|    Mar 21 Wed, 2018 2:47 pm
FLASH NEWS
Home   >  Kerala   >  

കൊച്ചി സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ചെയ്തു

Published : 20th February 2016 | Posted By: swapna en

Kochi-Smart-City-

ദുബയ്:   6.5 ലക്ഷം ചതുരശ്ര അടി ഐ.ടി ടവര്‍ ഉള്‍പ്പെടുന്ന കൊച്ചി സ്മാര്‍ട് സിറ്റി ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.   രണ്ടാം ഘട്ടം നിര്‍മാണോദ്ഘാടനവും ഇതിനൊപ്പം നടന്നു. സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍  യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രിയും ദുബൈ ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഖര്‍ഖവി, ദുബൈ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ ബന്ന, വ്യവസായ-ഐടി വകുപ്പ് മന്ത്രിയും കൊച്ചി സ്മാര്‍ട് സിറ്റി ചെയര്‍മാനുമായ പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവ് എം.എ യൂസുഫലി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ജെംസ് ഗ്രൂപ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, ഐബിഎസ് ചെയര്‍മാന്‍ വി.കെ മാത്യൂസ്, കൊച്ചിന്‍ സ്‌പെഷ്യല്‍ എകണോമിക് സോണ്‍ ഡെവലപ്‌മെന്റ് കമീഷണര്‍ എ.എന്‍ സഫീന, സ്മാര്‍ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേരളത്തിന്റെ സ്വപ്ന പദ്ധതി നാടിന് സമര്‍പ്പിച്ചു.

ആദ്യ ഐ.ടി ടവറിലെ 75% സ്ഥലവും നിലവില്‍ 27 ഐ.ടി കമ്പനികള്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. അവയില്‍ പലരും ഇന്റീരിയര്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. കമ്പനികളുടെ പേരു വിവരങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ് അറിയിച്ചു. അടുത്ത 3-4 മാസങ്ങള്‍ക്കകം കമ്പനികള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍ണ തോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഒന്നാം ഘട്ടത്തില്‍ 5,000ത്തിലേറെ പേര്‍ക്ക് ജോലി ലഭിക്കും. കൊച്ചി സ്മാര്‍ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ദുബയിലെയോ മാള്‍ട്ടയിലെയോ സ്മാര്‍ട് സിറ്റിയില്‍ നേരിട്ടോ വെര്‍ച്വല്‍ ആയോ സാന്നിധ്യമാവാമെന്ന് കൊച്ചി സ്മാര്‍ട് സിറ്റി ഇടക്കാല സിഇഒയും ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഡോ. ബാജു ജോര്‍ജ് പറഞ്ഞു.
പദ്ധതിയുടെ അസാധാരണത്വവും പദ്ധതി നിര്‍വഹണത്തിന് മുന്‍ മാതൃകകളൊന്നുമില്ലാതിരുന്നതുമാണ് ഒന്നാം ഘട്ടത്തിലെ കാലതാമസത്തിന് കാരണമായതെന്ന് ജാബിര്‍ ബിന്‍ ഹഫീസ് വെളിപ്പെടുത്തി. കൂടാതെ, നിര്‍മാണത്തിന് മുമ്പ് റോഡ്, പാലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍മാണോദ്ഘാടനം നടത്തുന്ന 47 ലക്ഷം ചതുരശ്ര അടി രണ്ടാം ഘട്ടത്തില്‍ ലുലു ഗ്രൂപ്പിന്റെ ഐ.ടി വിഭാഗമായ സാന്‍ഡ്‌സ് ഇന്‍ഫ്രാ ബില്‍ഡിന്റെ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഐടി ടവറുള്‍പ്പെടെ 7 ടവറുകളാണുണ്ടാവുക. സ്മാര്‍ട് സിറ്റിയുടെ സ്വന്തം ടവറിന് പുറമെ യുഎഇ ആസ്ഥാനമായ ഹോളിഡെ ഗ്രൂപ്, ജെംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബെംഗളൂരു ആസ്ഥാനമായ മറാട്ട് പ്രൊജക്ട്‌സ്, പ്രസ്റ്റീജ് ഗ്രൂപ്, കൊച്ചി ആസ്ഥാനമായ എല്‍ടന്‍ ടെക്‌നോളജീസ് എന്നിവയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. 60,000ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ ഘട്ടത്തില്‍ ഐടി ഇതര പദ്ധതികളുമുണ്ടാകും. ഇതിന്റെ നിര്‍മാണം 30-36 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വൈസ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss