|    Jul 23 Sun, 2017 2:20 am
FLASH NEWS

സ്റ്റുഡന്റ് പോലിസിനു പിന്നാലെ സ്റ്റുഡന്റ് ഡോക്ടര്‍മാരും

Published : 2nd July 2016 | Posted By: SMR

വൈപ്പിന്‍: സ്റ്റുഡന്റ് പോലിസിനു പിന്നാലെ ഇനി സ്റ്റുഡന്റ് ഡോക്ടര്‍മാരും. വെളുത്ത കോട്ടുമിട്ട് ഫസ്റ്റ് എയ്ഡ് ബോക്‌സുമായി അവശ്യഘട്ടങ്ങളില്‍ രംഗത്തെത്തുന്ന കുട്ടി ഡോക്ടര്‍മാരെ ഇനി നമുക്ക് കാണാം.
വൈപ്പിനില്‍ ഈ പദ്ധതി നടപ്പാക്കുന്ന എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടേഴ്‌സ് ദിനത്തില്‍ തുടക്കമായി. ജില്ലയിലെ ഓരോ താലൂക്കില്‍ നിന്നും അഞ്ച് വീതം സ്‌കൂളുകളെയാണ് സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലാകെ 34 സ്‌കൂളുകളാണ് കുട്ടി ഡോക്ടര്‍മാരുള്ളത്. എട്ടാം ക്ലാസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്ത രണ്ട് വീതം വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം ജില്ലാ റെഡ്‌ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധപരിശീലനം നല്‍കിയാണ് രംഗത്തിറക്കിയിരിക്കുന്നത്. പരിശീലനത്തിനൊടുവില്‍ ഇവര്‍ക്ക് വെളുത്ത കോട്ടും ഫസ്റ്റ് എയ്ഡ് ബോക്‌സും സമ്മാനിക്കുന്ന വിപുലമായ ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. ഈ വര്‍ഷവും എട്ടാം ക്ലാസില്‍ നിന്ന് രണ്ട് കുട്ടികളെക്കൂടി തിരഞ്ഞെടുത്ത് തുടര്‍പരിശീലനം നല്‍കാനാണ് പരിപാടി. റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്‌കൂളുകളില്‍ വ്യത്യസ്തതയാര്‍ന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്നതും പദ്ധതിയുടെ പ്രധാനലക്ഷ്യങ്ങളില്‍പ്പെടുന്നു. ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജിലെ അഡീഷണല്‍ പ്രഫസറായ ഡോ. പത്മകുമാറിന്റെ തലയില്‍ വിരിഞ്ഞ ആശയമാണ് സ്റ്റുഡന്റ് ഡോക്ടര്‍ പ്രൊജക്ട്. ആലപ്പുഴ ജില്ലയില്‍ ഒട്ടേറെ വിദ്യാലയങ്ങളില്‍ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പ്രഥമ ശുശ്രൂഷ, പകര്‍ച്ച വ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ശുചിത്വം, റോഡ് സുരക്ഷ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലാണ് കുട്ടികള്‍ക്കായി കുട്ടി ഡോക്ടര്‍മാര്‍ ക്ലാസെടുക്കുന്നത്.
2015ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൂനിയര്‍ റെഡ്‌ക്രോസ് യൂനിറ്റായി എടവനക്കാട് എസ്ഡിപിവൈ കെപിഎംഎച്ച്എസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സഹായത്തോടെ സ്റ്റുഡന്റ് ഡോക്ടര്‍ പദ്ധതി വിജയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സ്‌കൂള്‍തല ജെആര്‍സി യൂനിറ്റിന്റെ ചുമതല വഹിക്കുന്ന രാഖിരാജ്, അജിഷ ജോണ്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക