|    Oct 20 Fri, 2017 3:39 am

സ്വകാര്യ മെഡി. കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നത് മോശം ഡോക്ടര്‍മാര്‍ : ഡോ. കെ പി അരവിന്ദന്‍

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്: മിക്ക സ്വകാര്യ മെഡി. കോളജുകളില്‍ നിന്നും  എംബിബിഎസ് കഴിഞ്ഞിറങ്ങുന്നത് മോശം ഡോക്ടര്‍മാരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍. ചികില്‍സിക്കാന്‍ ഒരു രോഗിപോലുമില്ലാത്ത മെഡിക്കല്‍ കോളജുകളിലും എംബിബിഎസ് കോഴ്‌സ് അനുവദിക്കുകയാണ്. രോഗികളില്ലാത്തിടത്തു നിന്ന് എന്ത് പഠിപ്പിച്ചാണ് വിദ്യാര്‍ഥികളെ ഡോക്ടര്‍മാരാക്കുന്നതെന്ന് അരവിന്ദന്‍ ചോദിച്ചു. കെ പി കേശവമോനോന്‍ ഹാളില്‍  സിഎംപി നേതാവായിരുന്ന കെ ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കേരള മോഡല്‍ തകര്‍ച്ചയിലേക്കോ?’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പല സ്വകാര്യ മെഡിക്കല്‍ കോളജുകളിലും പഠിപ്പിക്കാന്‍ അധ്യാപകരില്ല. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എംസിഐ) പരിശോധനക്ക് എത്തുമ്പോള്‍ മാത്രമാണ് ഇത്തരം കോളജുകളില്‍ അധ്യാപകര്‍ ഹാജരുണ്ടാവുക. ഇക്കാര്യം മനസ്സിലായപ്പോള്‍ എംസിഐ അധികൃതര്‍ കോളജുകളില്‍ മുന്‍കൂട്ടി അറിയിക്കാതെ മിന്നല്‍ സന്ദര്‍ശനം തുടങ്ങി. എന്നാല്‍ എംസിഐ സംഘം കേരളത്തിലെ ഏത് ഹോട്ടലുകളിലെത്തി മുറിയെടുത്താലും ഉടന്‍ സ്വകാര്യ മെഡിക്കല്‍ കോളജ് മുതലാളിമാര്‍ക്ക് സന്ദേശം എത്തുന്ന സംവിധാനമുണ്ടാക്കി മുതലാളിമാര്‍ മിന്നല്‍ സന്ദര്‍ശനവും വരുതിയിലാക്കി. സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ അനുവദിക്കുന്നത് ഹോട്ടല്‍ കച്ചവടക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കുമൊക്കെയാണ്. മെഡിക്കല്‍ സീറ്റുകളില്‍ നീറ്റ് പരീക്ഷ യോഗ്യത മാനദണ്ഡമാക്കിയത് നല്ല നടപടിയാണെന്നും അരവിന്ദന്‍ പറഞ്ഞു. നേരത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പൊതു വിതരണ സമ്പ്രദായം എന്നി മേഖലയില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകരാജ്യങ്ങള്‍ക്കും മാതൃകയായിരുന്നു. എന്നാല്‍ 1991 ന് ശേഷമുണ്ടായ നവലിബറല്‍ നയങ്ങള്‍ ഈ മേഖലയിലെ കേരള മോഡല്‍ നശിപ്പിച്ചു. വ്യക്തിയുടെ പ്രയാസങ്ങള്‍ വ്യക്തി തന്നെ പരിഹരിക്കണമെന്നതാണ് നവലിബറല്‍ നയങ്ങളുടെ തത്വചിന്ത. ഈ നയം തിരുത്തുന്നതിന് ജനത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. ജനങ്ങളൊരുമിച്ചിറങ്ങിയാല്‍ ജനകീയമായ തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ എത്തിക്കാനാവുമെന്നും അരവിന്ദന്‍ പറഞ്ഞു. കാന്‍സറിന് അല്‍ഭുകരമായ ശമനം നല്‍കുന്ന മരുന്നുകളുണ്ട്്. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണക്കാന്് താങ്ങാനാവുന്നില്ല. നിലവില്‍ ഡയാലിസിസ് ചെയ്യുന്നവരില്‍ 70 ശതമാനത്തിനും പ്രമേഹത്തിന്റെയും ബിപി യുടെയും പ്രശ്‌നങ്ങളാണ്.  ഇതിന് ഗുളിക കഴിച്ചാല്‍ മാത്രം മതി. ആരോഗ്യമുള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകള്‍ സ്വകാര്യ മുതലാളിമാരുടെ കൊടിയചൂഷണങ്ങള്‍ക്ക് തുറന്നു കൊടുക്കുന്ന നാട്ടിലാരെങ്കിലും നക്‌സലൈറ്റായാല്‍ അവരെ കുറ്റം പറയാനാവില്ലെന്ന്്് ചടങ്ങില്‍ കെ ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണ പ്രസംഗം നടത്തിയ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. സിഎംപി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. വി പി ശശിധരന്‍, ഡോ.മെഹ്‌റൂഫ് രാജ്്, കെ കെ ചന്ദ്രഹാസന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക