|    Jul 20 Fri, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സ്വകാര്യതയില്‍ കൈകടത്തരുത് : ആധാര്‍ കേസില്‍ കേരളം സുപ്രിംകോടതിയില്‍

Published : 2nd August 2017 | Posted By: fsq

 

കെ  എ  സലിം

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കാനാവില്ലെന്നു കേരളം. ആധാര്‍ കേസില്‍ സ്വകാര്യത മൗലികാവകാശമാണോ എന്ന വിഷയത്തില്‍ സുപ്രിംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനും സ്വകാര്യ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരായാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാവും. വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് വിശാല മാനങ്ങളുണ്ട്. വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍, വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം എന്നിവയിലുള്ള സ്വകാര്യത  സംരക്ഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ഇവ നിരീക്ഷിക്കുകയും പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് വിവരങ്ങള്‍ സംരക്ഷിക്കാന്‍ പോലും പര്യാപ്തമായ സംവിധാനമില്ലാത്ത രാജ്യത്ത് അപകടകരമാണെന്നും ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ കേരളം നിലപാട് സ്വീകരിച്ചു.   50 വര്‍ഷമായി കോടതി ഉണ്ടാക്കിയ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും കേരളം വാദിച്ചു. ജീവിക്കാനുള്ള അവകാശം ജീവിതനിലവാരത്തിനുള്ള അവകാശം കൂടിയാണെന്ന് രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളില്‍ സംസ്ഥാനം വ്യക്തമാക്കുന്നു. സ്വകാര്യത മൗലികാവകാശമല്ലെന്ന 1954ലെയും 1964ലെയും വിധികള്‍ വ്യത്യസ്ത സാഹചര്യങ്ങളിലുള്ളതാണ്. സ്വകാര്യത വ്യക്തിസ്വാതന്ത്ര്യത്തിന്റെ സുപ്രധാന ഘടകമാണ്. കൃത്യമായ കണക്കുകൂട്ടലോടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കരുത്. കോടതിയുടെ മൂന്നംഗ ബെഞ്ചുകള്‍ പിയുസിഎല്‍, ഗോവിന്ദ കേസുകളില്‍ എടുത്ത നിലപാടാണ് ശരി. അന്തര്‍ദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ തന്നെ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട്. സ്വകാര്യതയിലുള്ള ഏകപക്ഷീയമായ കൈകടത്തല്‍ അനുവദിക്കാന്‍ കഴിയില്ല. ഇന്ത്യ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്. സ്വകാര്യതയില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി. ഇന്നലെ കേരളം തങ്ങളുടെ നിലപാട് അറിയിച്ചെങ്കിലും നേരിട്ടുള്ള വാദമുണ്ടായില്ല. അതേസമയം, സ്വകാര്യത മൗലികാവകാശമായി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ആര്യമ്മ സുന്ദരം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമുണ്ടെങ്കില്‍ അത് പാര്‍ലമെന്റാണ് ചെയ്യേണ്ടത്. ഇക്കാര്യം വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്നും സുന്ദരം പറഞ്ഞു. ഇന്ത്യ കൂടി ഒപ്പുവച്ച 1948ലെ യുഎന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ സ്വകാര്യത ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്ത അവകാശമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇതിന് ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ പ്രതികരിച്ചു. ഒരു വ്യാഖ്യാനം ആവശ്യമുണ്ടെങ്കില്‍ മാത്രമേ അതിന്റെ സാധ്യതയുള്ളൂവെന്നും ഇവിടെ ഇത് വ്യാഖ്യാനത്തിന്റെയല്ല, ഭരണഘടനാ ഭേദഗതിയുടെ പ്രശ്‌നമാണെന്നും ആര്യമ്മ സുന്ദരം മറുപടി നല്‍കി. കേസില്‍ കേരളത്തിന്റെ വാദം ഇന്നുണ്ടായേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss