|    Dec 13 Wed, 2017 10:23 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വര്‍ണക്കടത്ത്: കോടികള്‍ ഒഴുക്കുന്നത് വമ്പന്‍മാരെന്ന് വിജിലന്‍സിന് സൂചന

Published : 24th August 2016 | Posted By: SMR

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോഫെപോസ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന പ്രതികള്‍ക്കു വേണ്ടി കേസ് നടത്തുന്നതിന് കോടികള്‍ ഒഴുക്കുന്നത് വമ്പന്‍മാരെന്ന് വിജിലന്‍സിന് സൂചന ലഭിച്ചു. ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്നാണ് വിവരം. ഇവരെക്കുറിച്ച് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാനായി ഇവര്‍ ഇതിനോടകം കോടികള്‍ ഒഴുക്കിയെന്നാണ് വിജിലന്‍സിന് വിവരം ലഭിച്ചിട്ടുള്ളത്. കോഴ വാഗ്ദാനത്തെ തുടര്‍ന്ന് ജസ്റ്റിസ് കെ ടി ശങ്കരന്‍ കോഫെപോസ തടവുകാരുടെ കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിന് ശേഷവും ഇവര്‍ രഹസ്യനീക്കങ്ങള്‍ തുടരുകയാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ മൂവാറ്റുപുഴ സ്വദേശി നൗഷാദ് അടക്കമുള്ളവരുടെ അപ്പീല്‍ കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറിക്കൊണ്ട് ജസ്റ്റിസ് ശങ്കരന്‍ തന്നെയാണ് തുറന്ന കോടതിയില്‍ പ്രതികളുടെ ഭാഗത്തു നിന്ന് കോഴ വാഗ്ദാനമുണ്ടായ കാര്യം അറിയിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എറണാകുളത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന് നിര്‍ദേശം നല്‍കുകയായിരുന്നു.
തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങുമ്പോഴാണ് പ്രതികള്‍ക്കു വേണ്ടി പുറത്തുള്ള ചില വമ്പന്‍മാര്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വിജിലന്‍സിന് സൂചന ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് പ്രതികളുടെ ബിനാമി സ്വത്ത് വിവരങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക