|    Sep 27 Wed, 2017 1:35 am

സ്മാര്‍ട്ട്‌സിറ്റി; രൂപരേഖ തയ്യാറാക്കാന്‍ എട്ടു കണ്‍സള്‍ട്ടന്‍സികള്‍ രംഗത്ത്

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: കോര്‍പറേഷന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കു വേണ്ടിയുള്ള രൂപരേഖ തയ്യാറാക്കാന്‍ എട്ടു കണ്‍സള്‍ട്ടന്‍സികള്‍ രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ ചുരുക്കപ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള 48 ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ അറിയിപ്പു നല്‍കിയിരുന്നെങ്കിലും, ഇന്നലെ സമയപരിധി അവസാനിച്ചപ്പോള്‍ എട്ടു പേര്‍ മാത്രമാണ് പ്രതികരണം അറിയിച്ചത്. ഇതില്‍ നിന്നു തലസ്ഥാനത്തിനു വേണ്ടി സ്മാര്‍ട്ട്‌സിറ്റി രൂപരേഖ തയ്യാറാക്കാനുള്ള കണ്‍സള്‍ട്ടന്‍സിയെ 23നു തിരഞ്ഞെടുക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതിയാണു തിരഞ്ഞെടുപ്പു നടത്തുക. ഇതിനു മുന്നോടിയായി കോര്‍പറേഷന്‍ തല സാങ്കേതികസമിതി 21നു യോഗം ചേരും. പദ്ധതിക്കു വേണ്ടിയുള്ള രൂപരേഖ മാര്‍ച്ചിന് മുമ്പ് സമര്‍പ്പിക്കാനാണു കേന്ദ്രം കോര്‍പറേഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1,000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്ട്‌സിറ്റി പദവി ലഭിച്ചാല്‍ തലസ്ഥാനത്തിനു ലഭിക്കുക. ഇതിനായി കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രൂപരേഖ തയ്യാറാക്കി നല്‍കണം. പ്രവര്‍ത്തന മികവ്, ചെലവ് എന്നിവ കണക്കാക്കിയാണു കണ്‍സള്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നത്. അടുത്തമാസം അഞ്ചിനു മുമ്പ് രൂപരേഖ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആദ്യ നിര്‍ദേശം. ഇതനുസരിച്ച് ആദ്യം താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ ആറു കമ്പനികള്‍ പങ്കെടുത്തു. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ക്കു വേണ്ടി സ്മാര്‍ട്ട്‌സിറ്റി രൂപരേഖ തയ്യാറാക്കാന്‍ 11 കമ്പനികളെയാണു കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കമ്പനികളും ആദ്യ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുവെന്നു കണ്ടെത്തി. മറ്റു കമ്പനികള്‍ ഇതിനെ ചോദ്യംചെയ്താല്‍ പദ്ധതി അനിശ്ചിതത്വത്തിലാവുമെന്നു ബോധ്യമായപ്പോഴാണു വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചത്.ഇതിനിടെ രൂപരേഖ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം നീട്ടിനല്‍കുകയും ചെയ്തു. ഇക്കുറി കേന്ദ്രം നല്‍കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട 11 എണ്ണത്തിനു പുറമെ രാജ്യമൊട്ടാകെയുള്ള 48 കണ്‍സള്‍ട്ടന്‍സി ഏജന്‍സികള്‍ക്കും കോര്‍പറേഷന്‍ അറിയിപ്പു നല്‍കി. ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോഴാണ് എട്ടു പേര്‍ പ്രതികരണം അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക