|    Jun 20 Wed, 2018 10:49 am
Home   >  Editpage  >  Editorial  >  

സ്വകാര്യത മൗലികാവകാശം തന്നെ

Published : 3rd August 2017 | Posted By: fsq

 

ആധാര്‍ കേസില്‍ പൗരന്മാരുടെ സ്വകാര്യത സംബന്ധിച്ച് കേരളം സമര്‍പ്പിച്ച സത്യവാങ്മൂലം പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിലപാടുകളുമായി ചേര്‍ന്നുപോകുന്നതുമാണ്. ഭരണകൂടത്തിനും സ്വകാര്യ ഏജന്‍സികള്‍ക്കും തീര്‍ത്തും വ്യക്തിപരമായ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ സൗകര്യമൊരുക്കുന്നത് അപകടകരമാണെന്ന് സത്യവാങ്മൂലം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. സ്വകാര്യതയ്ക്കു മേലുള്ള ഏതു കൈകടത്തലും തടയേണ്ടതുണ്ടെന്നും അത്തരം കടന്നുകയറ്റങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്വകാര്യത മൗലികാവകാശമല്ലെന്ന വാദമാണ് മുന്നോട്ടുവച്ചത്. എല്ലാം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഭരണകൂടത്തെപ്പറ്റി ജോര്‍ജ് ഓര്‍വെല്‍ എഴുതിയ ഭീതിയുണര്‍ത്തുന്ന നോവല്‍ വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ച ചര്‍ച്ചകളിലെല്ലാം ഉയര്‍ന്നുവരാറുണ്ട്. വലതുപക്ഷം ഭരിക്കുന്ന ഇന്ത്യ ക്രമേണയായി അമിതാധികാരത്തിന്റെയും വ്യക്തിപൂജയുടെയും വഴിയില്‍ സഞ്ചരിക്കുകയാെണന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് ആധാര്‍ വിഷയത്തില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പൗരന്‍മാരുടെ സ്വകാര്യതയെക്കുറിച്ച കേസ് പരിഗണിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വ്യത്യസ്ത ഘട്ടങ്ങളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അവ്യക്തതകള്‍ നിറഞ്ഞതായിരുന്നു. പൗരന്‍മാരുടെ ഉറക്കറകളിലേക്കും അടുക്കളകളിലേക്കും കയറിച്ചെല്ലാന്‍ അത്യുല്‍സാഹമുള്ള വിഭാഗങ്ങള്‍ ഭരണം നിയന്ത്രിക്കുമ്പോള്‍ വ്യക്തികളെ സംബന്ധിച്ച സകലമാന വിവരങ്ങളും ഒരു അധികാരകേന്ദ്രം ശേഖരിച്ചുവയ്ക്കുന്നതിന്റെ അപകടം ചില്ലറയല്ല. ഒന്നാമതായി, ഒരു ഭരണകൂടത്തിനും അത്തരം വിവരശേഖരണത്തിനു പറയാന്‍ പറ്റിയ ന്യായങ്ങളില്ല. രണ്ടാമതായി, ശേഖരിക്കപ്പെട്ട വിവരങ്ങള്‍ ഭദ്രമായി സൂക്ഷിക്കാനുള്ള സംവിധാനം ഒരു രാജ്യത്തുമില്ലെന്നു വ്യക്തമാക്കുന്ന സംഭവങ്ങള്‍ സമീപകാലത്ത് ധാരാളം ഉണ്ടായിട്ടുണ്ട്. യുഎസിലെ ദേശീയ സുരക്ഷാ ഏജന്‍സി പൗരന്‍മാരെക്കുറിച്ചു രഹസ്യമായി സൂക്ഷിച്ച വിവരങ്ങള്‍ പുറത്തായിട്ട് അധികകാലമായിട്ടില്ല. ബ്രിട്ടിഷ് ഗവണ്‍മെന്റ് സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള സംശയം കാരണം അങ്ങനെയൊരു ഏര്‍പ്പാടുതന്നെ വേണ്ടെന്നുവച്ചു. ഭരണകൂടമെന്നത് പൗരന്‍മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനുള്ള സാമൂഹിക സംവിധാനമാണ്. പ്രാഥമികമായ ആ ബാധ്യത നിറവേറാതിരിക്കുമ്പോള്‍ ഭരണകൂടത്തിന്റെ നിലനില്‍ക്കാനുള്ള ന്യായം തന്നെ ദുര്‍ബലമാവുന്നു. ഇതുകൊണ്ടൊക്കെയാണ് 1948ലെ മനുഷ്യാവകാശ പ്രഖ്യാപനം തൊട്ടുള്ള എല്ലാ അന്താരാഷ്ട്ര കരാറുകളും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നത്. സബ്‌സിഡി നല്‍കാനും ധനവിതരണം മെച്ചപ്പെടുത്താനും തിരിച്ചറിയല്‍ സംവിധാനം കുറ്റമറ്റതാക്കേണ്ടതുണ്ട് എന്നതു ശരി തന്നെ. എന്നാല്‍, ഒരു നിഗൂഢ കേന്ദ്രത്തിലിരുന്നു പൗരന്‍മാരെ മുഴുവന്‍ നിരീക്ഷിക്കാന്‍ ഭരണകൂടത്തിന് അധികാരം ലഭിക്കുന്നത് പൗരാവകാശലംഘനത്തിനു വഴിവയ്ക്കും; ഇപ്പോള്‍ തന്നെ ദേശീയ സുരക്ഷയുടെ പേരില്‍ നിയമവിരുദ്ധമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏറെയുള്ള ഒരു രാജ്യത്ത് വിശേഷിച്ചും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss