|    Jan 24 Tue, 2017 8:29 am

സ്വകാര്യവിദ്യാഭ്യാസവും ന്യൂനപക്ഷങ്ങളും

Published : 3rd October 2015 | Posted By: G.A.G

.
1430214636MNRMedical 2

Kunnamu

ന്‍ട്രന്‍സ് പരീക്ഷയിലെ യോഗ്യതാമാനദണ്ഡങ്ങള്‍ മറികടന്ന് റാങ്ക്പട്ടികയില്‍ താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ പ്രവേശനം നല്‍കി എന്ന് ന്യൂനപക്ഷ പദവിയുള്ള ആറ് മുസ്‌ലിം മെഡിക്കല്‍ കോളജുകള്‍ക്കെതിരായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഈയിടെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചില നിയമനടപടികള്‍ കൈക്കൊള്ളുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ മുസ്‌ലിം സംഘടനാ പ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും മറ്റും പങ്കെടുപ്പിച്ചുകൊണ്ട് ഒരു യോഗം വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു. പ്രസ്തുത യോഗനടപടികള്‍ നിരീക്ഷിക്കാനിടയായ ഒരാള്‍ എന്ന നിലയിലാണ് ഈ കുറിപ്പെഴുതുന്നത്. പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജ്, മുക്കം കെ.എം.സി.ടി. കോളജ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. തങ്ങളുടെ നടപടികള്‍ ന്യായീകരിച്ചുകൊണ്ട് അവര്‍ നടത്തിയ വിശദീകരണത്തിന്റെ ഊന്നല്‍, ‘വളരെ ഉയര്‍ന്ന’ ഫീസ് വാങ്ങിയാല്‍ മാത്രമേ


സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാന്‍കൂടിയാണോ വിദ്യാഭ്യാസവായ്പകള്‍ വിപുലമാക്കിയത് എന്നുപോലും ചോദിക്കേണ്ട അവസ്ഥയാണുള്ളത്.


മെഡിക്കല്‍ വിദ്യാഭ്യാസം എന്ന ഏര്‍പ്പാട് ലാഭകരമായി നടത്തിക്കൊണ്ടുപോവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു. തങ്ങള്‍ ഇതേവരെ സര്‍ക്കാര്‍ നിര്‍ദേശിച്ച ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിച്ചു. അതേസമയം, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകള്‍ ന്യൂനപക്ഷാവകാശങ്ങള്‍ ഉപയോഗിച്ച്, യാതൊരുവിധ സര്‍ക്കാര്‍ നിയന്ത്രണത്തിനും വഴങ്ങിക്കൊടുക്കാതെ, സ്വന്തമായി നിശ്ചയിച്ച ഫീസ് വാങ്ങി കുട്ടികളെ പഠിപ്പിച്ചു. എന്നിട്ടിപ്പോള്‍ ഗവണ്‍മെന്റ് ഇതാ അവര്‍ക്ക് വന്‍ തുക ഫീസ് വാങ്ങി പഠിപ്പിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള കരാറൊപ്പിട്ടിരിക്കുന്നു എന്നാണ് ഈ മാനേജ്‌മെന്റുകള്‍ വിലപിച്ചത്.  തങ്ങള്‍ മണ്ടന്മാരായിപ്പോയി എന്നും അതിനാല്‍ പഴയപോലെ ഒരു കരാറിനും തങ്ങളില്ല എന്നും തങ്ങളും ഇനി തങ്ങളുടേതായ രീതിയില്‍ ഫീസ് നിശ്ചയിച്ച് കുട്ടികളെ പ്രവേശിപ്പിച്ച് ‘കച്ചവടം’ നടത്തിക്കൊള്ളും എന്നും എം.ഇ.എസ്. പ്രതിനിധികള്‍ തുറന്നുപറഞ്ഞു. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുമായി കരാറൊപ്പിട്ട ഗവണ്‍മെന്റ് തങ്ങളുമായി അത്തരം കരാറുകള്‍ക്കൊന്നും തയ്യാറായില്ല എന്നായിരുന്നു അവരുടെ പരാതി. ഇതു വിവേചനമാണെന്ന് അവര്‍ വാദിച്ചു. ഇതുകേട്ടപ്പോള്‍ ഒരു പന്തിയില്‍ രണ്ടു വിളമ്പലോ എന്ന് ന്യൂനപക്ഷ കമ്മീഷനും സംഘടനാപ്രതിനിധികളുമൊക്കെ ചോദിക്കുകയും ചെയ്തു. സാമുദായിക വിവേചനത്തെപ്പറ്റിയായി പിന്നീട് ചര്‍ച്ച. ആഹാ, അങ്ങനെയോ, എങ്കില്‍ ആ വിവേചനം അവസാനിപ്പിച്ചിട്ടു തന്നെ കാര്യം എന്ന കാര്യത്തില്‍ സമുദായനേതാക്കള്‍ ഒറ്റക്കെട്ടായി നിന്നു. ഒപ്പം പഴയ 2006ലെ സ്വാശ്രയ കരാറിലെ 50:50 എന്ന അനുപാതം കര്‍ശനമായും പുലര്‍ത്തണമെന്നൊരു ‘കാടടക്കി വെടിവയ്‌പോടെ’ കാര്യങ്ങള്‍ അവസാനിച്ചു.

മറ്റു തിരക്കുകളുണ്ടായിരുന്ന സംഘടനാനേതാക്കള്‍ അവരുടെ വഴിക്കും കമ്മീഷന്‍ കമ്മീഷന്റെ വഴിക്കും കോളജ് നടത്തിപ്പുകാര്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ സ്വന്തം വഴിക്കും പോയതോടെ എല്ലാം ശുഭം. ഈ ചര്‍ച്ചയില്‍ പക്ഷേ സ്വാശ്രയ പ്രഫഷനല്‍ വിദ്യാഭ്യാസമെന്ന പേരില്‍ ഇന്ന് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നതും 2006ല്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി തുറന്നുവിട്ടതുമായ ഭൂതത്തെ പിടിച്ചുകെട്ടുന്നതെങ്ങനെ എന്ന കാര്യത്തെപ്പറ്റിമാത്രം ആരും ഒന്നും പറഞ്ഞില്ല. വന്‍തുക വാങ്ങാതെ തങ്ങളുടെ കച്ചവടം ലാഭകരമാക്കി മുമ്പോട്ടു കൊണ്ടുപോവാനാവില്ല എന്നാണ് എം.ഇ.എസിന്റെ പ്രതിനിധികള്‍ ഏറിയകൂറും പറഞ്ഞുകൊണ്ടിരുന്നത്. ചാനല്‍ ചര്‍ച്ചകളിലും മറ്റും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പറയുന്നതും ഇതുതന്നെ. കച്ചവടം ലാഭകരമായി നടന്നേ തീരു. അതിന് അവര്‍ക്ക് സാഹചര്യങ്ങള്‍ കൃത്യമായി ഒത്തുവരണം. സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും ഉദാരസമീപനം പുലര്‍ത്തണം.

നാട്ടുകാര്‍ വിറ്റും പെറുക്കിയും ബാങ്കില്‍നിന്ന് കടം വാങ്ങിയും മറ്റും പണമുണ്ടാക്കണം, നാട്ടിലുടനീളം ഡോക്ടര്‍മാര്‍ നിറയണം, ചികില്‍സാച്ചെലവു വര്‍ധിക്കണം, വൈദ്യവൃത്തി ലാഭകരമാവണം, വരേണ്യവര്‍ഗ സമ്പദ്‌വ്യവസ്ഥ സുഭദ്രമായി നില്‍ക്കണം- ഇതിനു വേണ്ടിയായിരിക്കണം ന്യൂനപക്ഷങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ എന്നായിരുന്നു വാദത്തിന്റെ ഉള്ളടക്കം. ന്യൂനപക്ഷാവകാശങ്ങള്‍ ഉപയോഗപ്പെടുത്തി സ്വാശ്രയ മാനേജ്‌മെന്റുകള്‍ കൈവശപ്പെടുത്തുന്ന നേട്ടങ്ങള്‍കൊണ്ട് ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് എന്താണു നേട്ടമെന്ന കാര്യത്തെക്കുറിച്ചു മാത്രം ആര്‍ക്കും യാതൊരു ചിന്തയുമില്ല. സ്വന്തമായി കോളജുകള്‍ നടത്താനും കോഴ്‌സുകള്‍ തുടങ്ങാനും ഇഷ്ടംപോലെ കുട്ടികളെ പ്രവേശിപ്പിക്കാനും ഫീസ് ഘടന നിര്‍ണയിക്കാനുമൊക്കെ ന്യൂനപക്ഷാവകാശങ്ങളാണ് ഇപ്പറഞ്ഞ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് സഹായകമായി ഭവിക്കുന്നത്.

ഈ ന്യൂനപക്ഷാവകാശങ്ങള്‍ സാധാരണക്കാരായ ന്യൂനപക്ഷങ്ങള്‍ക്ക്- മുസ്‌ലിംകളായാലും ക്രിസ്ത്യാനികളായാലും- എത്രത്തോളം ഉപകരിക്കുന്നുണ്ട്? വല്ലവരും ഇതാലോചിച്ചുവോ?മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദത്തിലകപ്പെട്ട മുസ്‌ലിം-ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെല്ലാം ചില സമ്പന്നവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പ്രാതിനിധ്യമുള്‍ക്കൊള്ളുന്നവയാണ്. എം.ഇ.എസ്. പ്രാഥമികമായി ഒരു വിദ്യാഭ്യാസ ഏജന്‍സിയാണ്. എയ്ഡഡ്-അണ്‍ എയ്ഡഡ് കോളജുകളും സ്‌കൂളുകളും നടത്തുന്നതിലപ്പുറം കാര്യമായ സാമൂഹികസേവനങ്ങളിലൊന്നും അവര്‍ ഏര്‍പ്പെടാറില്ല. മറ്റു മുസ്‌ലിം സ്വാശ്രയ കോളജുകളും (കെ.എം.സി.ടി, അസീസിയ, കരുണ തുടങ്ങിയവ) ചില വ്യക്തികളോ ബിസിനസ് ഗ്രൂപ്പുകളോ നടത്തുന്ന ട്രസ്റ്റുകളും സംഘടനകളും നടത്തുന്നവയാണ്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ സ്വഭാവവും മറ്റൊന്നല്ല, പക്ഷേ, എല്ലാവര്‍ക്കും ന്യൂനപക്ഷ പരിഗണനയുണ്ട്.

മെഡിക്കല്‍ പ്രവേശനത്തിനു പിന്നില്‍ ലക്ഷങ്ങളുടെയും കോടികളുടെയും തിരിമറിയാണു നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്, സര്‍ക്കാര്‍ നിശ്ചയിച്ച അനുപാതം, സര്‍ക്കാര്‍ നിയന്ത്രണം, ജെയിംസ് കമ്മിറ്റി എന്നിങ്ങനെ പലതുമുണ്ടായിരിക്കാം. പക്ഷേ, അതിനെയൊക്കെ മറികടന്നുകൊണ്ടുള്ള കോടികളുടെ കച്ചവടമാണ് ഓരോ കൊല്ലവും നടക്കുന്നത്. ഇതിന്റെ ലാഭം കിട്ടുന്നത് ആര്‍ക്കാണ്? സാമ്പത്തികമായ നേട്ടം അതത് മാനേജ്‌മെന്റുകള്‍ക്കു തന്നെ. ഗുണഭോക്താക്കളായ രണ്ടാമത്തെ കൂട്ടര്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് പ്രവേശനം നേടിയെടുക്കാന്‍ ‘ശേഷി’യുള്ള വരേണ്യവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ്. ന്യൂനപക്ഷാവകാശങ്ങളുടെ ഗുണഭോക്താക്കള്‍ ‘ന്യൂനപക്ഷത്തില്‍ ന്യൂനപക്ഷമായ’ സമൂഹത്തിലെ ഉന്നതരാണെന്ന് ഇതില്‍നിന്നു വ്യക്തം. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട മറ്റ് ‘സാങ്കേതികത്തര്‍ക്കങ്ങളൊന്നും’ ന്യൂനപക്ഷങ്ങളുടെ ഉന്നതി എന്ന വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പ്രസക്തമേയല്ല (സര്‍ക്കാര്‍ കരാര്‍, അനുപാതം, ഫീസ് ഘടന തുടങ്ങിയ യാതൊന്നും).

school-bus-2

ആത്യന്തികമായി ന്യൂനപക്ഷാവകാശങ്ങളുടെ ഗുണഭോക്താക്കള്‍ സാമാന്യ ന്യൂനപക്ഷമാണോ എന്നതില്‍നിന്നു തുടങ്ങണം ചര്‍ച്ചകള്‍. ഏതാനും മാനേജ്‌മെന്റുകള്‍ക്കും സമൂഹത്തിലെ സമ്പന്നവിഭാഗത്തില്‍പ്പെട്ട ചിലര്‍ക്കും മാത്രമാണ് മെച്ചം എന്നതാണ് അവസ്ഥയെങ്കില്‍, അത് സാമാന്യ നന്മയാവുകയില്ല. സ്വാശ്രയ വിദ്യാഭ്യാസത്തിന് അനുകൂലമായി ഒട്ടേറെ വാദമുഖങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട്. അതില്‍ കുറേ ശരികളുമുണ്ട്. മഹാത്മാഗാന്ധിപോലും ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവുകള്‍ വഹിക്കേണ്ടത് അതിന്റെ ഗുണഭോക്താക്കളാണ് എന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. പക്ഷേ, അതു ഗുണനിലവാരം കുറഞ്ഞ വിദ്യാര്‍ഥികളെ വന്‍ തുക വാങ്ങി പഠിപ്പിക്കണം എന്ന അര്‍ഥത്തിലല്ല. മെറിറ്റ് മാനദണ്ഡമാക്കാതെ, പണം കൊടുത്ത് പഠിച്ച് പുറത്തുവരുന്ന ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റും പ്രസ്തുത പ്രഫഷനുകളുടെ ഗുണനിലവാരം കുറയ്ക്കുന്നു എന്ന സംഗതി മുമ്പേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷാവകാശങ്ങള്‍ അതിനു നിമിത്തമായിത്തീരുന്നത് സങ്കടകരവുമാണ്. സര്‍ക്കാര്‍ ഫീസ്, മാനേജ്‌മെന്റ് ഫീസ് തുടങ്ങിയ കാര്യങ്ങള്‍ ബാധകമാവുന്നതുപോലും സ്വാശ്രയ കോളജുകളിലെ നിശ്ചിത സീറ്റുകളില്‍ മാത്രമാണ്.

എന്‍.ആര്‍.ഐ. സീറ്റുകളില്‍ ഇത്തരം യാതൊരു നിയന്ത്രണവുമില്ല. നിയന്ത്രണമുള്ളേടത്തു തന്നെ അതു മറികടന്നു ലക്ഷങ്ങള്‍ കോഴവാങ്ങി കുട്ടികളെ പ്രവേശിപ്പിക്കുന്നു. ഇതു സാധ്യമാണോയെന്ന് നിഷ്‌കളങ്കരായ ആളുകള്‍ ചോദിച്ചേക്കാം. നമ്മുടെ എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തില്‍ നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ മതി, അതിന് ഉത്തരം കിട്ടും. സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത് എന്നതിനാല്‍ എയ്ഡഡ് കോളജുകളില്‍ നിയമനത്തിന് ഇന്നു സര്‍ക്കാര്‍ നിയന്ത്രണമുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് യോഗ്യരായ ആളുകളെ തിരഞ്ഞെടുക്കേണ്ടത് സര്‍ക്കാര്‍ പ്രതിനിധിയും മാനേജ്‌മെന്റ് പ്രതിനിധിയും വിഷയവിദഗ്ധനുമൊക്കെ ചേര്‍ന്നാണ്. കടലാസില്‍ ഫലപ്രദമായ നിയന്ത്രണമുണ്ട് എന്നര്‍ഥം.

പക്ഷേ, ഫലത്തില്‍ മാനേജ്‌മെന്റുകള്‍ ലക്ഷങ്ങള്‍ കോഴവാങ്ങി തങ്ങള്‍ക്ക് വേണ്ടപ്പെട്ട ആളുകളെ നിയമിക്കുകയാണു ചെയ്യുന്നത്. ഈ നിയമനരീതി നിര്‍ബാധം നടന്നുപോരുന്നു. ഇത്തരം ‘നിയന്ത്രണങ്ങള്‍’ മാത്രമേ സ്വാശ്രയ വിദ്യാഭ്യാസരംഗത്തുമുള്ളൂ. പറയുന്നതൊന്ന്, നടക്കുന്നത് മറ്റൊന്ന്. മെഡിക്കല്‍-എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗത്ത് സ്വാശ്രയസമ്പ്രദായം വ്യാപകമായതോടെ ന്യൂനപക്ഷസമുദായങ്ങള്‍ അതിഭീകരമായ കടക്കെണിയില്‍ അകപ്പെടുക കൂടി ചെയ്തിരിക്കുന്നു. സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കാന്‍കൂടിയാണോ വിദ്യാഭ്യാസവായ്പകള്‍ വിപുലമാക്കിയത് എന്നുപോലും ചോദിക്കേണ്ട അവസ്ഥയാണുള്ളത്. വന്‍ തുക വായ്പ വാങ്ങി സാമ്പത്തികഭദ്രതയില്ലാത്തവര്‍ മെഡിസിനും എന്‍ജിനീയറിങിനും പഠിക്കുന്നു ഇപ്പോള്‍. പഠനം പൂര്‍ത്തിയാവുന്നതോടെ മുതലും പലിശയും ചേര്‍ന്ന് ലക്ഷങ്ങളുടെ കടക്കാരായിട്ടുണ്ടാവും ഇവര്‍. ന്യൂനപക്ഷസമുദായങ്ങളുടെമേല്‍ സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്നതിനു കൂടി സ്വാശ്രയ വിദ്യാഭ്യാസം നിമിത്തമാവുന്നുണ്ട്. ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യയുടെ ഗ്രാമീണ കാര്‍ഷികമേഖലകളിലെ ഋണഭാരം വര്‍ധിപ്പിക്കുകയും കര്‍ഷക ആത്മഹത്യകള്‍ക്കും മറ്റും കാരണമാവുകയും ചെയ്തു എന്ന ബി ഡി ശര്‍മയെപ്പോലുള്ള സാമ്പത്തികവിദഗ്ധരുടെ നിരീക്ഷണം ഇക്കാര്യത്തിലും പ്രസക്തമാണ്.

സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വളര്‍ന്ന വിദ്യാഭ്യാസവായ്പാ സമ്പ്രദായം എപ്രകാരമാണ് സമൂഹത്തെ ബാധിച്ചത് എന്ന കാര്യം കൂടി നാം പഠനവിധേയമാക്കേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ കോഴ പരോക്ഷമായി വേറെ ചില സാമൂഹിക വിപത്തുകള്‍ക്ക് വഴിവയ്ക്കുന്നുണ്ട് എന്ന സംഗതി വേറെ. സ്വാശ്രയ വിദ്യാഭ്യാസം മെഡിക്കല്‍-എന്‍ജിനീയറിങ് രംഗത്തുണ്ടാക്കിയ ആഘാത പ്രത്യാഘാതങ്ങള്‍ ഇനിയും വിശദമായി പഠിക്കപ്പെട്ടിട്ടില്ല. പൊതുവിദ്യാഭ്യാസത്തിനുമേല്‍ സ്വാശ്രയവിദ്യാഭ്യാസത്തിനു ലഭിച്ച മേല്‍ക്കൈ മുസ്‌ലിം സമുദായത്തെ എങ്ങനെയാണു ബാധിച്ചത് എന്ന കാര്യം മുസ്‌ലിം രാഷ്ട്രീയകക്ഷികളോ സാമൂഹിക-സമുദായ സംഘടനകളോ ഗൗരവത്തോടെ പഠിച്ചിട്ടുമില്ല. എന്‍ട്രന്‍സ് പരീക്ഷാസമ്പ്രദായംപോലും സമൂഹത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് ദോഷമാണു വരുത്തിവച്ചിട്ടുള്ളത്. വന്‍ തുക ഫീസ് വാങ്ങുന്ന, സൗകര്യസമ്പൂര്‍ണമായ മികച്ച കോച്ചിങ് സെന്ററുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ഇന്ന് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവരില്‍ ഭൂരിപക്ഷവും. പ്രസ്തുത വിദ്യാര്‍ഥികള്‍ ഒട്ടുമുക്കാലും സമൂഹത്തിലെ വരേണ്യവര്‍ഗത്തില്‍പ്പെട്ടവരാണ്.

അവര്‍ക്കു മാത്രമേ ഇത്തരം പരിശീലനങ്ങള്‍ പ്രാപ്യമാവുന്നുള്ളൂ. കുറച്ചു വര്‍ഷങ്ങളായി പ്രഫഷനല്‍ കോളജുകളില്‍ പ്രവേശനം ലഭിച്ച കുട്ടികളെക്കുറിച്ച് കൃത്യമായ പഠനങ്ങള്‍ നടത്തിയാല്‍ സമൂഹത്തിലെ അധഃസ്ഥിതര്‍ മല്‍സരങ്ങളില്‍ എങ്ങനെ പുറന്തള്ളപ്പെടുന്നു എന്നു വ്യക്തമാവും. ഈ അവസ്ഥയോട് സ്വാശ്രയ വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമുദായം നടത്തിയ മുന്നേറ്റങ്ങള്‍ കൂടി ചേര്‍ത്തുവയ്ക്കുക- സമുദായത്തിലെ ‘വിദ്യാഭ്യാസ വിപ്ലവ’ത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന ഭീകരസത്യത്തിലേക്കായിരിക്കും അതു വിരല്‍ചൂണ്ടുക. ഈ വിപ്ലവത്തില്‍ പിറകോട്ട് തള്ളപ്പെട്ടവര്‍ക്ക് ‘മാലപൊട്ടിച്ചോടുകയും കഞ്ചാവു കച്ചവടം നടത്തുകയും’ മറ്റും ചെയ്യുകയല്ലാതെ മറ്റെന്തു ഗതി? സ്വാശ്രയ വിദ്യാഭ്യാസരംഗത്തു നടക്കുന്ന അഴിമതികളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ ചര്‍ച്ചായോഗത്തിന്റെ ആലോചനകള്‍ക്കു വിധേയമാവേണ്ടവയല്ല ഇത്തരം കാര്യങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം.

പക്ഷേ, ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും നടത്തി, തങ്ങളുടെ ചുമതല നിറവേറ്റിയെന്ന ചാരിതാര്‍ഥ്യത്തോടെ പിരിഞ്ഞുപോയ മുസ്‌ലിം സമുദായസംഘടനാ നേതാക്കള്‍ ഇതേക്കുറിച്ചെല്ലാം കൂടുതല്‍ ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്. ന്യൂനപക്ഷാവകാശങ്ങളുടെ ആനുകൂല്യം നേടി സ്ഥാപനങ്ങളുണ്ടാക്കി നടത്തുന്നവര്‍ അതിന്റെ ഗുണഫലങ്ങള്‍ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് എത്രത്തോളം വിതരണംചെയ്യുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. അങ്ങനെയൊരു ‘ലാഭവിഹിത വിതരണം’ നടക്കുന്നില്ലെങ്കില്‍ പ്രസ്തുത ആനുകൂല്യങ്ങള്‍ക്ക് അവര്‍ അര്‍ഹരല്ല. അത്തരം വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ന്യൂനപക്ഷാവകാശങ്ങള്‍ വകവച്ചുകൊടുക്കേണ്ടതുമില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക