|    Nov 20 Tue, 2018 6:11 am
FLASH NEWS
Home   >  Kerala   >  

സ്റ്റീഫന്‍ ഹോക്കിങ് :സ്വന്തം ജീവിതം വിസ്മയമാക്കിയ അപൂര്‍വ്വ ശാസ്ത്രപ്രതിഭ

Published : 14th March 2018 | Posted By: mi.ptk

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

പൊന്നാനി:  സ്വന്തം ജീവിതം തന്നെ,  ഒരു വലിയ വിസ്മയമാക്കി മാറ്റിയ ശാസ്ത്രജ്ഞനാണ് ഇന്ന് അന്തരിച്ച  സ്റ്റീഫന്‍ ഹോകിങ്. ഇരുപത്തൊന്നാം വയസ്സില്‍ മോട്ടോര്‍ ന്യൂറോണ്‍  രോഗം ബാധിച്ചയാള്‍ അര നൂറ്റാണ്ടിലേറെക്കാലം ജീവിച്ചതു തന്നെ വൈദ്യശാസ്ത്ര രംഗത്തെ വലിയ വിസ്മയമായിരുന്നു.

1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു  മാതാപിതാക്കള്‍. മറ്റു പല ശാസ്ത്രജ്ഞന്‍മാരെപ്പോലെ ഹോക്കിങ് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത്  പഠിക്കുന്ന കാര്യത്തില്‍ വളരെപ്പിന്നോട്ടായിരുന്നു. എങ്കിലും  റേഡിയോയും ക്ലോക്കും ഒക്കെ എങ്ങനെയാണ്  പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ അതെല്ലാം അഴിച്ചു നോക്കുമായിരുന്നത്രേ. സ്‌കൂള്‍ ജീവിതകാലത്ത് തന്നെ ഹോക്കിങിനു ‘ഐന്‍സ്ടീന്‍’ എന്ന വിളിപ്പേര് വീണിരുന്നു.ഒക്‌സ് ഫോര്‍ഡ്  യുണിവേഴ്‌സിറ്റിയില്‍ ഭൗതിക ശാസ്ത്ര പഠനത്തിനു ചേര്‍ന്നു. കോസ്‌മോളജിയായിരുന്നു വിഷയം.

ഒക്‌സ് ഫോര്‍ഡില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഹോക്കിങില്‍  രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ചിലപ്പോള്‍ ശരീരത്തിന്റെ ബാലന്‍സ് തെറ്റും, ചിലപ്പോള്‍ മറിഞ്ഞു വീഴും. പക്ഷെ അതൊന്നും കാര്യമായി എടുത്തില്ല.വളരെയേറെ നാളുകള്‍ക്കു ശേഷം , അച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഹോക്കിങ് ഡോക്ടറെ കാണുന്നത്. തുടര്‍ച്ചയായ ടെസ്റ്റുകള്‍ , ചികിത്സകള്‍ , പരീക്ഷണങ്ങള്‍, ഒടുവില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി.  ‘Amytorophic Lateral Sclerosis  എന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ഹോകിങ്ങിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു. ഹോക്കിങിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. ഹോക്കിങിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്.
കേംബ്രിഡ്ജിലെ  തന്റെ ഗവേഷണം തുടര്‍ന്ന് കൊണ്ടു പോകാന്‍ തന്നെ ഹോക്കിങ് തീരുമാനിച്ചു. ഇതേ കാലത്ത് തന്നെയാണ്  അദ്ദേഹം ജയിന്‍ വൈല്‍ഡു(Jane Wilde)മായി പ്രണയത്തിലാകുന്നത് . ജയിനിന്റെ സാന്നിധ്യം തനിക്കു ജീവിക്കാനുള്ള കരുത്തുപകര്‍ന്നു. ഹോക്കിങ് ഒരു മാരക രോഗിയാണെന്ന വസ്തുത ജയിനിനെ തെല്ലും ബാധിച്ചില്ല.
ജീവിതത്തിന്റെ പീഡനകാലത്ത് ഒന്നിച്ചുനിന്ന് പൊരുതാമെന്ന ഉറച്ച പ്രഖ്യാപനത്തിലൂടെ ഇരുവരും വിവാഹിതരായി. ഈ ജീവിതത്തില്‍ അവര്‍ക്ക് മൂന്നു കുട്ടികളുമുണ്ടായി. 1995 വരെ ഹോകിങിനൊപ്പമുണ്ടായിരുന്നു അവര്‍.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ  മുഖ്യ ഗവേഷണ മേഖല. 1983 ല്‍   Jim Hartle എന്ന ശാസ്ത്രജ്ഞനുമായി ചേര്‍ന്നു കൊണ്ടു ഐന്‍സ്ടീനിന്റെ ആപേക്ഷികതാ സിദ്ധാന്തവും ( general relativtiy theory)  ക്വാണ്ടം ഭൗതികതയിലെ ആശയങ്ങളും സമന്വയിപ്പിച്ച്  അതിരുകളില്ലാത്ത പ്രപഞ്ചം എന്ന ആശയം അവതരിപ്പിച്ചു. 1975 ല്‍  തമോഗര്‍ത്തങ്ങള്‍ ഊര്‍ജം പുറത്തേക്കു വിടുന്നതായി അദ്ദേഹം സമര്‍ത്ഥിച്ചു.

1974 നു ശേഷം തനിയെ ഭക്ഷണം കഴിക്കാനോ, എഴുന്നേറ്റു നടക്കാനോ കഴിയുമായിരുന്നില്ല. 1985ല്‍ tracheotomy ശസ്ത്രക്രിയയ്ക്ക് മുമ്പു സ്റ്റീഫനു അവ്യക്തമെങ്കിലും  സംസാരിക്കാന്‍ സാധിച്ചിരുന്നു. ഒരു സെക്രട്ടറിയെ നിയോഗിച്ചു വേണ്ട കാര്യങ്ങള്‍ പതുക്കെ പറഞ്ഞു കൊടുത്ത് എഴുതിപ്പിക്കുമായിരുന്നു. ശസ്ത്രക്രിയക്ക്  ശേഷം  സംസാര ശേഷി പൂര്‍ണ്ണമായി ഇല്ലാതായി. അദ്ദേഹം തളര്‍ന്നില്ല സെമിനാറുകള്‍ തുടര്‍ന്നു. പുരികക്കൊടികള്‍ മാത്രം ചലിപ്പിച്ച് കൊണ്ടു  തന്റെ മുന്നില്‍ കാണിക്കുന്ന കാര്‍ഡില്‍ ഉള്ള അക്ഷരങ്ങളെ തെരഞ്ഞെടുത്തുകൊണ്ടായിരുന്നു ആശയ വിനിമയം. ഇത് വലിയ സമയ നഷ്ടമുണ്ടാക്കി. മഹത്തായ ഭൗതിക ശാസ്ത്രകാരന്റെ ദുര്‍വിധി കണ്ട്  Walt Woltsoz എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ഒരു പുതിയ പ്രോഗ്രാം രൂപ കല്പന ചെയ്തു സ്റ്റീഫനു നല്‍കി. ‘ഇക്വലൈസര്‍’ എന്നായിരുന്നു അതിന്റെ പേര്. സ്‌ക്രീനില്‍ നിന്നും വാക്കുകള്‍ കൈയിലെ സ്വിച്ചമര്‍ത്തി തിരഞ്ഞെടുക്കാവുന്ന രീതിയായിരുന്നു അത്.

പിന്നീട് Cambridge Adaptive  Communication ലെ David Ma-son
എന്നയാള്‍ വീല്‍ ചെയറിനോട് ഘടിപ്പിക്കാവുന്ന portable computer ഉം speech synthesizer ഉം സജ്ജമാക്കി. ഇതോടെ മിനിറ്റില്‍ 15 വാക്കു വരെ കൈകാര്യം ചെയ്യാവുന്നത്ര പുരോഗതിയുണ്ടായി. ഈ സംവിധാനം ഉപയോഗിച്ചു.  ശാസ്ത്ര പുസ്തകങ്ങളും  നിരവധി പ്രബന്ധങ്ങളും തയ്യാറാക്കി.ഐന്‍സ്റ്റീനുശേഷം ലോകം ഇത്രമേല്‍ ആദരിച്ച വിസ്മയിപ്പിച്ച മറ്റൊരു ശാസത്രജ്ഞനില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss