|    Jun 25 Mon, 2018 1:50 pm
Home   >  Editpage  >  Editorial  >  

സ്വകാര്യ സര്‍വകലാശാലകള്‍ സ്വകാര്യ അജണ്ടയല്ല

Published : 5th September 2015 | Posted By: admin

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതു സംബന്ധിച്ച വിവാദത്തിനു ചൂടുപിടിക്കുകയാണ്. ഏതോ ഒരു രൂപതയുടെ പ്രത്യേക താല്‍പ്പര്യപ്രകാരം സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി കൊടുക്കുന്നതു സംബന്ധിച്ച് പഠിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നത വിദ്യാഭ്യാസ സമിതിക്ക് നിര്‍ദേശം നല്‍കിയെന്നും സമിതി അസാധാരണ കാര്യക്ഷമതയോടെ അനുകൂല റിപോര്‍ട്ട് കൊടുത്തെന്നുമാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സമീപകാലത്ത് മുഖ്യമന്ത്രി സ്വീകരിച്ചുപോരുന്ന ഭരണരീതിയുടെ ഭാഗമാണിതെന്നാണു വിമര്‍ശനം. രാജ്യത്തിന്റെ പലഭാഗത്തും സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു എന്ന വാദം ഉന്നത വിദ്യാഭ്യാസ സമിതിയുടെ റിപോര്‍ട്ടിനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, അവയില്‍ പലതും കാശുള്ള കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന വന്‍ വാണിജ്യസ്ഥാപനങ്ങളാണ്.

അസീം പ്രേംജി യൂനിവേഴ്‌സിറ്റി പോലുള്ള ചുരുക്കം സര്‍വകലാശാലകളേ സാമൂഹിക വികസനം എന്ന ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്നതായി കാണുന്നുള്ളൂ.കര്‍ക്കശമായ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യ സര്‍വകലാശാലകളെ പ്രവര്‍ത്തിക്കാനനുവദിക്കൂ എന്ന് അവയെ അനുകൂലിക്കുന്നവര്‍ ആണയിടുന്നുവെങ്കിലും കേരളത്തിലെ അസംഖ്യം സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു എന്നു മനസ്സിലാക്കാം.

50:50 എന്ന അനുപാതത്തില്‍ സീറ്റുകള്‍ ഓഹരിവയ്ക്കുമെന്ന വ്യവസ്ഥയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് എന്‍ജിനീയറിങ്-മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി കൊടുത്തത്. ഫലത്തില്‍ അത് പകല്‍ക്കൊള്ളയായി മാറുകയായിരുന്നു. ന്യൂനപക്ഷങ്ങളുടേതാണെന്ന അവകാശമുന്നയിച്ച് ചില സ്ഥാപനങ്ങള്‍ ന്യൂനപക്ഷപദവി അടിച്ചെടുത്ത് വന്‍തോതില്‍ പണം വാങ്ങി കള്ളപ്പണക്കാര്‍ക്ക് ഒത്താശചെയ്യുന്നു. മറ്റേ വിഭാഗത്തില്‍പ്പെട്ടവരും അതേ കളിയാണു കളിക്കുന്നത്.

സ്വാശ്രയ സ്ഥാപനങ്ങളുടെ സീറ്റുകള്‍ വിറ്റുപോവുന്നതുവരെ ഭരണകൂടം പല ന്യായങ്ങളും പറഞ്ഞ് കൗണ്‍സലിങ് നീട്ടിവയ്ക്കുന്നു. സര്‍ക്കാര്‍ വക സര്‍വകലാശാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു വിദ്യാഭ്യാസവകുപ്പും മുഖ്യമന്ത്രിയും ഒരു നീക്കവും നടത്താതിരിക്കുന്നതും ചര്‍ച്ചചെയ്യേണ്ട വിഷയമാണ്. ജീവനക്കാരും രാഷ്ട്രീയക്കാരും വിദ്യാര്‍ഥിസംഘടനകളും സര്‍വകലാശാലകളെ എങ്ങനെ നശിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റിനു രണ്ടുവര്‍ഷം കാത്തിരിക്കേണ്ടിവരുന്ന കോഴിക്കോട് സര്‍വകലാശാല.

ഇന്റര്‍വ്യൂ പോലും നടത്താതെ സ്വന്തക്കാരെ യു.ജി.സി. സ്‌കെയിലില്‍ അധ്യാപകരായി നിയമിക്കുന്ന, സംവരണം പാലിക്കേണ്ടിവരുമെന്ന ആശങ്കകൊണ്ട് നിയമനം തന്നെ വേണ്ടെന്നുവയ്ക്കുന്ന സര്‍വകലാശാലകളും കേരളത്തിലുണ്ട്.  കോടിക്കണക്കിന് നികുതിപ്പണം വൃഥാവിലാക്കുന്ന ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ആദ്യം ഉന്നത വിദ്യാഭ്യാസ സമിതിയില്‍നിന്ന് അടിയന്തരപ്രാധാന്യത്തോടെ റിപോര്‍ട്ട് തേടേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss