|    Sep 25 Tue, 2018 12:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷന്‍

Published : 29th August 2018 | Posted By: kasim kzm

ചെന്നൈ: ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പിതാവും പാര്‍ട്ടിയുടെ സമുന്നത നേതാവുമായ എം കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. കരുണാനിധിയുടെ ജീവിതകാലത്ത് അദ്ദേഹം പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി സ്റ്റാലിനെ നിയമിച്ചിരുന്നു.സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തതായി പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍ ജനറല്‍ സെക്രട്ടറി കെ അന്‍പഴകനാണ് അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് സ്റ്റാലിന്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്‍പഴകന്റെ പ്രഖ്യാപനത്തെ ഹര്‍ഷാരവങ്ങളോടെയാണ് ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചത്.
ഡിഎംകെയില്‍ നിന്ന് 2014ല്‍ കരുണാനിധി പുറത്താക്കിയ സ്റ്റാലിന്റെ സഹോദരന്‍ എം കെ അഴഗിരി എതിര്‍പ്പുമായി രംഗത്തുണ്ട്. യഥാര്‍ഥ ഡിഎംകെ പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണെന്ന് അദ്ദേഹം ഒരാഴ്ച മുമ്പ് പറഞ്ഞിരുന്നു. തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ ഭവിഷത്തുണ്ടാവുമെന്ന് അദ്ദേഹം ഡിഎംകെ—ക്ക് മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞദിവസമാണ്. മധുര മേഖലയില്‍ സ്വാധീനമുള്ള അഴഗിരി സപ്തംബര്‍ അഞ്ചിന് തന്റെ അനുയായികളുടെ റാലി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പാഠം പഠിപ്പിക്കാന്‍ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്ത ശേഷം ജനറല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത സ്റ്റാലിന്‍ ഡിഎംകെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
തമിഴ്‌നാടിന്റെ ഭാവിയെ കുറിച്ചു തനിക്ക് സുന്ദരമായ സ്വപ്‌നമുണ്ട്. അത് യാഥാര്‍ഥ്യമാക്കണം. താനൊരിക്കലും ഡിഎംകെ അധ്യക്ഷനാവുമെന്ന് സ്വപ്‌നം കണ്ടിട്ടില്ല. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ക്കുപരി എല്ലാവരും തുല്യരാണ്. താന്‍ തെറ്റ് ചെയ്യുന്നുവെങ്കില്‍ അണികള്‍ ശബ്ദമുയര്‍ത്തണം. ദ്രാവിഡവും നിരീശ്വരവാദപരവുമായ ആശയങ്ങളില്‍ ഡിഎംകെ ഉറച്ചുനില്‍ക്കും. എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ മാനിക്കും- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിഡന്റ് പദവി ഒഴിവാക്കുന്ന പ്രമേയം ജനറല്‍ കൗണ്‍സില്‍ പാസാക്കി. സ്റ്റാലിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എംഡിഎംകെ സ്ഥാപകന്‍ വൈകോ എന്നിവര്‍ അഭിനന്ദിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss