|    Nov 22 Wed, 2017 8:00 pm
FLASH NEWS

സ്വകാര്യ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

Published : 9th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തത് മൂലം ഇരിങ്ങാലക്കുട മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാക്ലേശം രൂക്ഷമാവുന്നതായി പരാതി. സ്വകാര്യ ബസ് ജീവനക്കാര്‍ സ്‌റ്റോപ്പുകളില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുന്നതായും നിര്‍ത്തിയാല്‍ തന്നെ വിദ്യാര്‍ഥികളെ മാറ്റിനിര്‍ത്തി മറ്റു യാത്രക്കാരെ മാത്രം കയറ്റുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ ജീവനക്കാരുടെ ദയാദാക്ഷിണ്യത്തിനുവേണ്ടി ബസ് പുറപ്പെടുന്നതുവരെ കാത്തുനില്‍ക്കേണ്ട ഗതികേടാണ് വിദ്യാര്‍ഥികള്‍ക്ക്. കയറാത്തവരെക്കാള്‍ കഷ്ടമാണ് ബസ്സില്‍ കയറിയവരുടെ സ്ഥിതി. സീറ്റുകള്‍ ഒഴിവുണ്ടെങ്കിലും നില്‍ക്കണം. കൃത്യമായി ചില്ലറ കൊടുത്തില്ലെങ്കില്‍ അസഭ്യ വര്‍ഷവും ഭീഷണിയുമാണ്. കോളജിന്റെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചാല്‍ കണ്‍സെഷന്‍ പലപ്പോഴും അനുവദിക്കാറില്ല. വിദ്യാര്‍ഥിനികളില്‍ നിന്നും കണ്‍സെഷന്‍ കാര്‍ഡ് വാങ്ങി ചില കണ്ടക്ടര്‍മാര്‍ അഡ്രസ് കുറിച്ചെടുക്കുന്നതായി പരാതിയുണ്ട്. ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് ബസ്സില്‍ കയറുന്നതിനായി ക്യൂ നില്‍ക്കേണ്ട അവസ്ഥ ഡ്യൂട്ടിയിലുള്ള പോലിസ് നോക്കിനില്‍ക്കെയാണ്. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പ്രശ്‌നങ്ങള്‍ മുമ്പ് ഉണ്ടാകാറുണ്ടെങ്കിലും പോലിസ് സ്‌റ്റേഷനില്‍ വച്ച് ഒത്തു തീര്‍പ്പാക്കി വിടുകയാണ് പതിവ്. പലപ്പോഴും വിദ്യാര്‍ഥികളെ പാതിവഴിയില്‍ ഇറക്കിവിട്ട സംഭവം പോലും ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാക്ലേശം കുറയ്ക്കുന്നതിനുവേണ്ടി ജനമൈത്രി സുരക്ഷാപദ്ധതിയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള വിദ്യാര്‍ഥി പോലിസ് സേന ഇപ്പോഴില്ല. ആരെങ്കിലും പോലിസില്‍ പരാതിപ്പെട്ടാല്‍ അവരെ ഭീഷണിപ്പെടുത്തുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അസഭ്യ വര്‍ഷം നടത്തി അപമാനിക്കുകയുമാണ് സ്വകാര്യ ബസ് ജീവനക്കാരുടെ പതിവു ശൈലി. ഇരിങ്ങാലക്കുടയില്‍ നിന്നും ചാലക്കുടി, കൊടുങ്ങല്ലൂര്‍, കൊടകര, മൂന്നുപീടിക എന്നീ റുട്ടുകളില്‍ വിദ്യാര്‍ഥികളോടാണ് ബസ് ജീവനക്കാര്‍ മോശമായി പെരുമാറുന്നുവെന്ന് ആരോപണമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക