|    Mar 22 Thu, 2018 1:39 pm
Home   >  Todays Paper  >  page 11  >  

സ്വപ്‌നക്കുതിപ്പ് തുടരാന്‍ ബെല്‍ജിയവും വെയ്ല്‍സും

Published : 1st July 2016 | Posted By: SMR

ലില്ലെ: യൂറോ കപ്പില്‍ സ്വപ്‌നതുല്യമായ കുതിപ്പ് നടത്തുന്ന ബെല്‍ജിയം, വെയ്ല്‍സ് ടീമുകളിലൊന്നിന് ഇന്നു നാട്ടിലേക്ക് മടങ്ങേണ്ടിവരും.
രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമും ഇന്നു മുഖാംമുഖം വരുമ്പോള്‍ ആരാവും വിജയരഥത്തിലേറുന്നതെന്ന് സമയം തെളിയിക്കും.
ബേല്‍ ഃ ബെല്‍ജിയം
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ റയല്‍ മാഡ്രിഡ് സ്റ്റാര്‍ ഗരെത് ബേലിന്റെ ചിറകിലേറിയാണ് വെയ്ല്‍സിന്റെ കുതിപ്പ്. എന്നാല്‍ ഫിഫ റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നി ല്‍ക്കുന്ന ബെല്‍ജിയത്തിന് ഒരുപിടി മികച്ച താരങ്ങളുണ്ട്. ചെല്‍സി പ്ലേമേക്കര്‍ ഈഡന്‍ ഹസാര്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റി അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡിബ്രൂയ്ന്‍, എവര്‍ട്ടന്റെ ഗോളടിവീരനായ റൊമേലു ലുക്കാക്കു എന്നിവരടക്കം യൂറോപ്പില്‍ പയറ്റിത്തെളിഞ്ഞ നിരവധി പേര്‍ ബെ ല്‍ജിയം നിരയിലുണ്ട്.
പോര്‍ച്ചുഗലിനു സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന പോലെയാണ് വെയ്ല്‍സിനു ബേല്‍. താരപ്പകിട്ടു കുറഞ്ഞ വെയ്ല്‍സിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നത് ബേലിന്റെ സാന്നിധ്യമാണ്.
കന്നി യൂറോ കളിക്കുന്ന വെയ്ല്‍സ് പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇതുവരെ കാഴ്ചവച്ചത്. ഇംഗ്ലണ്ട്, റഷ്യ, സ്ലൊവാക്യ എന്നിവരടങ്ങുന്ന കടുപ്പമേറിയ ഗ്രൂപ്പില്‍ നിന്ന് വെയ്ല്‍സ് അടുത്ത റൗണ്ടിലേക്ക് മുന്നേറുമോയെന്നു പോലും നേരത്തേ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ചാംപ്യ ന്‍മാരായി വെയ്ല്‍സ് ഏവരെ യും അദ്ഭുതപ്പെടുത്തി. രണ്ടു ജയവും ഒരു തോല്‍വിയുമാണ് വെയ്ല്‍സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
സ്ലൊവാക്യയെ 2-1ന് തോല്‍പ്പിച്ച് അരങ്ങേറിയ വെയ്ല്‍സ് രണ്ടാമത്തെ കളിയില്‍ 1-0നു ലീഡ് ചെയ്ത ശേഷം ഇഞ്ചുറിടൈമിലെ ഗോളില്‍ ഇംഗ്ലണ്ടിനു മുന്നില്‍ 1-2നു തലകുനിച്ചു. എന്നാല്‍ അവസാന മല്‍സരത്തില്‍ റഷ്യയെ 3-0നു മുക്കി വെയ് ല്‍സ് പ്രീക്വാര്‍ട്ടറിലേക്കു കുതിക്കുകയായിരുന്നു. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു കളികളിലും ബേ ല്‍ ടീമിനായി വലകുലുക്കി. ഇതില്‍ ഇംഗ്ലണ്ടിനെതിരായ കളിയിലെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോ ള്‍ ഇതിനകം തന്നെ ടൂര്‍ണമെ ന്റിലെ മികച്ച ഗോളുകളിലൊന്നായി മാറിക്കഴിഞ്ഞു.
പ്രീക്വാര്‍ട്ടറില്‍ അയല്‍ക്കാരായ വടക്കന്‍ അയര്‍ലന്‍ഡായിരുന്നു വെയ്ല്‍സിന്റെ എതിരാളികള്‍. ഐറിഷ് താരം വഴങ്ങിയ സെല്‍ഫ് ഗോളില്‍ 1-0ന്റെ ജയവുമായി വെയ്ല്‍സ് ക്വാര്‍ട്ടറില്‍ ഇടംപിടിക്കുകയായിരുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിന്റെ താരമായ ആരണ്‍ റെംസി, ലിവര്‍പൂളിന്റെ താരമായ ജോ അല്ലെന്‍ എന്നിവരാണ് ബേലിനെക്കൂടാതെ വെയ്ല്‍സ് നിരയിലെ മറ്റു പ്രമുഖര്‍.
അതേസമയം, തോല്‍വിയോടെയായിരുന്നു യൂറോയില്‍ ബെല്‍ജിയത്തിന്റെ തുടക്കം. മരണഗ്രൂപ്പുകളിലൊന്നായ ഇയിലെ ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇറ്റലിക്കെതിരേ 0-2നാണ് ബെല്‍ജിയം തകര്‍ന്നത്.
ഈ തോല്‍വിയില്‍ നിന്ന് പാ ഠമുള്‍ക്കൊണ്ട് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി. രണ്ടാമത്തെ കളിയില്‍ അയര്‍ലന്‍ഡി നെ 3-0നു തുരത്തി ബെല്‍ജിയം മടങ്ങിവന്നു. അവസാന ഗ്രൂപ്പ് മ ല്‍സരത്തില്‍ കരുത്തരായ സ്വീഡനെ 1-0നു കൊമ്പുകുത്തിച്ച് ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇറ്റലിക്കു പിറകില്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തായിരുന്നു ബെല്‍ജിയത്തിന്റെ നോക്കൗട്ട്‌റൗണ്ട് പ്രവേശനം.
പ്രീക്വാര്‍ട്ടറിലാണ് ബെല്‍ജിയത്തിന്റെ ഏറ്റവും ആധികാരിക പ്രകടനം കണ്ടത്. ലോക ഫു ട്‌ബോളിലെ മുന്‍ ശക്തികളായ ഹംഗറിയെ ബെല്‍ജിയം നിലംതൊടീച്ചില്ല. ടൊലൂസില്‍ നടന്ന മല്‍സരത്തില്‍ ബെല്‍ജിയം ഏകപക്ഷീയമായ നാലു ഗോളുക ള്‍ക്ക് ഹംഗറിയെ മുക്കുകയായായിരുന്നു.
രണ്ടു ഗോളുകള്‍ നേടിയ ലുക്കാക്കുവാണ് ടൂര്‍ണമെന്റില്‍ ബെല്‍ജിയത്തിന്റെ ടോപ്‌സ്‌കോറര്‍. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം.
ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഹസാര്‍ഡിന്റെയും ഡിബ്രൂയ്‌നിന്റെ ഫോമിലാണ് ഇന്നു ബെല്‍ജിയത്തിന്റെ പ്രതീക്ഷ. 22 പാസുകളിലാണ് ഡിബ്രൂയ്ന്‍ ഇതുവരെ പങ്കാളിയായത്.
നേരിയ മുന്‍തൂക്കം വെയ്ല്‍സിന്
കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം വെയ് ല്‍സിനാണ്. ഇരുടീമും അവസാനമായി രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒന്നില്‍ ജയം വെയ്ല്‍സിനായിരുന്നു. മറ്റൊരു മല്‍സരം സമനിലയില്‍ പിരിഞ്ഞു.
യൂറോ കപ്പിന്റെ യോഗ്യതാറൗണ്ടില്‍ കഴിഞ്ഞ വര്‍ഷമാണ് വെയ്ല്‍സ് ബെല്‍ജിയത്തെ 1-0നു കീഴടക്കിയത്. ബേലിന്റെ വകയായിരുന്നു വിജയഗോള്‍. 2014ല്‍ യൂറോ യോഗ്യതാറൗണ്ടിന്റെ ആദ്യപാദത്തില്‍ ഇരുടീമും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ബെല്‍ജിയം ശക്തരായ എതിരാളികളാണെന്നും അവര്‍ക്കെതിരേ ഇന്നു ജയം എളുപ്പമാവില്ലെന്നും വെയ്ല്‍സ് സ്റ്റാര്‍ ബേല്‍ പറഞ്ഞു.
”അവര്‍ക്കെതിരേ മികച്ച റിസല്‍റ്റുകളുണ്ടാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇന്നു വെയ്ല്‍സിനു മുന്‍തൂക്കം നല്‍കില്ല”-താരം കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss