|    Feb 20 Mon, 2017 12:25 am
FLASH NEWS

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി; 10 കോടി അനുവദിക്കുന്നതിന് കേന്ദ്ര മന്ത്രാലയത്തിന് അപേക്ഷ നല്‍കി

Published : 1st November 2016 | Posted By: SMR

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളിലുള്ള കുടുംബങ്ങളെ വനത്തിനു പുറത്തേക്കുമാറ്റുന്നതിന് ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടത്തിപ്പിന് അടിയന്തിരമായി 10 കോടി രൂപ അനുവദിക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷയെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ പറഞ്ഞു. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വഹണത്തിനു ഇതിനകം മൂന്ന് ഘട്ടങ്ങളായി 17.5 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 7.5 കോടി രൂപയുടെ സംസ്ഥാന ഫണ്ടും ലഭിച്ചു. ഇതില്‍ 18 കോടി രൂപ വിനിയോഗിച്ച് 182 യോഗ്യതാ കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റി. 50 ഓളം കുടുംബങ്ങള്‍ക്ക് ആദ്യ ഗഡു നല്‍കി. ഏകദേശം രണ്ട് കോടി രൂപ ജില്ലാ ഭരണകൂടത്തിന്റെ പക്കലുണ്ട്. 1984ല്‍ നിലവില്‍വന്ന വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി റേഞ്ചുകളില്‍ 110 ജനവാസകേന്ദ്രങ്ങളിലായി 2750 ലേറെ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. പരമ്പരാഗതമായി വനത്തില്‍ താമസിക്കുന്ന ചെട്ടി, ആദിവാസി വിഭാഗങ്ങളുടെയും പതിറ്റാണ്ടുകള്‍ മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഭൂമി പാട്ടത്തിന് നല്‍കി വനത്തില്‍ കുടിയിരുത്തിയ കുടുംബങ്ങളുടെയും  പിന്‍മുറക്കാരാണ് ഇവര്‍. വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന വനം-വന്യജീവി വകുപ്പ് കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ തയാറാക്കിയതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി. വനത്തിനു പുറത്തേക്ക് മാറുന്ന ഓരോ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപയാണ് പദ്ധതിയില്‍ നല്‍കുന്നത്. ഓരോ വീട്ടിലെയും പ്രായപൂര്‍ത്തിയെത്തിയവര്‍, വികലാംഗര്‍, വിധവകള്‍ എന്നിവരെ വെവ്വേറെ കണക്കാക്കിയാണ് യോഗ്യതാകുടുംബങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, മുത്തങ്ങ റേഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റേഞ്ചിലെ നരിമുണ്ടക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പദ്ധതിയുടെ പ്രഥമ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇത്രയും ഗ്രാമങ്ങളിലായി 360 വീട്ടുകാരും 123 കൈവശക്കാരും 880 യോഗ്യതാകുടുംബങ്ങളും ഉള്ളതായാണ് വനം ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ കണ്ടത്. പദ്ധതിയുടെ ആദ്യഘട്ടം നിര്‍വഹണത്തിനു 80 കോടി രൂപയാണ് 2009ല്‍ കണക്കാക്കിയ ചെലവ്. പുനരധിവാസ പദ്ധതി ഗോളൂര്‍, കൊട്ടങ്കര, അമ്മവയല്‍, അരകുഞ്ചി, വെള്ളക്കോട് എന്നിവിടങ്ങളിലാണ് ഇതിനകം പൂര്‍ത്തിയായത്. കുറിച്യാട്, നരിമുണ്ടക്കൊല്ലി, ഇശ്വരന്‍കൊല്ലി എന്നിവിടങ്ങളില്‍ പദ്ധതി നടത്തിപ്പ് പുരോഗതിയിലാണ്. നരിമുണ്ടക്കൊല്ലിയില്‍ 15 കുടുംബങ്ങളാണ് ആകെ. ഇതില്‍ മൂന്നെണ്ണം ആദിവാസി കുടുംബങ്ങളാണ്. ഈശ്വരന്‍കൊല്ലിയിലെ ഒന്‍പത് കുടുംബങ്ങളില്‍ അഞ്ചും ആദിവാസികളുടേതാണ്. 18 യോഗ്യതാകുടുംബങ്ങളായിരുന്നു കൊട്ടങ്കരയില്‍. ഇവിടെ  സംസ്ഥാന ഫണ്ട് ഉപയോഗപ്പെടുത്തിയായിരുന്നു പദ്ധതി നിര്‍വഹണം. ചെട്യാലത്തൂര്‍, പുത്തൂര്‍, മണിമുണ്ട, പാമ്പന്‍കൊല്ലി, പങ്കളം, കോളോട് ഗ്രാമങ്ങളിലാണ് പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ളത്. വന്യജീവി സങ്കേതത്തില്‍ കര്‍ഷക കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. ആനയും കടുവയും അടക്കം വന്യജീവീകളെ ഭയന്നാണ് ഓരോ കുടുംബവും ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. കാട്ടാന, മാന്‍, കുരങ്ങ്, പന്നി എന്നിവയുടെ ശല്യംമൂലം പലേടത്തും ഭൂമി തരിശിട്ടിരിക്കയാണ് കൈവശക്കാര്‍. എങ്ങനെയും വനത്തില്‍നിന്ന് ഒഴിഞ്ഞാല്‍മതിയെന്ന ചിന്താഗതിയിലാണ് മിക്ക കുടുംബങ്ങളും. അതേസമയം കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനാട്ടാന്‍ ചില ആദിവാസി കുടുംബങ്ങള്‍ തയാറല്ല. കുറിച്യാട് റേഞ്ചിലെ കുറിച്യാട് ഗ്രാമത്തിലുള്ള ആദിവാസി കുടുബങ്ങള്‍ക്കാണ് കാട് വിടുന്നതില്‍ മടി. രണ്ടു വീതം പണിയ, കാട്ടുനായ്ക്ക കോളനികളാണ് ഈ ഗ്രാമത്തില്‍. തലമുറകളായി താമസിച്ചുവരുന്ന പ്രദേശം വിടാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇവിടെയുള്ള കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസികളില്‍ ഒരു വിഭാഗം. ബത്തേരി പഞ്ചായത്തിലെ ചെതലയത്തുനിന്ന് ഏകദേശം 15 കിലോ മീറ്റര്‍ അകലെയാണ് കുറിച്യാട്. ഇവിടെ 100 ഏക്കര്‍ വനമാണ് ഒഴിപ്പിച്ചെടുക്കാനുള്ളത്. പദ്ധതി പൂര്‍ണമായും നടപ്പിലാക്കിയ പ്രദേശങ്ങളില്‍ മുന്‍ ജനവാസകേന്ദ്രങ്ങള്‍ നിബിഡവനമായി മാറുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക