|    Oct 23 Mon, 2017 12:51 am
Home   >  Todays Paper  >  Page 5  >  

സ്വരാജിനെതിരേയുള്ള വിമര്‍ശനം: സിപിഐക്ക് മറുപടിയുമായി സിപിഎം

Published : 1st September 2016 | Posted By: SMR

കൊച്ചി: എം സ്വരാജിനെതിരെയുള്ള സിപിഐയുടെ വിമര്‍ശനത്തിന് സിപിഎമ്മിന്റെ മറുപടി. എം സ്വരാജ് എംഎല്‍എയെന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു കാഴ്ചവയ്ക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം സ്വരാജിനെക്കുറിച്ചു മണ്ഡലത്തില്‍ മികച്ച അഭിപ്രായമാണുള്ളത്. ഇക്കാര്യം തൃപ്പൂണിത്തുറ മണ്ഡലത്തിലെ പലരും തന്നോടു പറഞ്ഞതായും പി രാജീവ് പറഞ്ഞു.
വസ്തുതകള്‍ക്കു നിരക്കാത്ത വിധത്തിലുള്ള പ്രതികരണങ്ങള്‍ സിപിഐയുടെ ഭാഗത്തു നിന്നുണ്ടായപ്പോഴാണ് സിപിഎമ്മിന് പ്രതികരിക്കേണ്ടിവന്നത്. ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ നിലവിലുള്ളൂ. സിപിഎമ്മും സിപിഐയും രണ്ടു പാര്‍ട്ടികളാണ് അതുകൊണ്ടുതന്നെ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും. അതു പരിഹരിക്കാന്‍ കഴിയുന്നതാണെന്നും പി രാജീവ് പറഞ്ഞു. ഏതാനും നാളുകളായി ജില്ലയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തുറന്ന പോരിലാണ്. സിപിഎം പുറത്താക്കിയവരെയും വിട്ടുപോയവരെയും സിപിഐ സ്വീകരിച്ചതുമുതലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്യമായി പോര് ആരംഭിച്ചത്. ജില്ലാ സെക്രട്ടറിമാര്‍ തമ്മില്‍ ആരംഭിച്ച പോരിന്റെ തുടര്‍ച്ചയായിട്ടാണ് എം സ്വരാജും സിപിഐ നേതാക്കളും തമ്മില്‍ വാക്‌പോര് ആരംഭിച്ചത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം സ്വരാജിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സിപിഐയുടെ മുഖപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു മറുപടിയായി സ്വരാജ് തന്റെ ഫേസ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. പോര് അതിരുകടന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ട് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി സ്വരാജ് അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് ആരോപിച്ചുകൊണ്ട് സിപിഐ വീണ്ടും രംഗത്തുവന്നിരുന്നു.
സിപിഐക്കാരെ അവഹേളിക്കാന്‍ എടുക്കുന്ന വീര്യം ഇടക്കൊച്ചിയില്‍ കള്ളക്കേസില്‍ കുടുക്കി പോലിസ് മര്‍ദ്ദിച്ച് നട്ടെല്ലൊടിച്ച് ആശുപത്രിയില്‍ കഴിയുന്ന സുരേഷിനു നീതി ലഭിക്കാനും തൃപ്പൂണിത്തുറയിലെ തീരപ്രദേശങ്ങളിള്‍ കുടിവെള്ളമെത്തിക്കാനും തൃപ്പൂണിത്തുറയുടെ സമഗ്രവികസനത്തിനും ഉപയോഗിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് സിപിഐക്ക് വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക