|    Jan 18 Wed, 2017 12:52 am
FLASH NEWS

സ്വത്ത് തര്‍ക്കംസഹോദരനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി

Published : 20th September 2016 | Posted By: SMR

പാലക്കാട്: സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ടു പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊലപ്പെടുത്തി സെപ്റ്റിക്ടാങ്കില്‍ തള്ളി. പുതുപ്പരിയാരം പഴയ പഞ്ചായത്തിന് സമീപം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠന്‍ (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠന്റെ സഹോദരന്‍മാരായ രാജേഷ് (36), രാമചന്ദ്രന്‍ (45) എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ അഞ്ചാം തിയ്യതിക്കുശേഷം മണികണ്ഠനെ കാണാനില്ലെന്നു പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹോദരങ്ങള്‍ മണികണ്ഠനെ കൊലപ്പെടുത്തി വീടിനു പിന്നിലെ സെപ്റ്റിക്ടാങ്കില്‍ തള്ളിയതായി പോലിസ് കണ്ടെത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ഹേമാംബിക നഗര്‍ പോലിസ് സ്ഥലത്തെത്തി സെപ്റ്റിക്ടാങ്ക് തുറന്ന് അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. അറസ്റ്റ് ചെയ്ത സഹോദരങ്ങളെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. പാറയ്ക്കല്‍ വീട്ടില്‍ വാസുവിന്റെയും ജാനകിയുടെയും മൂത്ത മകനാണ് മണികണ്ഠന്‍. ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹം വിവാഹമോചിതനാണ്.
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മൂന്നു മാസം മുമ്പ് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരേ മണികണ്ഠന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
സുരേഷ്, രാമചന്ദ്രന്‍, രാജേഷ്, രാധ, കൃഷ്ണന്‍കുട്ടി എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ഇളയ സഹോദരനായിരുന്ന കൃഷ്ണന്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. കൃഷ്ണന്‍കുട്ടിയുടെ വിവാഹത്തിന് വിഹിതം നല്‍കാന്‍ കൂട്ടാക്കാതായപ്പോള്‍ പ്രതികള്‍ ബലം പ്രയോഗിച്ച് സ്ഥിരനിക്ഷേപം പിന്‍വലിക്കാനുള്ള അപേക്ഷയില്‍ മണികണ്ഠനെക്കൊണ്ട് ഒപ്പിടുവിച്ച് വാങ്ങി. ഇതുമായിബാങ്കില്‍ പോയെങ്കിലും കുടുതല്‍ രേഖകള്‍ വേണമെന്ന് പറഞ്ഞ് മടക്കി അയച്ചുവത്രേ. ആദ്യം ഒപ്പിട്ട മണികണ്ഠന്‍ പിന്നീട് ഒപ്പിടാന്‍ തയ്യാറായില്ല. ഇതില്‍ രോഷാകുലരായ ഇരുവും കിടക്കവിരികൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. സപ്തംബര്‍ അഞ്ചിന് കൊലനടത്തിയെന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞത്. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റാണ് മണികണ്ഠനെ കാണാനില്ലെന്ന പരാതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക