുക്കേണ്ടത്. രണ്ടാഴ്ച ഇത്തരം തീറ്റകള്‍ മാത്രം നല്‍കുന്നതാണ് നല്ലത്്്. കൃത്രിമതീറ്റകള്‍ ഈ ഘട്ടത്തില്‍ തീര്‍ത്തും ഒഴിവാക്കാവുന്നതാണ്. ദിവസേന നാലുമുതല്‍ ആറുവരെ തവണ ഇത്തരം ജീവനുള്ള തീറ്റ നല്‍കണം. രണ്ടാഴ്ചയ്ക്കു ശേഷം നല്ല മഴ കിട്ടുമെന്ന്് കരുതുന്ന ദിവസം വൈകീട്ട്് വൃത്തിയുള്ള ഒരു ടാങ്കില്‍, നല്ല തണുത്ത വെള്ളം നിറച്ച്്് (മഴവെള്ളമാണെങ്കില്‍ നല്ലത്്) ആണ്‍ പെണ്‍മീനുകളെ

ടാങ്ക്് മഴ കൊള്ളുന്ന സ്ഥലത്ത്് വെക്കുന്നതാണ് നല്ലത്. ആണ്‍ പെണ്‍ മീനുകളെ ശരിയായി തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ രണ്ടാണും ഒരു പെണ്ണും എന്ന കണക്കില്‍ ഇടുന്നതാണ് കൂടുതല്‍ ഫലപ്രദം. മഴവെള്ളം നിറഞ്ഞ് മീന്‍ ഒഴുകിപ്പോകാതെ (ഗോള്‍ഡ് ഫിഷുകള്‍ക്ക് ചാടുന്ന സ്വഭാവമില്ലാത്തതിനാല്‍ അധികം ആശങ്കപ്പെടേണ്ടതില്ല) ടാങ്കിന് ഒരിഞ്ച് താഴെതുളയിട്ട്്് അധികജലം ഒഴുകാന്‍ അനുവദിക്കണം. ടാങ്കില്‍ നിറയെ ജലസസ്യങ്ങള്‍ നിക്ഷേപിക്കണം. നമ്മുടെ നാട്ടില്‍ സുലഭമായ ഹൈഡ്രില്ല (കുളച്ചമ്മി),ഫോക്‌സ് ടെയില്‍, കബൊംബ തുടങ്ങിയ നാരുകള്‍പോലെ ഇലയുള്ളജലസസ്യങ്ങളാണ് ഗോള്‍ഡ് ഫിഷിന് നല്ലത്. ഈ സസ്യങ്ങളില്‍ ഒച്ചുകളോ തുമ്പിയുടെ മുട്ടകളോ ലാര്‍വകളോ ജലപ്രാണികളോ ഇല്ലെന്നുറപ്പുവരുത്തണം. ഒരാഴ്ചമുമ്പെങ്കിലും ഇവ ശേഖരിച്ച്്് വൃത്തിയാക്കി, അണുക്കളില്ലെന്ന്് ഉറപ്പുവരുത്തി നല്ല വെള്ളത്തില്‍ വളര്‍ത്തിയെടുക്കുന്നതാണ് കൂടുതല്‍ കുഞ്ഞുങ്ങളെ ലഭിക്കാന്‍ നല്ലത്.
ആണ്‍ പെണ്‍ മീനുകളെ ടാങ്കില്‍ ഇട്ടു കഴിഞ്ഞാല്‍ മഴ കിട്ടുമെന്ന്് ഉറപ്പില്ലെങ്കില്‍ കൃത്രിമ മഴയും നല്‍കാവുന്നതാണ്. ഇതെളുപ്പമാണ്. പൂന്തോട്ടം നനയ്ക്കാന്‍ ഉപയോഗിക്കുന്ന ഹോസ് ഉപയോഗിച്ച്് അരമണിക്കുറെങ്കിലും വെള്ളം മഴപോലെ ടാങ്കിലേക്ക്്് സ്േ്രപ ചെയ്താല്‍ മതി. വൈകീട്ട്് മീനുകളെ ഒരുമിച്ചിട്ടാല്‍ രാവിലെ ഏഴുമണിയോടെ ഇവ മുട്ടയിടാന്‍ ആരംഭിക്കും. പെണ്‍മീനിനെ ആണ്‍ മീനുകള്‍ ഓടിക്കുന്നതും വയറില്‍ അമര്‍ത്തി മുട്ട പുറത്തേക്ക്് വരാന്‍ സമ്മര്‍ദം ചെലുത്തുന്നതും കാണാം. മുട്ടകള്‍ പുറത്തു വന്ന് ഇലകളില്‍ പറ്റിപ്പിടിക്കും. ഈ സമയത്താണ് ബീജസങ്കലനവും നടക്കുക. ഇടുന്ന മുട്ടകള്‍ തള്ളമീന്‍ തന്നെ തിന്നു തുടങ്ങുന്നതും കാണാം. ജലസസ്യങ്ങളുടെ ഇലയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുന്നതിനാല്‍ തിന്നാന്‍ പറ്റാതെ ബാക്കിയാകുന്ന മുട്ടകള്‍ മാത്രമേ വിരിഞ്ഞു കിട്ടുകയുള്ളൂ. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ആയിരത്തോളവും, മീനിന്റെ വലുപ്പമനുരിച്ച്്് അതിലേറെയും മുട്ടകളാണ് ഓരോ തവണയും ഇടുക. എങ്ങിനെ പോയാലും നൂറിലേറെ കുഞ്ഞുങ്ങളെ ലഭിക്കും.
സാധാരണഗതിയില്‍ ഒരു മണിക്കൂറിനകം മുട്ടയിട്ടു കഴിയും. മുട്ട തിന്നു തീര്‍ക്കാനനുവദിക്കാതെ ഉടന്‍ മാതൃപിതൃമല്‍സ്യങ്ങളെ മാറ്റുക. രണ്ടു മൂന്നു ദിവസത്തിനകം കുഞ്ഞുങ്ങള്‍ വിരിഞ്ഞു തുടങ്ങും. എന്നാല്‍ ഇവയ്ക്ക്് സ്വര്‍ണവര്‍ണമോ മല്‍സ്യാകൃതിയോ ഉണ്ടാകില്ല. കൊതുകു കൂത്താടികളുടെ അത്രപോലും വലുപ്പവും ഉണ്ടാകില്ല. രണ്ടു ദിവസത്തേക്ക് ഇവയ്ക്ക്് ഭക്ഷണമൊന്നും നല്‍കേണ്ടതുമില്ല. കുഞ്ഞുങ്ങള്‍ ഇലയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ഇവ നന്നായി നീന്തിത്തുടങ്ങാന്‍ ഒന്നു രണ്ട്് ദിവസം കൂടി വേണ്ടി വന്നേക്കാം. നീന്തിത്തുടങ്ങിയാല്‍ തീറ്റ കൊടുക്കാനാരംഭിക്കാം. മുട്ടയിടീക്കാന്‍ ഇത്രയും പ്രയാസമേയുള്ളുവെങ്കിലും കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നത് അത്ര എളുപ്പമല്ല. കുഞ്ഞുങ്ങള്‍ക്ക്് വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ആവശ്യമായ തീറ്റ നല്‍കുക എന്നതാണ് ഏറ്റവും ശ്രമകരം. ആര്‍ട്ടീമിയ എന്ന പേരില്‍ കടയില്‍ കിട്ടുന്ന തീറ്റ കൊടുക്കാമെങ്കിലും വില കൂടും. അതിനാല്‍ പുഴുങ്ങിയ കോഴിമുട്ടയുടെ മഞ്ഞക്കരു വെള്ളത്തില്‍ ചാലിച്ച് തുളളികളായും കക്ക, ചെമ്മീന്‍ അരച്ചെടുത്തതും അയല മത്തി എന്നിവയുടെ മുട്ട അരച്ചെടുത്തുമൊക്കെ നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നവരുണ്ട്്്. തീറ്റ കൊടുക്കുമ്പോള്‍ രണ്ടു കാര്യം പ്രധാനമായും ശ്രദ്ധിക്കണം. മീന്‍കുഞ്ഞുങ്ങളുടെ വായില്‍ കൊള്ളുന്നത്ര വലുപ്പത്തിലായിരിക്കണം തീറ്റത്തരികള്‍. രണ്ടുമിനിറ്റിനകം തിന്നുതീരുന്നത്ര തീറ്റയേ ഓരോ തവണയും കൊടുക്കാന്‍ പാടുള്ളൂ എന്നതും പ്രധാനമാണ്. ബാക്കിയാവുന്ന തീറ്റ വെള്ളം ചീത്തയാക്കുകയും കുഞ്ഞുങ്ങള്‍ ചാകാനിടയാക്കുകയും ചെയ്യും. ബാലാരിഷ്ടതകള്‍ തരണം ചെയ്തുകഴിഞ്ഞാല്‍ പിന്നെ കുഞ്ഞുങ്ങള്‍ പെട്ടെന്ന് തന്നെ വളര്‍ന്ന്് വലുതാവും. ആറുമുതല്‍ എട്ടുമാസത്തിനകം തരക്കേടില്ലാത്ത വില കിട്ടുന്നരീതിയില്‍ വില്‍ക്കാന്‍ പാകമാവും. തൊട്ടടുത്തുള്ള അലങ്കാരമല്‍സ്യക്കടയില്‍ത്തന്നെ വിറ്റഴിക്കാനാവുമെന്നതിനാല്‍ വിപണി വലിയ പ്രശ്‌നമാകാറില്ല. വലിയ സാമ്പത്തിക ചെലവില്ലാത്ത പരിപാടിയായതിനാല്‍ നഷ്ടസാധ്യതയും കുറവാണ്.

(Visited 550 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക