|    Jan 23 Mon, 2017 8:34 pm
FLASH NEWS

സ്മൃതി ഇറാനിയെ കാബിനറ്റ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Published : 17th July 2016 | Posted By: SMR

Smriti-Irani-m

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുനസ്സംഘടനയില്‍ തഴയപ്പെട്ടതിനു പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കാബിനറ്റ് കമ്മിറ്റിയില്‍നിന്നു പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുനസ്സംഘടിപ്പിച്ച ആറു കാബിനറ്റ് കമ്മിറ്റികളിലും സ്മൃതി ഇറാനിക്കു സ്ഥാനമില്ല. നേരത്തേ പാര്‍ലമെന്ററി കാര്യ സമിതിയുടെ കാബിനറ്റ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു സ്മൃതി.
മന്ത്രിസഭാ പുനസ്സംഘടനയുടെ വേളയില്‍ സ്മൃതി ഇറാനിയില്‍ നിന്ന് സുപ്രധാന വകുപ്പായ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഒഴിവാക്കി പകരം ടെക്‌സ്‌റ്റൈല്‍ വകുപ്പിന്റെ ചുമതല നല്‍കിയിരുന്നു. വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മാനവ വിഭവശേഷി വകുപ്പുപോലെ സുപ്രധാനമായൊരു വകുപ്പ് മന്ത്രിസഭയില്‍ പുതുമുഖമായ സ്മൃതി ഇറാനിയെ ഏല്‍പ്പിച്ചതില്‍ ആരംഭം മുതലേ അസ്വാരസ്യങ്ങളുണ്ടായിരുന്നു. വിവിധ സര്‍വകലാശാലകളില്‍ നടന്ന സമരങ്ങളുള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സ്മൃതിക്ക് വീഴ്ച പറ്റിയതായും വിമര്‍ശനമുയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് സ്മൃതി ഇറാനിയില്‍നിന്നു സുപ്രധാന വകുപ്പിന്റെ ചുമതല മാറ്റി ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ ചുമതല നല്‍കിയത്. പാര്‍ലമെന്ററികാര്യ സമിതിയുടെ കാബിനറ്റ് കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ പുതിയ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകറെ ഈ കമ്മിറ്റിയില്‍ അംഗമാക്കിയിട്ടുണ്ട്. ഇതിനുപുറമെ, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ദ് കുമാറിനെ കമ്മിറ്റിയില്‍ അംഗമാക്കി. മുക്താര്‍ അബ്ബാസ് നഖ്‌വി, എസ് എസ് അലുവാലിയ, പി പി ചൗധരി തുടങ്ങിയവരെ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളുമാക്കി. പതിനൊന്നു പേരടങ്ങിയ കമ്മിറ്റിയുടെ തലവന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ്. പാര്‍ലമെന്റ് സമ്മേളനത്തിനുള്ള തിയ്യതികള്‍ നിശ്ചയിക്കുന്നതിനുള്ള ചുമതലയാണ് ഈ കമ്മിറ്റിക്കുള്ളത്. കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു, രാം വിലാസ് പാസ്വാന്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. പൊളിറ്റിക്കല്‍ അഫയേഴ്‌സിനുള്ള പാര്‍ലമെന്ററികാര്യ കാബിനറ്റ് കമ്മിറ്റിയില്‍ പതിനൊന്ന് അംഗങ്ങളായിരുന്നത് പതിനാല് അംഗങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ്, പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ദ് കുമാര്‍, ആരോഗ്യമന്ത്രി ജെ പി നദ്ദ തുടങ്ങിയവരാണ് ഈ കമ്മിറ്റിയിലെ പുതിയ അംഗങ്ങള്‍.
എന്‍ഡിഎ ഘടകക്ഷികളില്‍ നിന്നു കേന്ദ്രമന്ത്രിമാരായ ടിഡിപിയുടെ അശോക് ഗജപതിരാജു, എല്‍ജിപിയുടെ രാംവിലാസ് പസ്വാന്‍, അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിവസേനയുടെ അനന്ദ് ഗീഥേ തുടങ്ങിയവരാണ് സിസിപിഎയിലെ അംഗങ്ങള്‍. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റിയില്‍ 13 അംഗങ്ങളാണുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 264 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക