|    May 28 Sun, 2017 10:04 pm
FLASH NEWS

സ്വകാര്യത വേണമെന്ന ഭാര്യയുടെ ആവശ്യം വിവാഹമോചന കാരണമല്ലെന്ന് കോടതി

Published : 17th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭര്‍തൃവീട്ടില്‍ സ്വകാര്യത വേണമെന്നു സ്ത്രീകള്‍ ആവശ്യപ്പെടുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയല്ലെന്നും അത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്നും ഡല്‍ഹി ഹൈക്കോടതി. ഭര്‍തൃവീട്ടിലെത്തുന്ന സ്ത്രീകള്‍ക്ക് സ്വകാര്യത അനുവദിച്ചുകൊടുക്കുന്നത് ഭര്‍തൃവീട്ടുകാരുടെ കടമയാണെന്നും അതുലഭിച്ചില്ലെങ്കില്‍ സ്വകാര്യത വേണമെന്നാവശ്യപ്പെടുന്നത് ക്രൂരതയായി കാണാനാവില്ലെന്നും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ടും ദീപാ ശര്‍മയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഡല്‍ഹി സ്വദേശിയുടെ ഹരജി തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. നേരത്തേ ഇദ്ദേഹത്തിന്റെ ആവശ്യം കീഴ്‌ക്കോടതിയും തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
വ്യക്തികളുടെ സ്വകാര്യത മൗലികാവകാശങ്ങളില്‍ പെട്ടതാണ്. ഓക്‌സ്ഫഡ് നിഘണ്ടുവില്‍ സ്വകാര്യതയെ വിശദീകരിക്കുന്നത് ‘ഒരു വ്യക്തിയെ ആരെങ്കിലും നിരീക്ഷിക്കാതിരിക്കുകയും ശല്യം ചെയ്യാതിരിക്കുകയും ചെയ്യുന്ന അവസ്ഥ’ എന്നാണ്. അതിനാല്‍ ഭര്‍തൃവീട്ടിലെത്തുന്ന സ്ത്രീകള്‍ക്ക് സ്വകാര്യത അനുവദിച്ചുകൊടുക്കുന്നത് ഭര്‍തൃവീട്ടുകാരുടെ കടമയാണ്. കോടതി പറഞ്ഞു. ‘
സ്വകാര്യത വേണമെന്നാവശ്യപ്പെട്ടു ഭാര്യ തുടര്‍ച്ചയായി ശല്യം ചെയ്തുകൊണ്ടിരുന്നതിനു പുറമെ, ഇനിയൊരിക്കലും ഒരു മടക്കത്തിന് അവസരമില്ലാത്ത വിധത്തില്‍ 12 വര്‍ഷം വേര്‍പിരിഞ്ഞു കഴിയുകയാണെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ അനുവദിക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. ഒരിക്കലും ഒത്തുപോവില്ലെന്ന് ഉറപ്പുള്ള വിവാഹബന്ധങ്ങള്‍ വിവാഹ മോചനത്തിനു മതിയായ കാരണമാണെന്ന് സുപ്രിംകോടതി 2006ല്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും അത് ഇതുവരെ നിയമത്തില്‍ ഭേദഗതിയായി ചേര്‍ത്തിട്ടില്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അതിനാല്‍ നിയമത്തിന്റെ അഭാവത്താല്‍ ഈ ബന്ധം വേര്‍പ്പെടുത്താന്‍ കോടതിക്കു കഴിയില്ല. തനിക്കായി പ്രത്യേക വീടുവേണമെന്ന യുവതിയുടെ ആവശ്യം യുക്തിസഹമാണെന്ന കീഴ്‌ക്കോടതിയുടെ നിരീക്ഷണം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
യുവതിക്കു മതിയായ സ്വകാര്യത ലഭിക്കാനായി ഭര്‍തൃവീട്ടുകാര്‍ എന്തെങ്കിലും നടപടിയെടുത്തുവെന്നത് തെളിയിക്കുന്ന ഒന്നും തന്നെയില്ല. അതിനാല്‍ കീഴ്‌ക്കോടതിയുടെ തീരുമാനം ശരിയാണെന്നു പറഞ്ഞ കോടതി, സ്വന്തമായി വീട് വേണമെന്ന ആവശ്യം ഭര്‍ത്താവിനോടുള്ള ക്രൂരതയായി കാണാനാവില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. 2003ലാണ് ഹരജിക്കാരന്റെ വിവാഹം നടന്നത്. വിവാഹത്തിനു പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം താമസിക്കാന്‍ വിസമ്മതിച്ച യുവതി, സ്വന്തമായി വീടുവേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരന്‍ കുടുംബകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day