|    Oct 20 Sat, 2018 10:10 am
FLASH NEWS

സ്വകാര്യ വ്യക്തി കൈവശം വച്ച ഒന്നര ഏക്കറോളം വനഭൂമി വനം വകുപ്പ് ഒഴിപ്പിച്ചു

Published : 27th October 2017 | Posted By: fsq

 

കോതമംഗലം: വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി കൈവശം വച്ച ഒന്നര ഏക്കറോളം വനഭൂമി വനം വകുപ്പ് അധികൃതര്‍ ഒഴിപ്പിച്ചു. വനം വകുപ്പ് നേര്യമംഗലം റേഞ്ച് ഓഫിസിന്റെ പരിധിയില്‍ വരുന്ന തലക്കോട് ഇഞ്ചിപ്പാറ ജങ്ഷനു സമീപമുള്ള വനഭൂമിയാണ് വന്‍ സന്നാഹത്തോടെ എത്തിയ വനം വകുപ്പ് അധികൃതര്‍ പോലിസിന്റെ സംരക്ഷണത്തില്‍ ഒഴിപ്പിച്ചെടുത്തത്. ഇന്നലെ അതിരാവിലെ തുടങ്ങിയ നടപടികള്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അവസാനിച്ചത്. തലക്കോട് മുള്ളരിങ്ങാട് റോഡില്‍ ഇഞ്ചിപ്പാറ ജങ്ഷനു സമീപം ഇടതുവശത്താണ് ഒഴിപ്പിച്ചെടുത്ത ഭൂമി. തലക്കോട് ഇഞ്ചിപ്പാറ പുത്തന്‍പുരയ്ക്കല്‍ ജോര്‍ജിന്റെ കൈവശമിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. ഇതില്‍ ഉണ്ടായിരുന്ന ടാപ്പിങ് നടത്തി കൊണ്ടിരുന്ന റബര്‍, കായ്ഫലമുള്ള തെങ്ങ്, കവുങ്ങ്, വാഴ എന്നിവ അധികൃതര്‍ മരംവെട്ട് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിമറിച്ചു. എന്നാല്‍ മാവ്, പ്ലാവ് തുടങ്ങിയ വലിയ മരങ്ങള്‍ മുറിച്ചിട്ടില്ല. ഏറെ നാളായി ജോര്‍ജ് വനഭൂമി കൈവശം വച്ചു പോരുന്നതായും കൃഷി നടത്തുന്നതായും വനംവകുപ്പിന് പരാതി ലഭിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ജോര്‍ജ് കൈവശം വച്ചു പോരുന്നത് വനഭൂമിയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഭൂമി ഒഴിഞ്ഞ് പോവാന്‍ ആവശ്യപ്പെട്ട് ജോര്‍ജിന് വനം വകുപ്പ് അധികൃതര്‍ 20 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം ഭൂമി സ്വയം ഒഴിഞ്ഞു പോവണമെന്നും ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും നോട്ടീസില്‍ ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ ഹാജരാക്കാത്ത പക്ഷം സ്വയം ഒഴിഞ്ഞു പോവണമെന്നും അല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പ് നേരിട്ട് ഭൂമി ഒഴിപ്പിച്ച് തിരിച്ച് പിടിക്കുമെന്നും അറിയിച്ചിരുന്നു. നോട്ടീസ്  നല്‍കി 15 ദിവസം കഴിഞ്ഞിട്ടും സ്വയം ഭൂമി ഒഴിഞ്ഞു പോവാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ്  വനം വകുപ്പ് നേരിട്ട് ഭൂമി ഒഴിപ്പിച്ച് തിരിച്ചു പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.അതേ സമയം 2008 ല്‍ മറ്റൊരാളില്‍ നിന്ന് താന്‍ വിലക്ക് വാങ്ങിയ ഭൂമിയാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നും പട്ടയം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ലിസ്റ്റ് ചെയ്ത കൈവശ ഭൂമിയുടെ പട്ടികയില്‍ പിടിച്ചെടുത്ത ഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു. 40  വര്‍ഷത്തോളമായി കൃഷി ചെയ്ത് വന്നിരുന്ന ഭൂമിയാണിതെന്നും ജോര്‍ജ് പറഞ്ഞു. വനം വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ച ശേഷം വനം വകുപ്പ് മന്ത്രിക്ക് രേഖാമൂലം ഭൂമിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി പരാതി നല്‍കിയിരുന്നതായും ജോര്‍ജ് പറഞ്ഞു. എന്നാല്‍ പിടിച്ചെടുത്ത ഭൂമി റിസര്‍വ് വനഭൂമിയായി വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ അനുമതിയോടെ മുറിച്ചിട്ടിരിക്കുന്ന മരങ്ങള്‍ ലേലം ചെയ്യുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നാര്‍ ഡിഎഫ്ഒ നരേന്ദ്രബാബു, കോതമംഗലം ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സാബി വര്‍ഗീസ്, നേര്യമംഗലം റേഞ്ച് ഓഫിസര്‍ സുധീന്ദ്രനാഥ്, മുള്ളരിങ്ങാട് റേഞ്ച് ഓഫിസര്‍ പി കെ തമ്പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍. ഇടുക്കി പോലിസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സുരക്ഷയും ഒരുക്കിയിരുന്നു. വനം വകുപ്പ് അധികൃതരുടെ നടപടിക്കെതിരേ റവന്യുമന്ത്രിക്ക് പരാതി നല്‍കുമെന്ന് ജോര്‍ജ് അറിയിച്ചു.സിപിഐ മണ്ഡലം കമ്മിറ്റിയംഗം പി ടി ബെന്നിയുടെ സഹോദരനാണ് ജോര്‍ജ്. അതേസമയം കള്ളപരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നടപടിയെന്നും പിടിച്ചെടുത്ത ഭൂമി കൈവശഭൂമിയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി എസ് നാരായണന്‍ നായര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഇ കെ ശിവന്‍ പറഞ്ഞു. വനംവകുപ്പിന്റെ നടപടിക്കെതിരേ ഇന്ന് രാവിലെ 10ന് നേര്യമംഗലം റേഞ്ച് ഓഫിസിലേക്ക് സി പിഐ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഇവര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss