|    Feb 20 Mon, 2017 3:04 pm
FLASH NEWS

സ്മാര്‍ട്ട്‌സിറ്റി; രൂപരേഖ തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തു

Published : 30th November 2016 | Posted By: SMR

തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുന്നതിനുള്ള കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തു. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ (കര്‍ണ്ണാടക) ലിമിറ്റഡിനെ ആണ് തിരഞ്ഞെടുത്തത്. ചീഫ് സെക്രട്ടറിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്റ്റേറ്റ് ലെവല്‍ ഹൈപവ്വര്‍ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ടെന്‍ഡര്‍ സമര്‍പ്പിച്ച എട്ട് കമ്പനികളില്‍ ആറു കമ്പനികളാണ് ടെക്‌നിക്കല്‍ ബിഡ് സംബന്ധിച്ച അവതരണത്തിന് ഹാജരായത്. ഈ കമ്പനികളില്‍ സാങ്കേതികമായി നിശ്ചിത നിലവാരം പുലര്‍ത്തിയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ കര്‍ണ്ണാടക ലിമിറ്റഡ്, ക്രിസില്‍ റിസ്‌ക് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊലൂഷന്‍സ് (മുംബൈ), ഐസിആര്‍ഐ മാനേജ്‌മെന്റ് കണ്‍സല്‍ട്ടേഷന്‍സ് ലിമിറ്റഡ് (ചെന്നൈ) എന്നീ കമ്പനികള്‍ 70 മാര്‍ക്കിലേറെ നേടി ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചു.  24,67,670 രൂപയാണ് കണ്‍സല്‍ട്ടേഷന്‍ ചാര്‍ജ്ജിനത്തില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് കര്‍ണ്ണാടക ക്വാട്ട് ചെയ്തത്. ക്രിസില്‍ റിസ്‌ക് & ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊലൂഷന്‍സ് (മുംബൈ) 44.85  ലക്ഷം രൂപയും, ഐസിആര്‍ഐ മാനേജ്‌മെന്റ് കണ്‍സല്‍ട്ടേഷന്‍സ് ലിമിറ്റഡ് (ചെന്നൈ) 51.175  ലക്ഷം രൂപയും ക്വാട്ട് ചെയ്തു. തുടര്‍നടപടികള്‍ക്കായി ഡിസംബര്‍ രണ്ടിന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ നഗരസഭയില്‍ എത്തിച്ചേരും.നവംബര്‍ 21, 23 തിയ്യതികളില്‍ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പു നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. പദ്ധതിക്കു വേണ്ടിയുള്ള രൂപരേഖ മാര്‍ച്ച് 25ന് മുമ്പ് സമര്‍പ്പിക്കാനാണു കേന്ദ്രം കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിസംബര്‍ അഞ്ചിനു മുമ്പു രൂപരേഖ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. ഇതനുസരിച്ച് ആദ്യം താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറു കമ്പനികള്‍ പങ്കെടുത്തു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കു വേണ്ടി സ്മാര്‍ട്ട്‌സിറ്റി രൂപരേഖ തയ്യാറാക്കാന്‍ 11 കമ്പനികളെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയത്. എന്നാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കമ്പനികളും ആദ്യ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുവെന്നു കണ്ടെത്തി. മറ്റു കമ്പനികള്‍ ഇതിനെ ചോദ്യംചെയ്താല്‍ പദ്ധതി അനിശ്ചിതത്വത്തിലാവുമെന്നു ബോധ്യമായപ്പോഴാണു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. കേന്ദ്രം നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട 11 എണ്ണത്തിനു പുറമെ രാജ്യത്തൊട്ടാകെയുള്ള 48 കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കും കോര്‍പറേഷന്‍ അറിയിപ്പു നല്‍കുകയായിരുന്നു. കേന്ദ്രം നിര്‍ദേശിച്ച 11 ഏജന്‍സികള്‍ക്ക് പുറമെ സ്‌റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂനിറ്റ് സ്വന്തം താല്‍പര്യപ്രകാരം നിര്‍ദേശിച്ച നാല് ഏജന്‍സികളെ കൂടി ഉള്‍പ്പെടുത്തിയാണു കഴിഞ്ഞ തവണ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാമതു പട്ടികയില്‍ ഇടംപിടിച്ച ഒരു ഏജന്‍സി പ്രവര്‍ത്തനമികവിനു മറ്റുള്ളവയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടിയതു സംശയത്തിനിടയാക്കി. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണ് ഈ പോരായ്മ കണ്ടെത്തി കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പിനായി വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്. അത് അടിസ്ഥാനമാക്കിയുള്ള കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പാണു ഇന്നലെ നടന്നത്. മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്ട്‌സിറ്റി പദവി ലഭിച്ചാല്‍ തലസ്ഥാനത്തിനു ലഭിക്കുക. കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുത്തതോടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക