|    Nov 16 Fri, 2018 11:08 am
FLASH NEWS
Home   >  Arts & Literature  >  Art  >  

സ്വപ്‌നം കാണുന്ന വിരലുകള്‍

Published : 5th September 2017 | Posted By: G.A.G

റഫീഖ് റമദാന്‍   

ഇത് മുഹ്‌സിന മിന്‍ഹാസ്. ഡോക്ടറാണ്. മനുഷ്യര്‍ മാത്രമല്ല, നിറങ്ങളും ചികില്‍സ തേടി ഈ ദന്തഡോക്ടറുടെ അടുത്തെത്തും. വിരലുകള്‍ കൊണ്ട് കാന്‍വാസിലേക്കു പകരുന്നതോടെ മോക്ഷം ലഭിച്ച ആത്മാക്കളെ പോലെ അവ പറന്നകലും, അനന്ത വിഹായസ്സിലേക്ക്.
കുഞ്ഞുനാളിലേ നിറങ്ങളെ പ്രണയിച്ച ഈ പെണ്‍കുട്ടി മനസ്സില്‍ തെളിയുന്ന സുന്ദര ചിന്തകളെയും അനുഭവങ്ങളെയും അക്രലിക് പെയിന്റില്‍ കോറിയിടുമ്പോള്‍ അവിടെ വിരിയുന്നത് മനോഹരമായ കിനാവുകളാണ്. ചിറകടിച്ചുയരുന്ന സ്വപ്‌നങ്ങള്‍!

ജീവിതാനുഭവങ്ങളാണല്ലോ ഏതൊരു കലാകാരിയുടെയും കരുത്ത്. പെണ്‍വരകളില്‍ പലപ്പോഴും പീഡിപ്പിക്കപ്പെട്ട മനസ്സും തകര്‍ന്ന സ്വപ്‌നങ്ങളുമാണ് തെളിയാറ്. നഗ്നമായ പെണ്ണുടലിലൂടെയല്ലാതെ അതു വാര്‍ന്നുവീഴുകയുമില്ല. മുഹ്‌സിന പക്ഷേ ജീവിതം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്നു വിശ്വസിക്കുന്നവളാണ്. അതിന്റെ സൗന്ദര്യം കാണാതെ ലോകത്തിലെ വ്യഥകള്‍ മാത്രം കണ്ട് കരഞ്ഞുതീരേണ്ടതല്ല പെണ്‍ജീവിതമെന്നു വിശ്വസിക്കുന്നവള്‍.
ആത്മാവിന്റെ തീര്‍ത്ഥയാത്രകള്‍ പോലെ തോന്നും മുഹ്‌സിനയുടെ നിറച്ചാര്‍ത്തുകളിലൂടെ കണ്ണോടിക്കുമ്പോള്‍. നിരയൊത്ത ദന്തങ്ങള്‍ പോലെ അവ പുഞ്ചിരിക്കുമ്പോള്‍ അകത്ത് കുരുക്കഴിയാത്ത ഒത്തിരി നിഗൂഢതകളെ സന്നിവേശിപ്പിച്ചിട്ടുണ്ടാവും.


ഖത്തറില്‍ ഡെന്റിസ്റ്റായി ജോലിചെയ്യുന്ന ഈ തിരൂരുകാരി ഈയിടെ കോഴിക്കോട്ട് ആര്‍ട്ട് ഗാലറിയില്‍ നടത്തിയ പെയിന്റിങ് പ്രദര്‍ശനത്തിന് മികച്ച പ്രതികരണമായിരുന്നു. യുവാക്കളും വിദ്യാര്‍ഥികളും ഏറ്റെടുത്ത പ്രദര്‍ശനം. ഒരു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ മനോവ്യാപാരങ്ങള്‍ മാത്രമായിരുന്നില്ല അത്, വിദ്യാഭ്യാസവും കലയും ആത്മാവും എല്ലാമവിടെ വിഷയമായി. വനാന്തരത്തില്‍ പുസ്തകങ്ങള്‍ കൊണ്ടു പണിത വഴിത്താരയും മിന്നാമിന്നികളെ പറത്തുന്ന പോലെ തിളങ്ങുന്ന കണ്ണുകളുമായി നില്‍ക്കുന്ന യുവതിയും നിറങ്ങളുടെ ആലിംഗനവുമെല്ലാം നമ്മോട് ചിലതു പറയുന്നുണ്ട്. പടര്‍ന്നു പന്തലിച്ച വടവൃക്ഷത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടുന്ന കുട്ടികള്‍ കുടുംബമെന്ന പാരന്റിങിന്റെ സുരക്ഷിതത്വം ആസ്വദിക്കുകയാണ്. പാവക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് നിലാവുനോക്കിനില്‍ക്കുന്ന പെണ്‍കുട്ടി ഒരിക്കലൊരിടത്തു വച്ചു കണ്ട ബാലികയാണ്. മുഹ്‌സിനയുടെ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് വിടര്‍ന്ന മിഴി. മിഴിയൊരു ലോകമാണ്, ഒരാളുടെ മനസ്സിലേക്കുള്ള ജാലകങ്ങള്‍ എന്ന് മുഹ്‌സിന. അവയിലേക്ക് ഉറ്റുനോക്കിയാല്‍ അനന്തമായ ആകാശം പോലെ പരപ്പുള്ള മനസ്സിനെ അവിടെ കാണാം.


കുഞ്ഞുങ്ങളുടെ നൈര്‍മല്യത്തോടുള്ള ഇഷ്ടം മുഹ്‌സിനയുടെ വരകളിലും കാണാം. ജീവിതത്തെ പോസിറ്റീവായി കാണാനുള്ള മനസ്സ് മുഹ്‌സിനയ്ക്കു കിട്ടിയത് ഉപ്പ ഹാരിസില്‍ നിന്നാണ്. മികച്ചൊരു മോട്ടിവേറ്ററായിരുന്നു അദ്ദേഹം. മെക്കാനിക്കല്‍ എന്‍ജനീയറായ ഭര്‍ത്താവ് ഉമര്‍ ശരീഫും പോസിറ്റീവ് ചിന്തയുള്ളയാളായത് ഗുണം ചെയ്തു. നമ്മുടെ കാഴ്ചപ്പാട് മാറ്റിയാല്‍ ജീവിതം പോസിറ്റീവാകുമെന്നും                സന്തോഷം ജീവിതത്തിലേക്കു വന്നുചേരുമെന്നും മുഹ്‌സിന പറയുന്നു. തനിക്കു ചുറ്റുമുള്ള എല്ലാറ്റിലും സൗന്ദര്യം ദര്‍ശിക്കാനും കളര്‍ഫുളായി ചിന്തിക്കാനുമാണ് ഈ കലാകാരിക്കിഷ്ടം. തങ്ങളുടെ പക്കലുള്ള സുന്ദരവര്‍ണങ്ങളില്‍ ഓരോരുത്തരും സ്വന്തം ജീവിതം വരച്ചിട്ടാല്‍ എന്തു രസമായിരിക്കും!
രണ്ടു മാസത്തോളം ജോലിയില്‍ നിന്നു മാറിനിന്നാണ് എക്‌സിബിഷനു വേണ്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് മുഹ്‌സിന പറയുന്നു. ചിലതിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍, വേറെ ചിലതിന് ദിവസങ്ങള്‍. രാത്രിയുടെ അനന്തതയില്‍ വിരിഞ്ഞതാണ് ഇതിലേറെയും. മൂന്നു മണിക്കൂര്‍ വരെ ഒരു ദിവസം വരയ്ക്കായി മാറ്റിവയ്ക്കും മൂഡുള്ളപ്പോള്‍. മൂഡ് ആണല്ലോ പ്രധാനം. നഗ്നമായ വിരലുകള്‍ കൊണ്ട് പെയിന്റ് ചെയ്യുന്ന രീതിയാണ് ഈ കലാകാരിക്കിഷ്ടം. സ്‌പോഞ്ചും ഉപയോഗിക്കും.

നിറങ്ങള്‍ കാന്‍വാസിലേക്കു വാരിയെറിഞ്ഞ് ഫിനിഷിങിനാവും പലപ്പോഴും ബ്രഷ് ഉപയോഗിക്കുന്നത്. ചിത്രകലയില്‍ ഗുരുനാഥന്മാരില്ലാതെയാണ് ഇത്രയും മികവാര്‍ന്ന സൃഷ്ടികളൊരുക്കുന്നത് എന്നതു ശ്രദ്ധേയമാണ്.
ഇരുത്തം വന്ന കലാകാരിയുടെ പ്രതിഭ പെയിന്റിങുകളിലുണ്ടെങ്കിലും മുഹ്‌സിനയുടെ ചിത്രങ്ങള്‍ ഒരു പ്രദര്‍ശനമായി വരുന്നത് ആദ്യമായാണ്. സുഹൃത്തുക്കളാണ് ഇതു സംഘടിപ്പിച്ചത്. ഉദ്ഘാടനം ചെയ്തത് ചിത്രകാരി കൂടിയായ മാരിയത്താണ്. ചിത്രങ്ങള്‍ നോക്കിക്കണ്ടപ്പോള്‍ ഒരു തുടക്കക്കാരിയെന്ന് ഒട്ടും തോന്നിയില്ല എന്നാണ് മാരി പറഞ്ഞത്. കൊച്ചിയില്‍ നിന്നുള്‍പ്പെടെ ദൂരസ്ഥലങ്ങളില്‍ നിന്നു നൂറുകണക്കിനു പേര്‍ ദിവസവും പ്രദര്‍ശനം കാണാനെത്തി. വിലയൊന്നും പതിച്ചിരുന്നില്ലെങ്കിലും സ്ത്രീ ശാക്തീകരണം പ്രമേയമായ പത്തെണ്ണം പ്രദര്‍ശനത്തില്‍ വിറ്റുപോയി. കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ വയ്ക്കാന്‍ വേണ്ടി അവിടുത്തെ ഡോക്ടറാണ് വാങ്ങിയത്.
ഇഷ്ടയിനം അക്രലിക്കാണെങ്കിലും ജലച്ഛായവും ഓയില്‍ പെയിന്റിങും മുഹ്‌സിനക്കിഷ്ടമാണ്. ഖത്തറിലും കേരളത്തില്‍ കൊച്ചി പോലുള്ള പ്രധാന നഗരങ്ങളിലും പ്രദര്‍ശനം നടത്താന്‍ താല്‍പര്യമുണ്ട്. സമയമില്ലാത്തതാണ് പ്രശ്‌നമെന്നു മുഹ്‌സിന. ചിത്രകലയില്‍ വേറിട്ട വഴി കണ്ടെത്തിയ ഈ കലാകാരിക്ക് നമുക്ക്  ഒരു ലൈക്ക് കൊടുക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss