|    Jun 29 Thu, 2017 5:54 am
FLASH NEWS

സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ വന്യമൃഗങ്ങള്‍; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

Published : 22nd October 2016 | Posted By: SMR

തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് വന്യ മൃഗങ്ങളെ കണ്ടെത്തിയ സംഭവത്തില്‍ വന വകുപ്പ് അന്വേഷണം ആരംഭിച്ചു. മൃഗങ്ങളെ സൂക്ഷിച്ചിരുന്നത് വിദേശത്തേയ്ക്കു കടത്താനാണെന്ന ആക്ഷേപവും അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കദളിക്കാട് മൈലാടുര്‍ കുര്യന്‍ (71)നെ വനംവകുപ്പ് പിടികൂടിയിരുന്നു. പ്രതിയുടെ വാഗമണിലുള്ള എസ്റ്റേറ്റില്‍ നിന്ന് മലയണ്ണാന്‍, പരുന്ത്, മുള്ളന്‍പന്നി എന്നീ മൃഗങ്ങളെ പിടികൂടി എലിപ്പെട്ടിക്കകത്താക്കി വീട്ടിലെത്തിച്ചിരുന്നതായി ഇയാളുടെ കൂടെ ജോലി ചെയ്തിരുന്നയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കദളിക്കാടിനു സമീപം വീട്ടില്‍ വളര്‍ത്തിയിരുന്ന വന്യമൃഗങ്ങളെയാണ് വനം വകുപ്പ് പിടികൂടിയത്. ഉടുമ്പ്, പെരുമ്പാമ്പ്, ആമ എന്നിവയെയാണ് അനധികൃതമായി വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പ്രതിയുടെ വാഗമണിലുള്ള എസ്റ്റേറ്റില്‍ ഇതുവരെ അന്വേഷണ സംഘമെത്തിയിട്ടില്ല. ഇവിടെ ആമയെ കിണറ്റില്‍ വളര്‍ത്തിയിട്ടുള്ളതായും ആരോപണമുയരുന്നുണ്ട്. വാഗമണില്‍ 50 ഏക്കറോളം വരുന്ന എസ്റ്റേറ്റാണ് ഇവിടെയുള്ളത്. ഇതിനു സമീപത്തായി അഞ്ചേക്കറോളം സ്ഥലത്തായി റിസോര്‍ട്ടാണ്. ഇവിടെ നിന്നാണ് കദളിക്കാട്ടിലെ വീട്ടിലേയ്ക്കു മൃഗങ്ങളെ കെണിവച്ച് പിടിച്ച് കടത്തിയത്. ജോലി സ്ഥലത്തെ ജീവനക്കാരോട് മുള്ളന്‍പന്നിയെ കിട്ടുമോയെന്നും ഇയാള്‍ അന്വേഷിച്ചിരുന്നു.കദളിക്കാട്ടിലെ വീട്ടില്‍ ആധുനികമായ സംവിധാനങ്ങളാണ് നിലവിലുള്ളത്. വീടിന്റെ പിന്നിലായി പ്രത്യേകം നിര്‍മിച്ച കൂടുകളിലാണ് മൃഗങ്ങളെ വളര്‍ത്തിയിരുന്നത്. എല്ലാ വശങ്ങളില്‍ നിന്നും ഗ്രില്ല് ഉപയോഗിച്ച് പൂട്ട് നിര്‍മിച്ചിരുന്നു. വീട്ടുടമയുമായി തെറ്റിപ്പിരിഞ്ഞ ഇവിടുത്തെ ജോലിക്കാരന്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വന്യമൃഗങ്ങളെ പിടികൂടിയത്.കാളിയാര്‍ മണിയംപ്രായില്‍ തോമസ് സെബാസ്റ്റ്യനാണ് പരാതിക്കാരന്‍. പശു, കോഴി, ആട് എന്നിവയും വാഹനവും കുര്യന്‍ വീട്ടില്‍ പിടിച്ച് വച്ചിരിക്കുന്നതായാണ് തോമസ് വാഴക്കുളം പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തൊടുപുഴ റേഞ്ച് ഓഫിസര്‍ കെ എന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടിച്ചത്. പ്രതിക്കെതിരേ വേട്ടയാടല്‍ അന്യായമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങളെ തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും കൂടെയുള്ള ജീവനക്കാര്‍ ചതിച്ചെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇയാള്‍ 14 ദിവസത്തേയ്ക്ക് റിമാന്‍ഡിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക