|    Sep 19 Wed, 2018 2:17 pm
FLASH NEWS

സ്വരൂപിച്ച വസ്തുക്കള്‍ അര്‍ഹരുടെ കൈയിലെത്തുന്നില്ലെന്ന് ആക്ഷേപം

Published : 31st August 2018 | Posted By: kasim kzm

മാള: പ്രളയ ദുരിത ബാധിതര്‍ക്കായി സുമനസ്സുകള്‍ സ്വരൂപിച്ച് ദുരിതബാധിത മേഖലകളിലേക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വരുന്ന ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പണം തുടങ്ങി മിക്കതും അര്‍ഹരുടെ കയ്യില്‍ എത്താത്ത അവസ്ഥയാണെന്ന് ആക്ഷേപം.
ക്യാംപുകളിലും പഞ്ചായത്ത് ഓഫീസിലും മറ്റും എത്തിയ സാധനങ്ങളില്‍ മിക്കതും പഞ്ചായത്ത് അധികാരികള്‍ പലേടത്തായി ശേഖരിച്ചു വെച്ചിരിക്കുന്നു. പിന്നീട് വിതരണം ചെയ്യും എന്നാണു പറയുന്നത്. ഇനിയിത് പാര്‍ട്ടി അനുഭാവികളുടെ വീട്ടിലേക്ക് ഇരുട്ടിന്റെ മറവില്‍ കടത്തുമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ഇടയിലുള്ള സംസാരം. പല ക്യാംപുകളില്‍ നിന്നും പിരിഞ്ഞുപോയവര്‍ക്ക് നാട്ടുകാരും സന്നദ്ധ സംഘടനകളും നല്‍കിയ കിറ്റുകള്‍ മാത്രമാണ് കിട്ടിയത്. മാത്രമല്ല ബന്ധുവീടുകളില്‍ കഴിഞ്ഞവര്‍, വെള്ളം ഇറങ്ങിയപ്പോള്‍ തന്നെ ക്യാംപു വിട്ട് വീട്ടിലേക്ക് പോന്നവര്‍ ഇവര്‍ക്കൊന്നും ഇത്തരം കിറ്റുകള്‍ കിട്ടിയതുമില്ല. കൊച്ചുകടവ് ജംഗ്ഷനില്‍ പൂട്ടിക്കിടക്കുന്ന കടമുറികളിലും മറ്റുമായി ലോഡുകണക്കിന്ന് സാധനങ്ങളാണ് ശേഖരിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് ഇവയുടെ വിതരണം നടക്കുമെന്നറിഞ്ഞ് ഒട്ടനവധിയാളുകളാണെത്തിയത്. വൈകീട്ട് അഞ്ചുവരേയും കാത്ത് നില്‍പ്പ് തുടര്‍ന്നെങ്കിലും നിരാശരായി ആളുകള്‍ക്ക് മടങ്ങേണ്ടി വന്നു. എന്നിട്ടും ബന്ധപ്പെട്ടവരാരും എത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.
ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും മറ്റും വിതരണം ഉദ്യോഗസ്ഥന്മാരിലും രാഷ്ട്രീയക്കാരിലും ഉള്ള സ്വാര്‍ഥ മോഹികള്‍ പാവങ്ങളുടെ അവകാശങ്ങള്‍ അടിച്ചുമാറ്റുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്തവരാകുമ്പോള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ എന്ന ആശങ്കയാണ് എങ്ങുമുയരുന്നത്. പൊതുവേ ആളുകള്‍ എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ വിവിധ സംഘടന പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അടുത്ത ദിവസം കഞ്ഞിവെക്കാന്‍ അരിയില്ല എന്ന സങ്കടമാണ് കേള്‍ക്കുന്നത്.
പഞ്ചായത്തില്‍ ലോഡ് കണക്കിന് അരി അതും ഈ പാവങ്ങള്‍ക്കുള്ളത് കെട്ടി കിടക്കുമ്പോഴാണ് ഈ അവസ്ഥയുള്ളത്. വിവിധ സംഘടനാ സൗഹൃദ ബന്ധം ഉപയോഗപ്പെടുത്തി വേണ്ടത് ചെയ്‌തെങ്കിലും ആരും കടന്നു ചെല്ലാത്ത ഇടങ്ങളില്‍ ഇങ്ങനെ എത്രപേര്‍ നരകയാതന പേറുന്നുണ്ടാകുമെന്നത് ആര്‍ക്കും പറയാനാകുന്നില്ല. ഉറ്റവര്‍ മരണപ്പെട്ട കുടുംബങ്ങള്‍, വീടുകള്‍ തകര്‍ന്നവര്‍, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍, വീട്ടുപകരണങ്ങള്‍ ഒഴുകിപ്പോയവര്‍ തുടങ്ങി നൂറുകണക്കിന് വേദനകള്‍ ഏറ്റുവാങ്ങിയവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്.
പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയത് മണിക്കൂറുകള്‍ കൊണ്ട് ഒലിച്ചുപോയ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ പിച്ചക്കാശ് കൊടുത്താല്‍ മതിയാവില്ലയെന്നാണ് എങ്ങുമുയരുന്നത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഈ പാവങ്ങള്‍ക്കായി സ്വരൂപിച്ച എല്ലാം അവര്‍ക്ക് തന്നെ കിട്ടേണ്ടതാണ്. അര്‍ഹതയില്ലാത്ത ഒരാള്‍ക്കും ഒരു മണി അരിയോ ഒരു ചില്ലിക്കാശോ അടിച്ചു മാറ്റാന്‍ കഴിയരുത് എന്ന ചിന്തയാണ് ദൈവഭയമുള്ളവരിലുള്ളത്. അതിന് സര്‍ക്കാരിനോടൊപ്പം രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാന്‍ കഴിയാത്ത ഒരു സ്വതന്ത്ര ഏജന്‍സി കൂടി പ്രളയ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തണം. അവര്‍ കൃത്യമായ തെളിവുകള്‍ സഹിതം വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറണമെന്നാണ് ഉയരുന്ന ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss