|    Dec 15 Sat, 2018 5:51 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

സ്വര്‍ണത്തിളക്കവും കമ്മ്യൂണിസവും

Published : 11th June 2017 | Posted By: mi.ptk

കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്നൊരു ചൊല്ലുണ്ട്. കാലിയറവ് നിരോധനം, ബീഫ് ഫെസ്റ്റ്, സീതാറാം യെച്ചൂരിയെ ഓഫിസില്‍ കയറി തലോടല്‍ തുടങ്ങി അന്താരാഷ്ട്ര മാനം പകരുന്ന വിഷയങ്ങളൊന്നും മാധ്യമങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യുന്നില്ല. വസ്തുത ഇതായിരിക്കെ, പാവം സിപിഐ എംഎല്‍എ ഗീതാ ഗോപിയുടെ മകളുടെ കല്യാണത്തിന് “’ച്ചിരിപൊന്ന്’  നല്‍കിയതിനെ മാധ്യമങ്ങള്‍ ആനക്കാര്യമാക്കിയതിന്റെ പൊരുള്‍ ഒരുവിധക്കാര്‍ക്കൊന്നും പിടികിട്ടുന്നില്ല. പെയ്ഡ് ന്യൂസ് ഇവിടെ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്ന് ആദര്‍ശശാലികളായ ചില സിപിഐക്കാര്‍ കരുതുന്നുണ്ട്. സിപിഐയുടെ രാഷ്ട്രീയശത്രുക്കളില്‍ നിന്ന് കാശുവാങ്ങി പത്രക്കാര്‍ സ്വര്‍ണവിവാദം ഉണ്ടാക്കി എന്നാണ് അടിയന്തരാവസ്ഥയിലെ ആദര്‍ശധീരന്മാരില്‍ ചിലര്‍ സംശയിക്കുന്നത്. നാട് കത്തുമ്പോള്‍ സ്വര്‍ണവിവാദമാണോ കാര്യം ആശാനേ എന്നാണ് അവര്‍ ചോദിക്കുന്നത്. അതായത് വിഷയത്തില്‍ നിന്നു ശ്രദ്ധതിരിച്ച് സംഘപരിവാര സര്‍ക്കാരിനെ സഹായിക്കുന്ന പിന്തിരിപ്പന്‍മാരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു എന്നര്‍ഥം. എന്നാല്‍, സിപിഐയുടെ ഇപ്പോഴത്തെ പ്രധാന ശത്രുവാര്? അക്കാര്യത്തില്‍ ഒരു സസ്‌പെന്‍സ് സൂക്ഷിക്കേണ്ടത് അടിയന്തര കടമയായി തന്നെ പാര്‍ട്ടിയിലെ ചിലര്‍ കരുതുന്നുണ്ടത്രേ. സിപിഎം വല്യേട്ടനെ ചിലര്‍ മുഖ്യ ശത്രുവായി കാണുന്നുണ്ടെന്നു പറയപ്പെടുന്നുണ്ട്.മോളുടെ കല്യാണത്തിന് ഗീതാ ഗോപി അവിടന്നും ഇവിടന്നും കടം വാങ്ങി കുറച്ച് സ്വര്‍ണം വാങ്ങി. വെറും കഴുത്തോടെ മോളെ കല്യാണമണ്ഡപത്തിലേക്ക് ആനയിക്കുന്നതാണ് കമ്മ്യൂണിസ്റ്റ് പാരമ്പര്യം എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. സ്വര്‍ണാഭരണങ്ങള്‍ പെട്ടിയില്‍ അടച്ചുപൂട്ടി, മാലോകരെ പെണ്ണിന്റെ വെറും കഴുത്ത് കാണിക്കുന്ന ചതിയന്‍മാരാണ് അക്കാര്യം പെരുമ്പറ കൊട്ടുന്നത്. ശരീരം നിറയെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ച് പെണ്ണിനെ എഴുന്നള്ളിച്ചെന്നു പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. ഇതു കല്യാണമാണ്, കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല. നിങ്ങള്‍ എന്തൊക്കെയാണെഴുതിയത്? ബൂര്‍ഷ്വാ വധു, ആഡംബരവിവാഹം, കമ്മ്യൂണിസത്തേക്കാള്‍ തിളക്കം സ്വര്‍ണത്തിന് എന്നൊക്കെയാണല്ലോ വിശേഷണങ്ങള്‍. കൈമുട്ടുവരെ വളകളും വയറു വരെ സ്വര്‍ണമാലകളും അണിഞ്ഞാണത്രേ എംഎല്‍എയുടെ മകളായ വധു കല്യാണമണ്ഡപത്തിലെത്തിയത്. അപ്പോള്‍ ഒരു വിദ്വാന്‍ ഇങ്ങനെ പറഞ്ഞത്രേ: ”പെണ്ണ് ശ്വാസംമുട്ടി ഇപ്പോള്‍ വീഴും. ഇതെന്തൊരു കുന്ത്രാണ്ടം കമ്മ്യൂണിസമാണപ്പാ.” പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമായ ആ സങ്കരവിദ്വാനെ അപ്പോള്‍ തന്നെ ഹാളില്‍ നിന്ന് ചിലര്‍ പുറത്താക്കുകയും ചെയ്തത്രേ. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ചില പിന്തിരിപ്പന്‍മാര്‍ മുന്‍ മന്ത്രി മുല്ലക്കരയില്‍ താമസിക്കുന്ന രത്‌നാകരനെ ‘ക്വോട്ട്’ ചെയ്യുന്നുണ്ട്. കല്യാണവേളയില്‍ ആര്‍ഭാടം പ്രദര്‍ശിപ്പിക്കുന്നതു തടയാന്‍ നിയമം കൊണ്ടുവരാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് മുല്ല അഭ്യര്‍ഥിച്ചിരുന്നുവത്രേ. എന്ന്, എപ്പം, എങ്ങനെ? പറയൂ സഖാക്കളേ പറയൂ? മകളുടെ വിവാഹം സംബന്ധിച്ച് ഗീതാ ഗോപി വസ്തുതാവിവരണം നല്‍കിയിട്ടുണ്ട്. അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതുമുണ്ടല്ലോ! സ്വന്തം മകളുടെ കല്യാണത്തിന് ഏതമ്മയാണ് ഇതൊക്കെ ചെയ്യാതിരിക്കുക എന്ന ആയമ്മയുടെ ചോദ്യം നിങ്ങള്‍ക്ക് കേട്ടില്ലെന്നു നടിക്കാനാവില്ല. 50 പവന്റെ ആഭരണങ്ങള്‍ താനും ഭര്‍ത്താവും കഷ്ടപ്പെട്ട് വാങ്ങിയതാണ്. ബാക്കിയൊക്കെ ബന്ധുക്കള്‍ സമ്മാനിച്ചതാണ്. 10 പവന്‍ വീതം ഓരോ ബന്ധുവും നല്‍കുമ്പോള്‍ അതു വേണ്ട എന്നൊക്കെ പറയാന്‍ ഞങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ഭ്രാന്തൊന്നും ഇല്ല മക്കളേ- ഇപ്രകാരമൊക്കെ എംഎല്‍എ പറയുന്നുണ്ടെന്നാണ് മാധ്യമ അശരീരി. എന്തായാലും സിപിഐ ഗീതാപ്രഭാഷണം കണക്കിലെടുത്തിട്ടില്ല. ആഡംബരപ്രദര്‍ശനം പാര്‍ട്ടി അംഗീകരിക്കില്ല. ആഡംബരത്തിന് പാര്‍ട്ടി എതിരല്ല. പക്ഷേ, പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നത് പാര്‍ട്ടി നയമാണ്. അത് ലംഘിക്കുന്നവര്‍ വിവരമറിയും. ഗീതാ ഗോപിക്ക് പാര്‍ട്ടി നോട്ടീസ് അയച്ചുകഴിഞ്ഞല്ലോ. സമൂഹമാധ്യമങ്ങളാണ് ഇതിനൊക്കെ കാരണക്കാര്‍. പാര്‍ട്ടി നേതാക്കളുടെ മക്കളുടെ ഇനിയുള്ള വിവാഹങ്ങള്‍ക്ക് മൊബൈല്‍ഫോണ്‍ സ്വന്തമായുള്ള ഒരുത്തനെയും ക്ഷണിക്കാന്‍ പോവുന്നില്ല. ആഡംബര പ്രദര്‍ശനം കിട്ടാതെ സമൂഹമാധ്യമങ്ങള്‍ പൂട്ടും.                                 ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss