|    Jun 25 Mon, 2018 10:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സ്വന്തം തട്ടകത്തില്‍ ചാംപ്യന്‍മാര്‍ വീണു

Published : 13th August 2017 | Posted By: fsq

 

ലണ്ടന്‍: അന്റോണിയോ കോന്റെയുടെ വാക്കുകള്‍ തെറ്റിയില്ല. ഈ സീസണ്‍ കടുപ്പമായിരിക്കുമെന്ന് അറിയിച്ചു കൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ തന്നെ നിലവിലെ ചാംപ്യന്മാരായ ചെല്‍സിക്ക് നിലതെറ്റി. ബേണ്‍ലിക്കെതിരായ മല്‍സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് നീലപ്പട തോല്‍വി കണ്ടത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ നാടകീയമായി കലാശിച്ച മല്‍സരത്തില്‍ രണ്ട് താരങ്ങളാണ് ചെല്‍സി നിരയില്‍ ചുവപ്പു കാര്‍ഡ് കണ്ടത്. ക്യാപ്റ്റന്‍ ഗാരി കാഹിലും മിഡഫീല്‍ഡര്‍ ഫാബ്രിഗസും പുറത്തുപോയ കളിയില്‍ ബേണ്‍ലി സ്‌ട്രൈക്കര്‍ സാം വോക്‌സ് ഇരട്ട ഗോള്‍ നേടി. അധികസമയവും പന്ത് കൈവശം വച്ച ചെല്‍സി താരങ്ങള്‍ക്ക് നിര്‍ഭാഗ്യം 14ാം മിനിറ്റില്‍ തന്നെ പണികൊടുത്തു. ബേണ്‍ലി മിഡ്ഫീല്‍ഡര്‍ സ്റ്റീവന്‍ ഡെഫോറിനെ ഇടിച്ചിട്ടതിന് ഗാരി കാഹില്‍ പുറത്തുപോയതിനകം രണ്ട് താരങ്ങള്‍ മഞ്ഞകാര്‍ഡ് കണ്ടിരുന്നു. 10 പേരായി ചുരുങ്ങിയ ബ്ലൂസിന്റെ നിര്‍ഭാഗ്യം മുതലെടുത്ത് 24, 39, 43 മിനിറ്റുകളിലായി ബേണ്‍ലി വല കുലുക്കി. ആദ്യത്തേയും അവസാനത്തേയും ഗോളുകള്‍ സാം വോക്‌സ് സംഭാവന ചെയ്തപ്പോള്‍ സ്റ്റിഫന്‍ വാര്‍ഡ് ആണ് ഒരു ഗോള്‍ നേടിയത്. ഗോള്‍ വരള്‍ച്ച നേരിട്ട ചെല്‍സി നിരയില്‍ രണ്ടാംപകുതിയുടെ 59ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ മൊറാറ്റ പത്തു മിനിറ്റിനകം ആദ്യ ഗോള്‍ കണ്ടെത്തിയതോടെ ആശ്വാസമായി. മഞ്ഞ കാര്‍ഡ് ഇടയ്ക്കിടെ ഉയര്‍ന്ന കളിയില്‍ വിധി വീണ്ടും ചെല്‍സിയെ വഞ്ചിച്ചു. 81ാം മിനിറ്റില്‍ രണ്ടാം മഞ്ഞ കാര്‍ഡിലൂടെ ഫാബ്രിഗസും പുറത്തുപോയി. ആത്മവിശ്വാസം കൈവിടാതെ പൊരുതിയ ചെല്‍സിക്ക് പിന്നീട് ഒരു ഗോള്‍ കൂടി മാത്രമേ കണ്ടെത്താന്‍ സാധിച്ചുള്ളൂ. മൊറാറ്റയുടെ അസിസ്റ്റില്‍ ഡേവിഡ് ലൂയിസ് ആയിരുന്നു ലക്ഷ്യം കണ്ടത്.

ആദ്യ ജയം ആഴ്‌സനലിന്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുത്തന്‍ സീസണിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ആഴ്‌സനലിന് ആവേശജയം. മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയെ ആണ് ആഴ്‌സനല്‍ മുട്ടുകുത്തിച്ചത്. മല്‍സരത്തിന്റെ 2ാം മിനിറ്റില്‍ തന്നെ ലാകസെറ്റെ ലെസ്റ്റര്‍ വലകുലുക്കി. എല്‍നെനിയുടെ അസിസ്റ്റില്‍ നേടിയ ഗോളിന് 5ാം മിനിറ്റില്‍ തന്നെ ലെസ്റ്റര്‍ മറുപടി നല്‍കിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ മല്‍സരത്തിന് ചൂടേറി. ഹാരി മാഗ്യുറിന്റെ ഷോട്ടില്‍ നിന്ന് ഒകാസാകിയാണ് സമനില ഗോള്‍ കണ്ടെത്തിയത്. അധികസമയവും പന്ത് കൈവശപ്പെടുത്തിയ ആഴ്‌സനലിനെ ഞെട്ടിച്ചു കൊണ്ട് 29ാം മിനിറ്റില്‍ ലെസ്റ്ററിന് വീണ്ടും ലീഡ്. ആല്‍ബ്രിട്ടോന്റെ അസിസ്റ്റില്‍ വാര്‍ഡിയിലൂടെ മുന്നിലെത്തിയ ലെസ്റ്റര്‍ ഭീഷണി പീരങ്കിപ്പട മറികടന്നത് ആദ്യപകുതിയുടെ ഇഞ്ച്വറിടൈമില്‍. കൊലസ്‌നിയാകിന്റെ ഷോട്ടില്‍ വെല്‍ബാകിലൂടെയാണ് ആഴ്‌സനല്‍ ആശ്വാസം കണ്ടെത്തിയത്. രണ്ടാംപകുതിയുടെ 11ാം മിനിറ്റില്‍ ലെസ്റ്റര്‍ ആധിപത്യം തിരിച്ചുപിടിച്ചു. വാര്‍ഡിയുടെ രണ്ടാം ഗോള്‍. പിന്നീട് തിരിച്ചടിക്കാന്‍ പൊരുതിയ ആഴ്‌സനല്‍ നിരയ്ക്ക് കരുത്തുകൂട്ടി 67ാം മിനിറ്റില്‍ റംസിയേയും ജിറൗഡിനേയും ആഴ്‌സന്‍ വെങ്ങര്‍ കളത്തിലിറക്കി. 75ാം മിനിറ്റില്‍ വാല്‍കോട്ടും വന്നതോടെ മറുവശത്തും രണ്ട് മാറ്റങ്ങള്‍ ഉണ്ടായി. ലെസ്റ്റര്‍ ജയമുറപ്പിച്ച് നിന്ന് കളിയുടെ 83ാം മിനിറ്റില്‍ ആരോണ്‍ റംസി ആഴ്‌സനലിന് സമനിലയാശ്വാസം നല്‍കിയപ്പോള്‍ രണ്ട് മിനിറ്റ് കൂടിച്ചേരും മുമ്പ് ജിറൗഡ് വിജയ ഗോള്‍ പായിച്ചു. രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് ച്ചാക്കയായിരുന്നു. ലിവര്‍പൂളിന് വാട്‌ഫോര്‍ഡ് കുരുക്ക്്സീസണിലെ ആദ്യ മല്‍സത്തിനിറങ്ങിയ ലിവര്‍പൂളിന് ശക്തമായ തിരിച്ചടി നല്‍കി സമനില. വാട്‌ഫോര്‍ഡിനോടാണ് 3-3 എന്ന സ്‌കോറിന് ലിവര്‍പൂള്‍ സമനില വഴങ്ങിയത്. ആദ്യം അക്കൗണ്ട് തുറന്ന കളിയില്‍ ഒകാക (8ാം മിനിറ്റ്), ദൗകൂറെ (32ാം മിനിറ്റ്) എന്നിവരിലൂടെ വാട്‌ഫോര്‍ഡ് ഒരു ഗോള്‍ ആധിപത്യം നേടി. സാദിയോ മെയ്ന്‍ (29ാം മിനിറ്റ്) ആണ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. 55, 57 മിനിറ്റുകളിലായി ഫിര്‍മിനോ, സലാ എന്നിവര്‍ വല കുലുക്കിയപ്പോള്‍ ജയമുറപ്പിച്ച ലിവര്‍പൂളിനെ ഞെട്ടിച്ചു കൊണ്ട് ഇഞ്ച്വറി ടൈമില്‍ ബ്രിട്ടോസിലൂടെ വാട്‌ഫോര്‍ഡ് സമനില നേടിയെടുത്തു. ഇന്നലെ മറ്റു മല്‍സരങ്ങളില്‍ എതിരില്ലാത്ത ഒരു ഗോളില്‍ എവര്‍ട്ടന്‍ സ്‌റ്റോക്‌സിറ്റിയേയും വെസ്റ്റ്‌ബ്രോം ബേണ്‍മൗത്തിനെയും പരാജയപ്പെടുത്തി. അതേസമയം, ഏകപക്ഷീയമായ മൂന്ന് ഗോളില്‍ ക്രിസ്റ്റല്‍ പാലസിനെ പുതിയ ക്ലബ്ബായ ഹഡ്ഡേഴ്‌സ്ഫീല്‍ഡ് തോല്‍പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss