|    Jan 22 Sun, 2017 9:18 am
FLASH NEWS

സ്വയം ചിതയൊരുക്കി 64കാരന്‍ ആത്മഹത്യ ചെയ്തു

Published : 27th March 2016 | Posted By: RKN

തൊടുപുഴ: സ്വയം ചിതയൊരുക്കി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയന്‍ (64) ആണ് വീട്ടുമുറ്റത്ത് സ്വയം ഒരുക്കിയ ചിതയില്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. രണ്ട് മാസമായി ഇയാള്‍ വിറക് ശേഖരിച്ചു വീടിന് മുറ്റത്ത് പാറയോട് ചേര്‍ന്ന മൂലയില്‍ കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. വീട്ടുകാരും സമീപത്തുള്ളവരും ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും മഴക്കാലത്തിനു മുമ്പ് വിറക് ശേഖരിക്കുകയാണെന്നാണ് പറഞ്ഞത്. വെള്ളിയാഴ്ച സമീപത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോല്‍സവത്തില്‍ പങ്കെടുത്ത് വീട്ടിലെത്തി. ഭാര്യയെയും മകനെയും മകന്റെ കുടുംബത്തെയും നിര്‍ബന്ധിച്ച് ബന്ധുവീട്ടിലേക്ക് അയച്ച ശേഷമാണ് വീട്ടുമുറ്റത്ത് ചിതയൊരുക്കി ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ സമീപവാസി വിജയന്റെ വീട്ടുമുറ്റത്ത് അസ്വാഭാവികമായി കനലും മനുഷ്യന്റെ അസ്ഥികഷ്ണങ്ങളും കണ്ടതിനെ തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരെത്തി പരിശോധന നടത്തിയപ്പോള്‍ ഇതിനു സമീപത്തു നിന്നും പെട്രോളും മണ്ണെണ്ണയും പൂജാദ്രവ്യങ്ങളും കണ്ടെത്തി. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി വീടിനകം പരിശോധിച്ചപ്പോള്‍ മൂന്ന് പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. തന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദികളല്ലെന്നും മോക്ഷം തേടിയുള്ള തന്റെ യാത്രയാണിതെന്നും കുറിപ്പിലുണ്ട്. ആത്മഹത്യാകുറിപ്പിനൊപ്പം ശബരിമല അയ്യപ്പനെയും ശ്രീനാരായണഗുരുദേവനെയും പ്രകീര്‍ത്തിക്കുന്ന രണ്ട് കീര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. കഴിഞ്ഞ മാസം 15ന് തയ്യാറാക്കിയ കത്തില്‍ താന്‍ ചിതയൊരുക്കിയ രീതിയും പൂജാദികര്‍മങ്ങള്‍ സ്വയം നടത്തുമെന്നും വിവരിക്കുന്നു. ചിതയുടെ സമീപത്തുനിന്നു കര്‍പ്പൂരം, ചന്ദനത്തിരി, രാമച്ചം എന്നിവയും കണ്ടുകിട്ടിയിട്ടുണ്ട്. മൃതദേഹം പൂര്‍ണമായും കത്തി ചാരമായിരുന്നു. ചിത ഒരുക്കും മുമ്പ് വിജയന്‍ സ്വന്തം ശരീരം വിറകുമായി ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നതായി സംശയമുണ്ട്. ആരെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതൊഴിവാക്കാന്‍ വീട്ടിലെ കുടിവെള്ള സംഭരണിയില്‍ നിന്നും വെള്ളം പൂര്‍ണമായും ഒഴുക്കിക്കളയുകയും സമീപത്തെ കുടിവെള്ള ഹോസുകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ചെയ്യുമെന്ന് ആത്മഹത്യാകുറിപ്പിലും സൂചിപ്പിച്ചിരുന്നു. മൂന്ന് മാസക്കാലമായി നിരവധി ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിജയന്‍ തന്റെ മരണം ദൈവനിയോഗമാണെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിജയന് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശാന്തമ്പാറ പോലിസ് കേസെടുത്തു. ശ്യാമളയാണ് ഭാര്യ. മക്കള്‍: രാജേഷ്, രതീഷ്, ബിന്ദു. മരുമക്കള്‍: ദീപ, വിജയകുമാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 125 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക