|    Jun 24 Sat, 2017 7:25 pm
FLASH NEWS

സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി താളംതെറ്റി; വനാന്തര ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ ദുരിതത്തില്‍

Published : 8th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പാക്കുന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി താളംതെറ്റി. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ മെല്ലെപ്പോക്ക്് നയം തുടരുന്നതിനാല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. ഈ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ല. നൂറുകണക്കിന് കുടുംബങ്ങളാണ് തീരാദുരിതമനുഭവിക്കുന്നത്. വയനാട് വന്യജീവി സങ്കേത്തതിലെ കുറിച്യാട്, ഗോളൂര്‍, അമ്മവയല്‍, അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാമ്പക്കൊല്ലി, പങ്കളം, കോളൂര്‍, ചെട്ട്യാലത്തൂര്‍, നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് പദ്ധതയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ 800 യോഗ്യതാ കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. ഇതില്‍ 12 ഗ്രാമങ്ങള്‍ നൂല്‍പ്പുഴ പഞ്ചായത്തിലും രണ്ടു ഗ്രാമങ്ങള്‍ മാനന്തവാടി, തിരുനെല്ലി പഞ്ചായത്തുകളിലുമാണ്. ഇതില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ ഗോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, കുറിച്യാട് ഗ്രാമങ്ങളിലെ കുടുംബങ്ങളെ മാത്രമാണ് പദ്ധതി പ്രകാരം ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ തന്നെ കുറിച്യാട്്് വനാന്തര ഗ്രാമത്തിലെ 45 കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട യോഗ്യതാകുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടില്ല. ഇവര്‍ക്കായി ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍, മറ്റു നടപടികള്‍ ഒന്നുംതന്നെയായിട്ടില്ല. നിലവില്‍ 10 ലക്ഷം രൂപ വീതമാണ് ഒരു യോഗ്യതാകുടുംബത്തിന് പദ്ധതി പ്രകാരം നഷ്ടപരിഹാരമായി നല്‍കുന്നത്. എട്ടും പത്തും ഏക്കര്‍ ഭൂമിയുള്ളവര്‍ക്കും 10 സെന്റ് ഭൂമിയുള്ളവര്‍ക്കും ഒരേ തുകയണ് ലഭിക്കുന്നത്. ഇതുകൊണ്ട് കാടിനു പുറത്ത് 10 സെന്റ് ഭൂമി വാങ്ങാന്‍ പോലും തികയില്ല. മൂന്നു് മുതല്‍ ആറു കിലോമീറ്റര്‍ വരെ ഉള്‍വനത്തിലാണ് ഗ്രാമങ്ങള്‍ സ്ഥിതിചെയ്യുന്നത്. പദ്ധതിയില്‍ ഉള്‍പ്പെട്ടു എന്നതിന്റെ പേരില്‍ ഈ ഗ്രാമങ്ങളിലേക്ക് റോഡ്, വൈദ്യുതി, വീട് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. രാത്രിയായാല്‍ പുറത്ത് ജോലിക്ക് പോവുന്നവര്‍ക്ക് ഗ്രമത്തിലെ വീ്ട്ടിലേക്ക്് മടങ്ങാന്‍ കഴിയില്ല. തൊട്ടടുത്ത ടൗണുകളിലെ പീടികക്കോലായില്‍ അഭയം തേടുകയേ രക്ഷയുള്ളൂ. ഈ സാഹചര്യത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി വനാന്തരഗ്രാമത്തിലെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവുന്ന തരത്തില്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക