|    Nov 14 Wed, 2018 10:02 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സ്വകാര്യ എക്‌സിക്യൂട്ടീവ് ജോലികളിലും സൗദിവല്‍ക്കരണം വരുന്നു; തീരുമാനം രണ്ടാഴ്ചയ്ക്കകം

Published : 7th August 2018 | Posted By: kasim kzm

റിയാദ:് എക്‌സിക്യൂട്ടീവ് ജോലികള്‍ ഉള്‍പ്പെടെയുള്ള പ്രധാന തൊഴില്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നതു സംബന്ധിച്ച് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രണ്ടാഴ്ചയ്ക്കകം ഉണ്ടാവുമെന്ന് റിപോര്‍ട്ട്. നിലവില്‍ 12 റീട്ടെയില്‍ മേഖലകളില്‍ ബാധകമാക്കിയ സ്വദേശിവല്‍ക്കരണ തോതില്‍ ഭേദഗതിയും ഇതോടൊപ്പം പ്രഖ്യാപിക്കുമെന്നു തൊഴില്‍ മന്ത്രാലയം അറിയിച്ചു.
സ്വകാര്യ മേഖലയിലെ എക്‌സിക്യൂട്ടീവ് ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് തൊഴില്‍-സാമൂഹിക മന്ത്രാലയം ആവിഷ്‌കരിച്ച വിവിധ പദ്ധതികളാണ് അടുത്തയാഴ്ച പ്രഖ്യാപിക്കുക. തൊഴില്‍-വാണിജ്യ-നഗര മന്ത്രാലയങ്ങള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, മറ്റു ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സമിതി സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട മേഖലകളെ കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കിവരുകയാണ്.
അതേസമയം, 12 മേഖലകളില്‍ അടുത്ത മാസം മുതല്‍ മൂന്നു ഘട്ടമായി സമ്പൂര്‍ണമായി നടപ്പാക്കാന്‍ തീരുമാനിച്ച സ്വദേശിവല്‍ക്കരണം 70 ശതമാനമാക്കി കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. നേരത്തേ പൊതുജനാഭിപ്രായം തേടാനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഈ നിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു.
കാര്‍, മോട്ടോര്‍ ബൈക്ക് ഷോറൂമുകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, വീട്, ഓഫിസ് ഫര്‍ണിച്ചര്‍ ശാലകള്‍, ഹോം അപ്ലയന്‍സ് ഷോറൂമുകള്‍, അടുക്കള സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, ഇലക്‌ട്രോണിക് സ്‌റ്റോറുകള്‍, വാച്ച് സ്‌റ്റോറുകള്‍, കണ്ണട വില്‍പനശാലകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബില്‍ഡിങ് സാമഗ്രികള്‍, ഓട്ടോസ്‌പെയര്‍ പാര്‍ട്‌സ്, കാര്‍പെറ്റ് വില്‍പനശാലകള്‍, ബേക്കറികള്‍ തുടങ്ങിയ മേഖലകളിലാണ് 70 ശതമാനം സ്വദേശിവല്‍ക്കരണം നടത്തുക. ചുമട്ടുതൊഴിലിനെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ ഭേദഗതി ഒന്നോ രണ്ടോ വര്‍ഷം മാത്രമേ നിലനില്‍ക്കൂവെന്നും പിന്നീട് ഘട്ടംഘട്ടമായി സ്വദേശിവല്‍ക്കരണതോത് ഉയര്‍ത്തുകയോ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുകയോ ചെയ്യാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ലെവി ഇന്‍വോയ്‌സ് അടക്കം കരാര്‍ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയ 14 പദ്ധതികള്‍ സംബന്ധിച്ച് തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജിഹിയുമായി ചര്‍ച്ച നടത്തുമെന്നു സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സിലെ ദേശീയ കോണ്‍ട്രാക്ടിങ് സമിതി അറിയിച്ചു. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം അതിന് പരിഹാരവും സമിതി മുന്നോട്ടുവയ്ക്കും. ലെവി ഇന്‍വോയ്‌സ് പദ്ധതി നടപ്പാക്കിയതും ഫൈനല്‍ എക്‌സിറ്റില്‍ പോവുന്ന വിദേശിക്കു പകരം തൊഴില്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചതും പുനപ്പരിശോധിക്കണമെന്നും സമിതി മന്ത്രിക്ക് മുമ്പാകെ ഉന്നയിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss