|    Oct 24 Wed, 2018 3:52 am
FLASH NEWS

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് – രണ്ട് നിയമനം : സീനിയോറിറ്റി മറികടന്ന് നിയമനം ലഭിച്ച ഉദ്യോഗാര്‍ഥി അവധിയെടുത്ത് വിദേശത്ത്

Published : 14th September 2017 | Posted By: fsq

 

പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് -രണ്ട് നിയമനത്തില്‍ സാമ്പത്തിക ക്രമക്കേടും നടന്നതായി സൂചന. പിഎസ്‌സി നല്‍കിയ നിയമന നിര്‍ദേശവും സീനിയോറിട്ടിയും മറികടന്ന് നിയമനം നടത്തിയ സംഭവത്തില്‍ ഡിഎം ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് അഴിമതിയുടെ കൂടുതല്‍ കഥകള്‍ വെളിച്ചത്തു വന്നത്. ഡിഎം ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് (ജനറല്‍) ബിജി സി. മാത്യു, സീനിയര്‍ ക്ലാര്‍ക്ക് സലീലാമ്മ എന്നിവരെയാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശ്രീനിവാസ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റാഫ് നഴ്‌സുമാരുടെ 31 ഒഴിവുകള്‍ നിലവിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചതിന്‍ പ്രകാരം ജില്ലാ പി.എസ്.സി ഓഫിസില്‍ നിന്ന് അത്രയും പേര്‍ക്ക് കഴിഞ്ഞ ജനുവരി മൂന്നിന് നിയമന  ശിപാര്‍ശ നല്‍കി. എന്നാല്‍, ഇവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യഥാസമയം നിയമന ഉത്തരവ് നല്‍കിയില്ല. ഇതിനിടയില്‍ പിഎസ്‌സി 2016 ജനുവരി 20 ല്‍ ചെയ്ത ശിപാര്‍ശ ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാതിരുന്ന ജിന്‍സി സാമുവലിന്റെ എന്‍ജെഡി(നോണ്‍-ജോയിനിങ് ഡ്യൂട്ടി) ഒഴിവിലേക്ക് കഴിഞ്ഞ ഫെബ്രുവരി 22 ന് ശിപാര്‍ശ ചെയ്ത ജി സീമ എന്ന ഉദ്യോഗാര്‍ഥിക്ക് സീനിയോറിട്ടി മറി കടന്ന് നിയമനം നല്‍കിയതിനാണ് നടപടി. സീമ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം ശൂന്യവേതനാവധിയെടുത്ത് വിദേശത്ത് മറ്റൊരു ജോലിക്ക് ചേര്‍ന്നുവെന്നും കണ്ടെത്തി. സീമയ്ക്ക് വിദേശജോലിക്ക് പോകുന്നതിന് വേണ്ടിയാണ് സീനിയോറിട്ടി മറി കടന്ന് ആദ്യം നിയമനം നല്‍കിയത്. ഇതിന് പിന്നില്‍ സാമ്പത്തിക അഴിമതി നടന്നതായും പറയുന്നു. സംഭവത്തില്‍ നേരിട്ടു ബന്ധമുള്ള ഡിഎം ഓഫിസിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ നടപടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളാണ് ചട്ടം മറികടന്ന് നിയമനം നടത്താന്‍ മറ്റ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. നിയമനം നടക്കുന്ന കാലത്ത് ഡിഎംഒ ആയിരുന്ന ഡോ. സോഫിയ ബാനു, അഡ്മിനിസ്‌ട്രേറ്റീവ് അസി. തുളസീഭായി എന്നിവര്‍ക്കെതിരേയും നടപടിക്ക് ശിപാര്‍ശയുണ്ട്. കഴിഞ്ഞ ജൂലൈ 18ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ, സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്‍ ആണ് ക്രമക്കേട് കണ്ടു പിടിച്ച് റിപോര്‍ട്ട് ചെയ്തത്. സസ്‌പെന്‍ഷനിലായ ബിജി കേരളാ ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെയും സലീലാമ്മ എന്‍ജിഒ യൂനിയന്റെയും ഭാരവാഹികളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss