|    Oct 21 Sun, 2018 12:33 am
FLASH NEWS

സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും ഒരു ബ്ലാക്ക് ബെല്‍റ്റ് കുടുംബം

Published : 13th February 2018 | Posted By: kasim kzm

ചവറ: സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും ഒരു ബ്ലാക്ക് ബെല്‍റ്റ് കുടുംബം. തേവലക്കര കിഴക്കേക്കര ‘നവമി’യിലെ അച്ഛനും അമ്മയും പെണ്‍മക്കളുമടങ്ങുന്ന നാലംഗ കുടുംബം കരാത്തെയില്‍ ബ്ലാക്ക് ബെല്‍റ്റുകാരാണ്. 20 വര്‍ഷക്കാലമായി കരാത്തെയില്‍ പരിശീലകനാണ് കുടുംബനാഥനായ ഷിഹാന്‍ അനില്‍കുമാര്‍.അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ഭാര്യ സ്മിത അനിലും മക്കളായ ആവണിയും അഷ്ട്ടമിയും ബ്ലാക്ക് ബെല്‍റ്റ് നേട്ടം കൈവരിച്ചത്. കരാത്തെയിലെ മാസ്റ്റര്‍ ഡിഗ്രിയായ ഷിഹാന്‍ പദവിയാണ് അനില്‍കുമാറിനുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നേരിട്ട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി കരാത്തെ പരിശീലന സ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഷിട്ടോറിയു കരാത്തെ ഡോ ഇന്റര്‍നാഷനല്‍ എന്ന പേരില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി നിരവധി സ്ഥാപനങ്ങള്‍ നിലവിലുണ്ട്. സ്വയരക്ഷ, ആത്മവിശ്വാസം, നേതൃത്വ ഗുണം, ശാരീരിക ക്ഷമത എന്നിവ കരാത്തെയിലൂടെ കൈവരിക്കാന്‍ അഞ്ച് വയസ് മുതല്‍ 60 വരെ പ്രായമുള്ളവരാണ് അനില്‍ കുമാറിന്റെ ചിട്ടയായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന കാലത്ത് സ്വയം രക്ഷയ്ക്കായി വീട്ടമ്മമാരും വിദ്യാര്‍ഥിനികളുമുള്‍പ്പടെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകളാണ് കരാത്തെ പരിശീലന സ്ഥാപനത്തിലായി എത്തുന്നത്. ഇവരെ പരിശീലിപ്പിക്കാന്‍ അനില്‍കുമാറിന്റെ ഭാര്യ സ്മിതയുടെ നേതൃത്വത്തില്‍ സ്ത്രീ പരിശീലകരും സ്ഥാപനത്തിലുണ്ട്. സ്‌കൂളുകളില്‍ നടപ്പാക്കി വരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരാത്തെയില്‍  മൂന്ന് മാസ പരിശീലനത്തിനും അനില്‍ കുമാര്‍ സഹായിക്കാറുണ്ട്. മൂന്നര വര്‍ഷത്തെ പരിശീലനത്തിലൂടെ വൈറ്റ്, യെല്ലോ, ഓറഞ്ച് ,ഗ്രീന്‍, പര്‍പ്പിള്‍, ബ്രൗണ്‍ ഫോര്‍ത്ത്, ബ്രൗണ്‍ തേര്‍ഡ്, ബ്രൗണ്‍ സെക്കന്‍ഡ് , ബ്രൗണ്‍ ഫസ്റ്റ് എന്നീ കടമ്പകള്‍ കടന്നാണ് കരാത്തെയില്‍ ബ്ലാക്ക് ബെല്‍റ്റ് പദവി നേടുന്നത്. അനില്‍കുമാര്‍- സ്മിത ദമ്പതികളുടെ മക്കളായ ആവണി അഞ്ച് വയസ് മുതലും അഷ്ട്ടമി മൂന്നര വയസിലുമായിട്ടാണ് പരിശീലനം തുടങ്ങിയത്. കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊല്‍ക്കത്തയില്‍ നടത്തിയ സീനിയര്‍ നാഷനല്‍ കരാത്തെ ചാംപ്യന്‍ഷിപ്പില്‍ എ ഗ്രേഡ് ജഡ്ജ് പദവി അനില്‍കുമാര്‍ സ്വന്തമാക്കിയിരുന്നു. രാജ്യത്തിന് പുറത്തുള്ള നിരവധി മല്‍സരവേദികളിലും അനില്‍ കുമാര്‍ ജഡ്ജായും പരിശീലകനായും പ്രത്യക്ഷപ്പെടാറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss