|    Jan 17 Tue, 2017 12:59 am
FLASH NEWS

സ്മാര്‍ട്ട് സിറ്റി; നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളുമായി പ്രമുഖര്‍

Published : 1st October 2016 | Posted By: Abbasali tf

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനത്തിനു പുതുപ്രതീക്ഷകളുമായി സ്മാര്‍ട്ട് സിറ്റി പദ്ധതി. സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ തയ്യാറാക്കുന്നതിനു മുന്നോടിയായി മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ അഭിപ്രായ സ്വരൂപണത്തിനായി നഗരസഭ സംഘടിപ്പിച്ച യോഗത്തില്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന രീതിയിലുള്ള വികസന നിര്‍ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ നഗരവികസനത്തില്‍ വളരെ പ്രാധാന്യമുള്ള ചര്‍ച്ചയില്‍ നഗരപരിധിയിലെ എംപിമാരോ, മുന്‍ എംഎല്‍എമാരോ, മന്ത്രിമാരോ പങ്കെടുക്കാതിരുന്നതു തിരിച്ചടിയായി. ഒ രാജഗോപാല്‍ എംഎല്‍എ മാത്രമാണു ജനപ്രതിനിധിയായി യോഗ—ത്തിലുണ്ടായിരുന്നത്. നഗരത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വികസന സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയായി. നഗരത്തെ പൈതൃക നഗരമാക്കി മാറ്റണം, കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സ്ഥിരംകേന്ദ്രം സ്ഥാപിക്കണം, ആയുര്‍വേദ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം, നഗരത്തിലൂടെ ഒഴുകുന്ന പുഴകളും തോടുകളും ശുചീകരിച്ച് ജലഗതാഗത സൗകര്യം, നഗരം മാലിന്യമുക്തമാക്കുന്ന പദ്ധതി രൂപീകരണം തുടങ്ങിയ നിര്‍ദേശങ്ങളാണു പ്രധാനമായും ഉയര്‍ന്നത്. രാജ്യത്തിന്റെ തന്നെ ആയുര്‍വേദ നഗരമാക്കി തലസ്ഥാനത്തെ മാറ്റാനായിരുന്നു ഒരു നിര്‍ദേശം. മികച്ച ആയുര്‍വേദ ചികില്‍സ ലഭിക്കുന്ന തലസ്ഥാനത്ത് ഇതു വളരെ ഫലപ്രദമാവുന്ന വിലയിരുത്തലു—മുണ്ടായി. നഗരഹൃദയത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകടനിരക്ക് കുറയ്ക്കുന്നതിനും തമ്പാനൂര്‍, കിക്കേക്കോട്ട റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ സ്‌കൈ വാക്ക് നിര്‍മിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും പ്രധാന ഓഫിസുകള്‍ക്കും മുമ്പില്‍ പാര്‍ക്കിങ് സംവിധാനവും സൈക്കിള്‍ ട്രാക്കും ഒരുക്കുന്നതു നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ്. സമരത്തിരക്കില്‍ നിന്നു നഗരവാസികളെ രക്ഷിക്കുന്നതിനു സമരത്തിന് പ്രത്യേകം സമാന്തര റോഡ് ഒരുക്കുകയോ, സമര സമയങ്ങളില്‍ യാത്രക്കാര്‍ക്കായി സമാന്തര സംവിധാനം ഒരുക്കുകയോ വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. പത്മനാഭക്ഷേത്രം, ആറ്റുകാല്‍ക്ഷേത്രം, പരശുരാമക്ഷേത്രം എന്നിവ പരിഗണിച്ച് തീര്‍ത്ഥാടന വിനോദമേഖലയാക്കി മാറ്റാന്‍ സാധിക്കുമെന്നതായിരുന്നു ഒ രാജഗോപാലിന്റെ അഭിപ്രായം. വികസനം കാത്തുകിടക്കുന്ന ചേരിപ്രദേശങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചതാക്കി മാറ്റണമെന്നതായിരുന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രധാന നിര്‍ദേശം. നിലവില്‍ നഗരം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ഗതാഗതക്കുരുക്കിനു പരിഹാരമായി ഫ്‌ളൈ ഓവറുകളും ഓവര്‍ ബ്രിഡ്ജുകളും ഒരുക്കണം. നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് വേണമെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ അഭിപ്രായപ്പെട്ടു. പത്മനാഭസ്വാമി ക്ഷേത്രവും ചാല കമ്പോളവും പുത്തരിക്കണ്ടം മൈതാനവും ചേര്‍ത്ത് ഹെറിറ്റേജ് സോണ്‍ ആക്കണമെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. ബസ് സര്‍വീസുകള്‍ എല്ലാം നഗരഹൃദയത്തില്‍ നിന്ന് ആരംഭിക്കുന്നതിനു പകരം ഇന്റര്‍സിറ്റി ബസ്സുകള്‍ക്ക് നഗരാതിര്‍ത്തി—യില്‍ സ്റ്റാന്‍ഡുകള്‍ ക്രമീകരിക്കുന്നതു നഗരത്തിലെ തിരക്ക് ഒഴിവാക്കാനാവും. മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുള്ളത് അനുസരിച്ച് തലസ്ഥാനനഗരത്തിനു യോജിച്ച പദ്ധതിയാണു തിരഞ്ഞെടുത്തു നടപ്പാക്കുകയെന്നു ഫിഷറീസ്-തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മോഡറേറ്ററുമായ ജെയിംസ് വര്‍ഗീസ് പറഞ്ഞു. ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്ന് പദ്ധതിക്ക് അനുയോജ്യമായവ പരിഗണിക്കും. തയ്യാറാക്കുന്ന പ്രപ്പോസലിന്റെ മികവ് പരിശോധിക്കപ്പെടും. ജനങ്ങളുമായി ആശയവിനിമയം നടത്തി അഭിപ്രായം സ്വരൂപിച്ചുകൊണ്ടുള്ള പ്രപ്പോസല്‍ മാത്രമേ വിജയകരമാവൂ. പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുന്നതിന് ഒരു മികച്ച കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്. നിലവില്‍ നഗരത്തിലുള്ള വെല്ലുവിളികളും ദൗര്‍ബല്യങ്ങളും അവസരങ്ങളും ഭീഷണിയും പ്രപ്പോസല്‍ തയ്യാറാക്കേണ്ട രീതി സംബന്ധിച്ചും മേയര്‍ വി കെ പ്രശാന്ത് വിഷയാവതരണം നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക