|    Jul 17 Tue, 2018 10:02 am
FLASH NEWS

സ്വകാര്യ ഭൂമി നികത്താന്‍ നോട്ടീസ് നല്‍കിയ സംഭവം; നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

Published : 12th September 2017 | Posted By: fsq

 

പൊന്നാനി : സ്വകാര്യ ഭൂമി നികത്താന്‍ നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്നാനി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. പൊന്നാനി ശക്തി തിയ്യേറ്ററിന് പിന്‍വശത്തെ നഞ്ച ഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയ പൊന്നാനി നഗരസഭ സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. ഉച്ചയ്ക്ക് നഗരസഭാ കാര്യാലയത്തിലെ സെക്രട്ടറിയുടെ ഓഫിസിലെത്തി കുത്തിയിരുന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. ഭൂമാഫിയയില്‍ നിന്നും പണം കൈപ്പറ്റിയാണ് സെക്രട്ടറി നഞ്ചഭൂമിയില്‍ മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയതെന്നാണ് ആരോപണം. ഒരു ഏക്കര്‍ ഭൂമി നികത്താന്‍ ഒരു കോടി രൂപയോളം കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. വിഷയത്തില്‍ സിപിഐയും സെക്രട്ടറിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ഭൂമി നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ സെക്രട്ടറി വിശദീകരണം നല്‍കണമെന്നും, സെക്രട്ടറി തല്‍സ്ഥാനത്ത് നിന്നും മാറണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയെ ഉപരോധിച്ചത്.ഒരു മണിക്കൂറോളം പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ഒടുവില്‍ സെക്രട്ടറി വിഷയത്തില്‍ തെറ്റ് ഏറ്റു പറഞ്ഞതോടെയാണ് പിരിഞ്ഞു പോകാന്‍ തയ്യാറായത്. ഇതിനിടെ പോലിസ് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയും ചെയ്തു. ഉപരോധത്തിന് യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ കടവ്, ഷബീര്‍ബിയ്യം, എം പി നിസാര്‍, എ എം നാസര്‍, കെ എ റഊഫ് എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss