|    Sep 20 Thu, 2018 3:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

സ്റ്റേഡിയത്തില്‍ സൗജന്യ കുടിവെള്ള സംവിധാനവുമായി സര്‍ക്കാര്‍

Published : 9th October 2017 | Posted By: fsq

 

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിനിടെ കുടിവെള്ളം ഉയര്‍ന്ന വിലയില്‍ വിറ്റതിനെതിരേയുള്ള ആരോപണത്തില്‍ നടപടിയുമായി സര്‍ക്കാര്‍. അടുത്ത മല്‍സരം മുതല്‍ സൗജന്യമായി കുടിവെള്ളം എത്തിക്കുമെന്ന് നോഡല്‍ ഓഫിസര്‍ എ പി എം  മുഹമ്മദ് ഹനീഷ് അറിയിച്ചു.  കുടിക്കാനുള്ള വെള്ളം വിതരണം ചെയ്യുന്ന ദൗത്യം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇക്കാര്യം കഴിഞ്ഞ മല്‍സരം അവസാനിച്ചതിന് പിന്നാലെ ഫിഫ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്തിയതായും മുഹമ്മദ് ഹനീഷ് അറിയിച്ചു. സ്റ്റേഡിയത്തില്‍ 40 സ്‌പോട്ടുകളില്‍ ജാറുകള്‍ സ്ഥാപിച്ചു വെള്ളം ലഭ്യമാക്കും. ഇതിനായി 40 വോളന്റിയര്‍മാരെയും അഞ്ച് സുപ്പര്‍വൈസര്‍മാരെയും 40 പോലിസുകാരെയും പ്രത്യേകം നിയോഗിക്കും. സുരക്ഷാ കാരണങ്ങളാല്‍ സീറ്റുകളിലേക്കു വെള്ളമെത്തിക്കാന്‍ സാധിക്കില്ല. കാണികള്‍ക്ക് ഓരോ നിലയിലുമുള്ള പ്രവേശന സ്ഥലത്തെത്തി വെള്ളം കുടിക്കാനുള്ള സംവിധാനമുണ്ടാവും. ലഘുഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സി ഭക്ഷണം ന്യായവിലയ്ക്കു നല്‍കുമെന്നു ലീഗല്‍ മെട്രോളജി വകുപ്പ് ഉറപ്പു വരുത്തും. വില്‍പന വിലയും പ്രദര്‍ശിപ്പിക്കും. കാണികള്‍ക്ക് തങ്ങളുടെ സീറ്റുകളില്‍ എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള ദിശാസൂചക ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ടു. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തും. ലോകകപ്പ് മല്‍സരം കാണുന്നതിന്റെ ആവേശവുമായി ഏഴിനു കൊച്ചിയിലെത്തിയ കാണികള്‍ ഗ്രൗണ്ടിനുള്ളിലെ സൗകര്യങ്ങളില്‍ വ്യാപകമായി അതൃപ്തി രേഖപ്പെടുത്തി. ഗ്രൗണ്ടിനുള്ളില്‍ ലഭിച്ച കുടിവെള്ളത്തിന്റെ ഉയര്‍ന്ന വിലയാണ് ആരാധകരെ വലച്ചത്. സ്റ്റേഡിയത്തിനുള്ളില്‍ പുറത്തുനിന്നുള്ള വെള്ളമോ ഭക്ഷണമോ അനുവദിക്കില്ലെന്ന് നേരത്തേ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, സ്റ്റേഡിയത്തിനുള്ളില്‍ കുടിവെള്ളം വേണ്ട പോലെ വിതരണം ചെയ്യുവാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചുമില്ല. രണ്ട് മല്‍സരമായിരുന്നു ആദ്യ ദിനത്തിലുണ്ടായിരുന്നത്. അതുകൊണ്ട് മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നവര്‍ ദാഹജലത്തിനായി വലയുകയായിരുന്നു. പുറത്ത് 20 രൂപയ്ക്കു ലഭിക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിനു സ്റ്റേഡിയത്തിനുള്ളില്‍ 50 രൂപയും ഈടാക്കി. ആദ്യ മല്‍സരം കഴിഞ്ഞതോടെ ആവശ്യക്കാര്‍ കൂടുതല്‍ എത്തിയപ്പോള്‍ വെള്ളത്തിന്റെ വില പിന്നെയും ഉയര്‍ന്നതായും ആരോപണമുണ്ട്. ശീതള പാനീയം ഒരു ഗ്ലാസ് ലഭിക്കുന്നതിനും പോക്കറ്റ് കാലിയാക്കുന്ന വിലയാണു ചോദിച്ചതെന്ന് ആരാധകര്‍ പറയുന്നു. വില ഓരോ മണിക്കൂറിലും ഉയര്‍ന്നതോടെ ക്ഷുഭിതരായ കാണികള്‍ പ്രതിഷേധിക്കുകയും സ്റ്റാളുകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. രാജ്യാന്തര നിലവാരത്തില്‍ എല്ലാം തയ്യാറാക്കുമെന്നുള്ള പ്രഖ്യാപനത്തെ വെള്ളത്തിലാക്കുന്ന അവസ്ഥയായിരുന്നു ശുചിമുറികള്‍ക്കും. ചില ടോയ്‌ലറ്റുകളില്‍ വെള്ളം ലഭിക്കാത്ത അവസ്ഥ വന്നപ്പോള്‍ മറ്റു ചിലടിയങ്ങില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥിതിയുമുണ്ടായി. എന്നാല്‍, സുരക്ഷയില്‍ പാളിച്ചകള്‍ ഒന്നും സംഭവച്ചിട്ടില്ലെന്ന് കമ്മീഷണര്‍ എം പി ദിനേശ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss