|    Jul 22 Sun, 2018 4:53 am
FLASH NEWS

സ്റ്റുഡന്റ് പോലിസ് കാഡറ്റ് സൗഹാര്‍ദം നിലനിര്‍ത്തുന്നവരാവണം: സ്പീക്കര്‍

Published : 3rd August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: സമൂഹത്തില്‍ സൗഹാര്‍ദം നിലനിര്‍ത്തുന്ന സംഘടനയായി സ്റ്റുഡന്റ് പോലിസ് കാഡറ്റുകള്‍  മാറണമെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസില്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്പിസി കാഡറ്റുകള്‍ക്കുള്ള ജില്ലാതല അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ജനാധിപത്യസമൂഹത്തില്‍ ജനങ്ങളുടെ കൂട്ടുകാരാണ് പോലിസ്. എന്നാല്‍ ചില കോണുകളിലെങ്കിലും ബ്രിട്ടീഷുകാരുടെ പോലിസ് മാന്വലിന്റെ അവസ്ഥ തുടരുന്നുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച പോലിസ് സംവിധാനമാണ് കേരളത്തിലുള്ളത്. പോലിസിന്റെ വിവിധ മുഖങ്ങളിലൊന്നാണ് എസ്പിസി. കുട്ടികളെ പരിശീലിപ്പിക്കുന്നതോടൊപ്പം അവരില്‍ നിന്നും പഠിക്കാനും സാധിക്കും. ജീവിതത്തില്‍ സവിശേഷമായ ദിശാബോധം നല്‍കുന്ന സാഹചര്യം ഒരുക്കാന്‍ എസ്പിസി സംവിധാനത്തിന് സാധിക്കും. യാന്ത്രികമായി പാഠപുസ്തകങ്ങള്‍ പഠിച്ചുപോകുന്ന കുട്ടികള്‍ക്ക് പിന്നീട് ഒന്നും ഓര്‍ക്കാനുണ്ടാവില്ല എന്നാല്‍ എസ്പിസി വിദ്യാര്‍ഥികള്‍ക്ക് ചില ഓര്‍മ്മകള്‍ സൂക്ഷിക്കാനും ജീവിതവഴിയില്‍ നല്ല ശീലങ്ങള്‍ പിന്തുടരാനും സാധിക്കും. എം രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു മുഖ്യാതിഥി ആയിരുന്നു. ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍ടിഒ ബാബു ജോണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍, കാഞ്ഞങ്ങാട് ഡിഇഒ ഇ പ്രകാശ് കുമാര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എം രാജീവന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, കൗണ്‍സിലര്‍ എച്ച് റംഷീദ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസ്, ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഒ വി മോഹനന്‍, പിടിഎ പ്രസിഡന്റ് പി സുധാകരന്‍, എസ്പിസി ജില്ലാ നോഡല്‍ ഓഫിസര്‍ ഡിവൈഎസ്പി ടി പി പ്രേമരാജന്‍, ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ പി വി ജയരാജന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 89 കേഡറ്റുകള്‍ക്ക് പുരസ്‌കാരം നല്‍കി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അഭിനയിച്ച പോലിസ് ഉദ്യോഗസ്ഥരെ ചടങ്ങില്‍ സ്പീക്കര്‍ പുരസ്‌കാരം നല്‍കി അനുമോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss