|    Aug 20 Sun, 2017 1:34 pm
FLASH NEWS

സ്വകാര്യബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു ; 18ന് സൂചനാപണിമുടക്ക്

Published : 12th August 2017 | Posted By: fsq

 

കാസര്‍കോട്്: സ്വകാര്യബസ് വ്യവസായം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുകള്‍ അടുത്തമാസം 14 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഇതിന്റെ മുന്നോടിയായി 14ന് ജില്ലാ കലക്്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. 18ന് സൂചന പണിമുടക്ക് നടത്തും. ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ചേസിസ്, ലൂബ്രിക്കന്റ്, ബോഡി നിര്‍മാണം, ടയര്‍, വര്‍ക്ക്‌ഷോപ്പ് കൂലി എന്നിവയിലെല്ലാം ഉണ്ടായ ഭീമമായ വര്‍ധന വ്യവസായത്തെ തകര്‍ച്ചയില്‍ എത്തിച്ചിരിക്കയാണെന്ന് ജില്ലാ ബസ്സുടമസ്ഥ സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ ലിറ്ററിന് 56. 12 രൂപയാണ് വില. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61 രൂപയിലധികമാണ്. അഞ്ച് രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്നത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാത്രം 55 ശതമാനം വര്‍ധയാണുണ്ടായത്. 14ന് വിദ്യാനഗറില്‍ നടക്കുന്ന ബസ്സുടമകളുടെ ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനംചെയ്യും. കെഎസ്ആര്‍ടിസി മിക്‌സ്ഡ് റൂട്ടുകളി ല്‍ 80 ശതമാനം സര്‍വീസ് നടത്തുന്നത് പെര്‍മിറ്റില്ലാതെയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. കാസര്‍കോട്-കാഞ്ഞങ്ങാട്-ചന്ദ്രഗിരി പാത കെഎസ്ആര്‍ടിസിയുടെ കുത്തകയാക്കിയെങ്കിലും കളനാട് വരെമാത്രമാണ് ഈ റൂട്ടിലൂടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. അതിന—പ്പുറം സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. കുത്തക റൂട്ടാക്കിയിട്ടുപോലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. അന്തര്‍സംസ്ഥാന റൂട്ടില്‍ മാത്രമാണ് കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റുള്ളത്. സ്വകാര്യ ബസ്സുകള്‍ ജില്ലയില്‍ മാത്രം 65,000 ഓളം വിദ്യാര്‍ഥി പാസുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസി 2000 പാസുകള്‍ മാത്രമാണ് അനുവദിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്് കെ ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ഖജാഞ്ചി പി എ മുഹമ്മദ് കുഞ്ഞി, ശങ്കരനായക്, എം ഹസയ്‌നാര്‍, സി എ മുഹമ്മദ്കുഞ്ഞി, സി  രവി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക