|    Oct 18 Thu, 2018 2:46 pm
FLASH NEWS

സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ കാറില്‍ യാത്ര – ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കും : കോടിയേരി

Published : 27th October 2017 | Posted By: fsq

 

കോഴിക്കോട്: ജനജാഗ്രതാ യാത്രയ്ക്കിടെ കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ കാറില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊടുവള്ളിയില്‍ ജാഥയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വലിയ തിരക്കുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രാദേശിക നേതൃത്വം ഏര്‍പ്പാടാക്കിയ കാറിലാണ് സഞ്ചരിച്ചത്. വാടകയ്ക്ക് എടുത്ത വാഹനമാണ് ഉപയോഗിച്ചത്. പാര്‍ട്ടിക്ക് അവിടെ സ്വന്തം വാഹനമില്ല. അതുകൊണ്ടാണ് വാഹനം വാടകയ്‌ക്കെടുത്തത്. കാറില്‍ കയറുമ്പോള്‍ അത് കള്ളക്കടത്ത് കേസിലെ പ്രതിയുടേതാണോയെന്ന് അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ ജാഗ്രത കുറവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കോടിയേരി വിശദീകരിച്ചു.സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചെന്ന മുസ്‌ലിംലീഗിന്റെ ആരോപണം സംബന്ധിച്ച ചോദ്യത്തിന് കൊഫെപോസ കേസിലെ പ്രതിയെ മന്ത്രിയാക്കിയ പാര്‍ട്ടിയാണ് ലീഗ് എന്നായിരുന്നു മറുപടി. കള്ളക്കടത്ത് കേസിലെ പ്രതിയുടെ സ്വീകരണം ഏറ്റുവാങ്ങിയ മുന്‍ മന്ത്രി ഒ രാജഗോപാലിനെ ബിജെ പിയും മറക്കരുത്. കള്ളക്കടത്ത് കേസിലെ പ്രതിയെന്ന് ലീഗ് ആരോപിക്കുന്ന കൗണ്‍സിലറുടെ കട ഉദ്ഘാടനം ചെയ്തത് ലീഗ് നേതാവാണ്. ഇത് സംബന്ധിച്ച് ലീഗിന്റെ പ്രതികരണം കണ്ടില്ലെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രത യാത്രക്കിടയില്‍ കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ ഇടതുപക്ഷ കൗണ്‍സിലറായ കാരാട്ട് ഫൈസലിന്റെ ബിഎംഡബ്ല്യു മിനി കോപര്‍ കാറില്‍ യാത്ര ചെയ്തതാണ് വിവാദമായത്. എന്നാല്‍ താന്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതിയല്ലെന്ന് കാറിന്റെ ഉടമയായ കാരാട്ട് ഫൈസലും സി പിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഫൈസലും   പ്രതിയാണെന്ന ഹവാല കേസിലെ മറ്റു പ്രതികളുടെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഫൈസല്‍ കേസിലെ ഏഴാം പ്രതിയാണെന്നും അദ്ദേഹം കാക്കനാട് ജയിലില്‍ ഒരു ദിവസം കിടന്നിട്ടുണ്ടെന്നും ഫൈസല്‍ തന്റെ ബിസിനസ്സ് പങ്കാളിയാണെന്നും കേസിലെ മുഖ്യപ്രതി ഷഹബാസ് ഇന്നലെ വെളിപ്പെടുത്തുകയുണ്ടായി. ഡി ആര്‍ ഐ രജിസ്റ്റര്‍ ചെയ്ത കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസലെന്നും ഷഹബാസ് പറയുന്നു. ഫൈസലും ഷഹബാസും പങ്കാളികളാണെന്ന് കേസിലെ മറ്റൊരു പ്രതി ഫിറോമോസ സെബാസ്റ്റ്യന്‍ നല്‍കിയ മൊഴിയിലുമുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫൈസല്‍ എന്ന് പേരുള്ള രണ്ട് പേരുണ്ടെന്നും ഇതില്‍ ഒരാള്‍ രാഷ്ട്രീയക്കാരനാണെന്നുമാണ് ഫിറോമോസ സെബാസ്റ്റ്യന്റെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ ജനജാഗ്രതാ ജാഥയുടെ സംഘാടക സമിതിയിലുള്ള ഐഎന്‍എല്‍ നേതാവ് പറഞ്ഞിട്ടാണ് താന്‍ കോടിയേരിക്ക് വാഹനം വിട്ടുനല്‍കിയതെന്നും  മുസ്്‌ലിം ലീഗിന്റേയും ബിജെപിയുടെയും ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു സിപിഎം ജില്ലാ കമ്മറ്റിയും താമരശ്ശേരി ഏരിയാ കമ്മറ്റിയുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. വാഹനം തിരഞ്ഞെടുക്കുന്നതില്‍ സൂക്ഷമത പുലര്‍ത്തിയില്ലെന്നാണ് അണിയറ സംസാരം. ഇതുമായി ബന്ധപ്പെട്ടു പാര്‍ട്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജനജാഗ്രത യാത്ര സമാപിച്ചാല്‍ നടപടി ഉണ്ടാവാനാണ് സാധ്യത.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss