|    Jan 20 Fri, 2017 1:33 pm
FLASH NEWS

സ്വയരക്ഷ: സ്ത്രീകള്‍ ആയുധങ്ങള്‍ കരുതണം- ഋഷിരാജ് സിങ്ങ്

Published : 15th August 2016 | Posted By: SMR

കൊച്ചി: സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ കത്തിയോ കുരുമുളക് സ്‌പ്രേയോ ഹാന്‍ഡ് ബാഗില്‍ കരുതണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഇക്കാര്യം പോലിസ് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍, ആരും ഒന്നും ചെയ്യുന്നില്ല. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ഗ്രസ്റ്റ് സംഘടിപ്പിച്ച ഹോപ് വിദ്യാര്‍ഥികളുടെ സംസ്ഥാനതല ശാക്തീകരണ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുന്ന ഒരു കാലമുണ്ടാവൂ. മടിച്ചുനില്‍ക്കാതെ പ്രശ്‌നങ്ങള്‍ പോലിസിനെ അറിയിക്കണം. എന്നാലേ ഈ അവസ്ഥയ്ക്ക് മാറ്റം വരൂ. സ്വയരക്ഷയ്ക്കായുള്ള അടിസ്ഥാന കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ആദ്യം പഠിക്കേണ്ടത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമാണുള്ളത്.
ഒരു പുരുഷന്‍ പതിനാല് സെക്കന്റിലധികം സമയം ഒരു സ്ത്രീയെ നോക്കി നില്‍ക്കുകയോ സ്ത്രീക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്താല്‍ അയാള്‍ക്കെതിരേ കേസെടുക്കാന്‍ നിയമമുണ്ട്. എന്നാല്‍, ഇന്നേവരെ അത്തരത്തില്‍ ഒരു കേസ് പോലും രേഖപ്പെടുത്താത്തതിനു കാരണം സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നത് കൊണ്ടാണെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി.
ബസ്സിലോ സ്‌കൂളിലോ കോളജിലോ വച്ച് ആരെങ്കിലും കമന്റടിക്കുകയോ കയറിപ്പിടിക്കുകയോ ചെയ്താല്‍ സ്ത്രീകള്‍ അവിടെത്തന്നെ ബഹളമുണ്ടാക്കുകയും ആളുകളെ അറിയിക്കുകയും വേണം. ഉടനെ തന്നെ അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാനും തയ്യാറാവണം.
കളരി ആയോധനമുറകള്‍ സ്‌കൂള്‍ സിലബസില്‍ നിര്‍ബന്ധമാക്കണം. വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ് പഠിക്കണം. ഇതൊക്കെ ചെയ്തു തുടങ്ങേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞുവെന്നും ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍ നിയമങ്ങള്‍ ശരിയായവിധത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും കൂടുതല്‍ ചര്‍ച്ചകളോ വ്യാഖ്യാനങ്ങളോ നടത്തേണ്ട ആവശ്യമില്ലെന്നും റോഡപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഋഷിരാജ് സിങ് പറഞ്ഞു.  ഉദ്യോഗസ്ഥര്‍ വെറും യന്ത്രങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ത്രിദിന ക്യാംപ് ഇന്നു സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക