|    Sep 22 Sat, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സ്വകാര്യ വാഹനങ്ങളിലെ വിദ്യാര്‍ഥി യാത്രമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Published : 15th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഓട്ടോറിക്ഷകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ ശ്രീകുമാരന്‍ നായരുടെ പരാതിയിലാണ് കമ്മീഷന്‍ അധ്യക്ഷ ശോഭാകോശി, അംഗങ്ങളായ എന്‍ ബാബു, ഗ്ലോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാര്‍ഥികളുടെ യാത്രാസംവിധാനങ്ങള്‍ ഏതെല്ലാമെന്ന് തരംതിരിച്ച് ഓരോ സംവിധാനത്തിലും യാത്രചെയ്യുന്ന കുട്ടികളുടെ പേര്, ക്ലാസ്, രക്ഷിതാവിന്റെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുന്ന രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ബാലാവകാശ ലംഘനങ്ങള്‍ ഇത്തരം വാഹനങ്ങളില്‍ ഉണ്ടാവുന്നപക്ഷം വിവരം പോലിസ്, മോട്ടോര്‍ വാഹന വകുപ്പ് അധികാരികളെ അറിയിക്കുന്നതിനും നടപടി കൈക്കൊള്ളണം. അതിനായി അധ്യാപക-രക്ഷാകര്‍തൃ പ്രതിനിധികളടങ്ങിയ കമ്മിറ്റി സ്‌കൂളില്‍ ഉണ്ടാവണം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ സ്‌കൂളുകള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് പിന്തുടരുന്ന സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. സ്‌കൂള്‍ ബസ്സുകളുടെ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന പരിശീലന ബോധവല്‍ക്കരണ ക്ലാസുകളില്‍ കുട്ടികളെ കൊണ്ടുവരുന്ന മറ്റു സ്വകാര്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും പങ്കെടുപ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടപടി സ്വീകരിക്കണം. ഇത്തരം പരിശീലന പരിപാടികളില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ജീവനക്കാരെയും ഉള്‍ക്കൊള്ളിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനുള്ളില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss