|    Jan 17 Tue, 2017 8:16 am
FLASH NEWS

സ്വരാജിന്റെ സുവിശേഷവാക്യ പ്രയോഗത്തെച്ചൊല്ലിയും ബഹളം

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞദിവസം ബജറ്റ് ചര്‍ച്ചയ്ക്കിടെ മത്തായിയുടെ സുവിശേഷത്തിലെ അധ്യായവും വാക്യവുമുയര്‍ത്തിക്കാട്ടി പ്രസംഗിച്ച എം സ്വരാജിനെതിരേ സഭയില്‍ പ്രതിപക്ഷ ബഹളം. ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയ്ക്കിടെ വി ഡി സതീശനാണു ക്രമപ്രശ്‌നമായി വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
സ്വരാജ് പ്രസംഗത്തിനൊടുവില്‍ പ്രതിപക്ഷത്തോടു മത്തായിയുടെ സുവിശേഷം ഏഴാം അധ്യായം ആറാം വാക്യം ഒന്നു വായിക്കൂ എന്നാണു പറഞ്ഞത്. ആ വാക്യം സ്വരാജ് പറഞ്ഞില്ലെങ്കിലും മിക്ക പത്രങ്ങളും അതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്:- വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞ് നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും. പ്രതിപക്ഷത്തെ നായ്ക്കളോടും പന്നികളോടും ഉപമിച്ച സ്വരാജിനെതിരേ നടപടി വേണമെന്ന് സതീശന്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം ബഹളം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ ശിഷ്യനാണ് സ്വരാജ്. പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സതീശന്‍ തുറന്നടിച്ചു. താന്‍ ബൈബിള്‍ പഠിച്ചിട്ടില്ലെന്നും പരാമര്‍ശം രേഖകളിലില്ലെന്നും ഊഹാപോഹത്തിന്റെ പേരിലുള്ള ഒരു പരാമര്‍ശത്തില്‍ എന്തുനടപടിയാണു സ്വീകരിക്കുകയെന്നും ബൈബിള്‍ നോക്കി റൂളിങ് നടത്താമെന്നും സ്പീക്കര്‍ അറിയിച്ചതോടെ ബഹളം ശക്തമായി. സഭയുടെ നടപടിക്രമങ്ങളോട് പ്രതിപക്ഷം പൂര്‍ണമായി സഹകരിക്കുകയാണെന്നും എന്നാല്‍, തങ്ങള്‍ക്ക് സ്പീക്കറില്‍നിന്നു നീതിലഭിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സ്പീക്കര്‍ പ്രതിപക്ഷത്തോടെടുക്കുന്ന നിലപാടു ശരിയല്ല. കുറച്ചുകൂടി ക്ഷമ കാണിക്കണം. സ്പീക്കറോടാണ് പ്രതിപക്ഷത്തിന്റെ പരാതി പറയാന്‍ കഴിയുന്നത്. പ്രതിപക്ഷത്തിന്റെ അവകാശമാണിത്. അത് സമചിത്തതയോടെ കേള്‍ക്കാന്‍ തയ്യാറാവണം. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്തുകയാണു ചെയ്യേണ്ടത്. സതീശന്റെ ക്രമപ്രശ്‌നം പൂര്‍ണമായി കേള്‍ക്കാതെ സ്പീക്കര്‍ റൂളിങ് നടത്തുകയാണ്.
സ്വരാജ് പ്രസംഗത്തിലൂടെ നായയോടും പന്നിയോടും ഉപമിച്ചത് പ്രതിപക്ഷത്തോടു കാട്ടുന്ന കടുത്ത അവഹേളനമാണ്. പ്രതിപക്ഷത്തെ ആക്ഷേപിക്കുക എന്നതു ഭരണപക്ഷത്തിന്റെ നയമാണോ എന്ന് മുഖമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വരാജ് പറഞ്ഞ മത്തായിയുടെ സുവിശേഷം തനിക്കറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷത്തെ അപമാനിക്കാന്‍ ഭരണപക്ഷം ഒന്നും ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കു പരിശോധിച്ച് ആവശ്യമായ റൂളിങ് നല്‍കാമെന്നും മുഖ്യമന്ത്രി അറിയിച്ചതോടെയാണ് ബഹളം ശമിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക