|    Oct 17 Wed, 2018 10:33 am
FLASH NEWS

സ്വരാജ് റൗണ്ടില്‍ വെള്ളക്കെട്ട് രൂക്ഷം; മേയര്‍ക്ക് കത്ത് നല്‍കി

Published : 20th September 2017 | Posted By: fsq

 

തൃശൂര്‍: തേക്കിന്‍കാട്ടിലെ കാനയിലെ മണ്ണും ചളിയും നീക്കി ശുചീകരിക്കാത്തത് മൂലം സ്വരാജ് റൗണ്ടില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. ചെറിയ മഴ പെയ്താല്‍ പോലും നഗരം വെള്ളക്കെട്ട് മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥയാണുള്ളത്. തേക്കിന്‍കാട്ടിലെ കാനയിലെ മണ്ണ് മാറ്റി സ്വരാജ് റൗണ്ടിലെ വെള്ളക്കെട്ട് പരിഹരിക്കണണെന്നാവശ്യപ്പെട്ട് മേയര്‍ക്കും സെക്രട്ടറിക്കും പൊതുമരാമത്ത് കമ്മിറ്റി ചെയര്‍മാന്‍ ശ്രീനിവാസന്‍ കത്ത് നല്‍കി. തേക്കിന്‍കാട്ടില്‍ കാനയില്‍ കെട്ടികിടക്കുന്ന മണ്ണ് നീക്കം ചെയ്യാത്തതുമൂലം റൗണ്ടിലും ആശുപത്രി ജംഗ്ഷനിലുമെല്ലാം വെള്ളക്കെട്ട് രൂക്ഷമാണെന്ന് ശ്രീനിവാസന്‍ കത്തില്‍ ചൂണ്ടികാട്ടുന്നു. നാലഞ്ച് തൊഴിലാളികളെ നിയോഗിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതാണ് പ്രശ്‌നം. അതിന് നേതൃത്വം നല്‍കി നിയമപരമായി നടപടി സ്വീകരിക്കേണ്ട മരാമത്തു കമ്മിറ്റി ചെയര്‍മാനാണ് കത്തെഴുതി നിസ്സംഗത പ്രകടിപ്പിക്കുന്നത്. റിലയന്‍സ്, റോഡ് തകര്‍ച്ച, പകല്‍ ലൈറ്റുകള്‍ കത്തല്‍ ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങളിലും ശ്രീനിവാസന്‍ മേയര്‍ക്കും സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നു. അടിയന്തിര നടപടിക്ക് മേയര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കുറിപ്പ് സഹിതം കത്ത് കൈമാറാറുമുണ്ട്. പക്ഷെ മേയറുടെ ഉത്തരവിലും നടപടിയുണ്ടാകാറില്ല.പൊതുമരാമത്ത്, വൈദ്യുതിവിതരണം, ജലവിതരണം തുടങ്ങി ചുമതലകളാണ് മരാമത്ത് കമ്മിറ്റി ചെയര്‍മാനുള്ളത്. കമ്മിറ്റിയില്‍ വരുന്ന ഫയലുകളില്‍ തീരുമാനമെടുക്കുകയല്ലാതെ പദ്ധതികളും പരിപാടികളും പൈലറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം കമ്മിറ്റി നിര്‍വ്വഹിക്കാറില്ല. ബന്ധപ്പെട്ട എഞ്ചിനീയര്‍മാരാരും കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയോ കമ്മിറ്റി തീരുമാനങ്ങളെ മാനിക്കുകയോ ചെയ്യുന്നില്ലെന്നാണ് ശ്രീനിവാസന്റേയും കമ്മിറ്റി അംഗങ്ങളുടേയും പരാതി. കമ്മിറ്റിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും കമ്മിറ്റിയില്‍ പങ്കെടുക്കുന്നതില്‍നിന്നും ഉദ്യോഗസ്ഥരെ ഭരണ നേതൃത്വം വിലക്കിയിരിക്കുകയാണെന്നും ഇയ്യിടെ കൗണ്‍സില്‍ യോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍ കൂടിയായ പ്രതിപക്ഷനേതാവ് അഡ്വ.എം.കെ.മുകുന്ദന്‍, ടി.ആര്‍.സന്തോഷ്  എന്നിവര്‍ പരാതിപ്പെട്ടിരുന്നു. കമ്മിറ്റിയില്‍ വരേണ്ട ഫയലുകള്‍ മരാമത്തു കമ്മിറ്റി അറിയാതെയാണ് കൗണ്‍സിലില്‍ വെക്കുന്നതെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss