|    Jan 16 Mon, 2017 4:43 pm

സ്വകാര്യ ലാബുകള്‍ക്ക് നിയന്ത്രണം: ബില്ല് അവതരിപ്പിക്കും

Published : 21st July 2016 | Posted By: sdq

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് അമിതനിരക്ക് ഈടാക്കുന്നതു തടയല്‍ അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ.
ആരോഗ്യവകുപ്പ് ബില്ല് തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. ധന, നിയമ വകുപ്പുകളുടെ അംഗീകാരം ലഭിച്ചാല്‍ കരട് ബില്ല് പ്രസിദ്ധീകരിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബില്ല് സഭയില്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ സീറ്റ് നഷ്ടമാവാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. 108 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. അതേസമയം, നഴ്‌സുമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ആശുപത്രിയില്‍ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അവരുടെ അംഗീകാരം ലഭിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്ത് ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
രോഗികള്‍ക്ക് ജനറിക് മെഡിസിന്‍ നിര്‍ദേശിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാനാവില്ല. അവര്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന സമ്പ്രദായം പെട്ടെന്നു മാറ്റാനാവില്ല. ഘട്ടംഘട്ടമായി അവരോട് ജനറിക് മെഡിസിനിലേക്കു മാറണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുമായി പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അനുയോജ്യമായ സ്ഥലം ലഭ്യമായാല്‍ ആയുഷ് സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന രീതിയിലായിരിക്കും ഇതു പ്രവര്‍ത്തിക്കുക. കണ്ണൂരിലേക്ക് ആയുഷ് സര്‍വകലാശാല മാറ്റാനുള്ള നീക്കമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എസ്എടി ആശു—പത്രിയില്‍ പിഞ്ചുകുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പരമാവധി ചികില്‍സ ഉറപ്പാക്കിയിരുന്നതായാണ് സൂപ്രണ്ടില്‍നിന്നു ലഭിച്ച റിപോര്‍ട്ട്.
മോശമായ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയതായും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ്‌സെക്രട്ടറി രാജീവ് സദാനന്ദന്‍,— ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ രമേഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക