|    Jul 24 Mon, 2017 4:24 pm
Home   >  Todays Paper  >  Page 5  >  

സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമെന്ന് സിപിഐ

Published : 31st August 2016 | Posted By: SMR

കൊച്ചി: എം സ്വരാജ് എംഎല്‍എക്കെതിരേ സിപിഐ തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി രംഗത്ത്. അഹങ്കാരത്തിന്റെ ആള്‍രൂപമാണ് താനെന്ന് വിളിച്ചറിയിക്കുന്ന പ്രസ്താവനകളാണ് എം സ്വരാജ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മണ്ഡലം സെക്രട്ടറി പി വി ചന്ദ്രബോസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
നിരവധിയായ കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രം തൃപ്പൂണിത്തുറയ്ക്കുണ്ട്. സമുന്നതരായ സിപിഎം നേതാക്കളായ ടി കെ രാമകൃഷ്ണനും വി വിശ്വനാഥമേനോനും എ പി വര്‍ക്കിയുമടക്കമുള്ളവര്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ജനനേതാക്കളായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് സ്വരാജിനെ എംഎല്‍എയാക്കിയത്. നിരവധി മഴത്തുള്ളികള്‍ ചേര്‍ന്നാണ് സാഗരങ്ങള്‍ ഉണ്ടാവുന്നതെന്ന് സ്വരാജിനെ പഠിപ്പിക്കേണ്ടതില്ലല്ലോ. സിപിഐ നേതാക്കളായ അച്യുതമേനോനെയും എം എന്‍ ഗോവിന്ദന്‍നായരേയും ടി വി തോമസിനേയും പി കെ വാസുദേവന്‍ നായരേയും വെളിയം ഭാര്‍ഗവനേയും സി കെ ചന്ദ്രപ്പനേയും ഒഴിവാക്കി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം എഴുതാന്‍ സ്വരാജിന് കഴിയുമെന്ന് കരുതുന്നില്ല. സിന്ധു ജോയി കോണ്‍ഗ്രസ്സിലേക്കു പോയപ്പോള്‍ മൗനംപാലിച്ച സ്വരാജ് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറയുന്നതുപോലെ വെറും ഏഴുപേര്‍ സിപിഐയില്‍ ചേര്‍ന്നപ്പോള്‍ സിപിഐയെ പുലഭ്യം പറയുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല. എംപിമാരായിരുന്ന ഡോ. മനോജും അബ്ദുല്ലക്കുട്ടിയും എസ് ശിവരാമനും ശെല്‍വരാജ് എംഎല്‍എയും  കോണ്‍ഗ്രസ്സിലേക്കു പോയപ്പോള്‍ പ്രകടിപ്പിക്കാത്ത വികാരം എം സ്വരാജിനെ വിജയിപ്പിക്കാന്‍ അഹോരാത്രം പാടുപെട്ട സിപിഐക്കാരോട് എന്തിനാണെന്ന് ബോധ്യമാവുന്നില്ല.
സ്വരാജ് കീറത്തുണി എന്ന് ആക്ഷേപിച്ച ചെങ്കൊടി കഴുമരത്തിലേക്കു നടന്നുകയറിയ കയ്യൂര്‍ സഖാക്കള്‍ പിടിച്ച കൊടിയാണെന്നും പുന്നപ്രയില്‍ വെടിയേറ്റു മരിച്ച ധീരരക്തസാക്ഷികള്‍ പിടിച്ച കൊടിയാണെന്നും ആഗോളവല്‍ക്കരണത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ ലോകമെങ്ങും ജനകോടികള്‍ പിടിക്കുന്ന കൊടിയാണെന്നും സ്വരാജ് തിരിച്ചറിയണം. സിപിഐക്കാരെ അവഹേളിക്കാന്‍ എടുക്കുന്ന വീര്യം ഇടക്കൊച്ചിയില്‍ കള്ളക്കേസില്‍ കുടുക്കി പോലിസ് മര്‍ദിച്ച് നട്ടെല്ലൊടിച്ച് ആശുപത്രിയില്‍ കഴിയുന്ന സുരേഷിന് നീതി ലഭിക്കാനും തൃപ്പൂണിത്തുറയിലെ തീരപ്രദേശങ്ങളിള്‍ കുടിവെള്ളമെത്തിക്കാനും തൃപ്പൂണിത്തുറയുടെ സമഗ്രവികസനത്തിനും ഉപയോഗിക്കുമെന്ന് സിപിഐ പ്രതീക്ഷിക്കുന്നു. തൃപ്പൂണിത്തുറയിലെ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനും വര്‍ഗശത്രുക്കള്‍ക്ക് ആഹ്ലാദം പകരാനും മാത്രം ഉപകരിക്കുന്ന  സ്വരാജ് എംഎല്‍എയുടെ സിപിഐയ്‌ക്കെതിരേയുള്ള പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും ചന്ദ്രബോസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക