|    Nov 24 Fri, 2017 4:56 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി തള്ളി

Published : 10th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവര്‍ധന പരിഷ്‌കരിച്ച സമിതിയുടെ ഘടന ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ശമ്പളപരിഷ്‌കരണത്തിനുള്ള സമിതിയെക്കുറിച്ചു പരാതിയുണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് നേരത്തേ ഉന്നയിച്ചില്ലെന്നും സര്‍ക്കാരിനു സമിതി രൂപീകരിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കരുതെന്നും തങ്ങളുടെ ഭാഗം പരിഗണിക്കാതെയാണ് കമ്മിറ്റി തീരുമാനമെടുത്തതെന്നും ചൂണ്ടിക്കാണിച്ചാണ് ആശുപത്രി ഉടമകളുടെ സംഘടനയായ പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞമാസം ഹരജി പരിഗണിച്ചപ്പോള്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞിരുന്നു. സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും തേടിയിരുന്നു. സര്‍ക്കാരിന്റെ മറുപടിയും ഇരുവിഭാഗത്തിന്റെ വാദവും കേട്ടശേഷമാണ് ഇന്നലെ കോടതി മാനേജ്‌മെന്റുകളുടെ ഹരജി തള്ളിയത്. മാനേജ്‌മെന്റുകളുടെ പ്രതിനിധികള്‍ സമിതിയില്‍ ഉണ്ടല്ലോ. ശമ്പളപരിഷ്‌കരണ സമിതിയിലെ എച്ച്ആര്‍ മാനേജര്‍ അടക്കമുള്ളവര്‍ മാനേജ്‌മെന്റിനെയല്ലേ പ്രതിനിധീകരിക്കുന്നതെന്നും കോടതി ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക